ഒളിംപിക്സ് വനിതാ ഹോകി: ഇന്‍ഡ്യ വീറോടെ പോരാടി കീഴടങ്ങി; വെങ്കല മെഡല്‍ പോരാട്ടത്തില്‍ ബ്രിടനോട് തോല്‍വി
Aug 6, 2021, 10:29 IST
ടോക്യോ: (www.kvartha.com 06.08.2021) ഒളിംപിക്സ് വനിതാ ഹോകിയില്‍ ഇന്‍ഡ്യക്ക് മെഡല്‍ കൈയ്യകലെ നഷ്ടം. വെങ്കലപ്പോരാട്ടത്തില്‍ വിസ്മയ തിരിച്ചുവരവിനൊടുവില്‍ ബ്രിടനോട് 3-4ന് ഇന്‍ഡ്യ തോല്‍വി വഴങ്ങി. പേരും പെരുമയുമായെത്തിയ ബ്രിടനെ തെല്ലും കൂസാതെയാണ് മത്സരത്തിലുടനീളം ഇന്‍ഡ്യന്‍ ടീം കളിച്ചത്. കളിയില്‍ രണ്ട് ഗോളിന് ബ്രിടന്‍ മുന്നിലെത്തിയെങ്കിലും മൂന്ന് ഗോള്‍ തിരിച്ചടിച്ച് ലീഡെടുത്തതിന് ശേഷമാണ് ഇന്‍ഡ്യ പരാജയം സമ്മതിച്ചത്.
രണ്ടാം ക്വാര്‍ടറിന്റെ തുടക്കത്തില്‍ തന്നെ ഗോള്‍ നേടി ബ്രിടന്‍ മുന്നിലെത്തി. സിയാന്‍ റായ്‌റെയാണ് ബ്രിടനായി ഗോള്‍ നേടിയത്. 16ാം മിനിറ്റിലായിരുന്നു ഗോള്‍. രണ്ടാം ക്വാര്‍ടറില്‍ തന്നെ രണ്ടാമത്തെ ഗോളും സ്‌കോര്‍ ചെയ്ത് ബ്രിടന്‍ ലീഡുയര്‍ത്തിയതോടെ ഇന്‍ഡ്യന്‍ വനിതകള്‍ സമ്മര്‍ദത്തിലായി. 24-ാം മിനിറ്റില്‍ സായ് റോബ്ട്‌സിലൂടെയായിരുന്നു ബ്രിടന്റെ രണ്ടാം ഗോള്‍. സമ്മര്‍ദത്തിന് വഴങ്ങാതെ ഗുര്‍ജിത് കൗറിലൂടെ ഇന്‍ഡ്യ ഒരു ഗോള്‍ തിരിച്ചടിച്ചു. പെനാല്‍റ്റി കോര്‍ണറിലൂടെയായിരുന്നു ഗുര്‍ജീത് കൗറിന്റെ ഗോള്‍.
രണ്ടാം ക്വാര്‍ടറില്‍ തന്നെ ഇന്‍ഡ്യ ബ്രിടനുമായി സമനില പിടിച്ചു. ഗുര്‍ജിത് കൗര്‍ തന്നെയായിരുന്നു രണ്ടാം ഗോളും നേടിയത്. പിന്നീട് വന്ദന കടാരിയയിലൂടെ മൂന്നാം ഗോളും നേടി ബ്രിടനെതിരെ ഇന്‍ഡ്യ ലീഡടെുത്തു. എന്നാല്‍, നാലാം ക്വാര്‍ടറിന്റെ തുടക്കത്തില്‍ തന്നെ ഗോള്‍ നേടി ബ്രിടന്‍ നിര്‍ണായകമായ ലീഡും മത്സരവും തിരിച്ചു പിടിച്ചു. പിയേന വെബാണ് ബ്രിടനായി നിര്‍ണായക ഗോള്‍ സ്വന്തമാക്കിയത്.
മുന്‍ ചാമ്പ്യന്‍മാരായ ബ്രിടന്‍ അനായാസമായി ഇന്‍ഡ്യയെ കീഴടക്കാമെന്ന് മനസിലുറപ്പിച്ച് തന്നെയാണ് വെങ്കല്‍ മെഡല്‍ പോരാട്ടത്തിനായി എത്തിയത്. എന്നാല്‍, 130 കോടി ജനങ്ങളുടെ പ്രതീക്ഷയുമായി കളത്തിലിറങ്ങിയ ഇന്‍ഡ്യക്ക് അത്ര പെട്ടെന്ന് ബ്രിടന് മുന്നില്‍ അടിയറവ് പറയാന്‍ സാധിക്കുമായിരുന്നില്ല. ആസ്‌ട്രേലിയ അടക്കമുള്ള വമ്പന്‍മാരെ മുട്ടുകുത്തിച്ചെത്തിയ ഇന്‍ഡ്യ ആ പെരുമക്കൊത്ത പ്രകടനം ബ്രിടനെതിരെയും പുറത്തെടുത്തു. അവസാന മത്സരഫലത്തില്‍ ഇന്‍ഡ്യ പിന്നിലായെങ്കിലും വനിത ഹോകിയിലെ പുതുയുഗപ്പിറവിക്ക് തുടക്കമിട്ട് അവര്‍ ടോക്യോയില്‍ നിന്നും മടങ്ങുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.