ടോകിയോ: (www.kvartha.com 02.08.2021) ചരിത്രമെഴുതി ഇന്‍ഡ്യന്‍ വനിത ഹോകി ടീം സെമി ഫൈനലില്‍. ഓസ്ട്രേലിയയ്ക്കെതിരെ ഒരു ഗോളിനാണ് ഇന്‍ഡ്യന്‍ വനിത ഹോകി ടീം സെമിയില്‍ എത്തിയത്. ഓയ് ഹോകി മൈതാനത്തെ ആവേശത്തേരിലാക്കി ഗുര്‍ജിത് കൗര്‍ നേടിയ ഏക ഗോളിനാണ് ലോക രണ്ടാം നമ്പറുകാരായ കംഗാരുക്കളെ ഇന്‍ഡ്യന്‍ വനിതകള്‍ വീഴ്ത്തിയത്. ഇതോടെ, ടീം മെഡലിനരികെയെത്തി. സെമിയില്‍ കരുത്തരായ അര്‍ജന്റീനയാണ് എതിരാളികള്‍.
പൂള്‍ എയില്‍ നാലാമതെത്തി നോകൗട് യോഗ്യത ഉറപ്പാക്കിയ ഇന്‍ഡ്യ പൂള്‍ ബി ചാമ്പ്യന്മാര്‍ക്കെതിരെ മികച്ച കളിയാണ് കെട്ടഴിച്ചത്. തുടക്കംമുതല്‍ ആക്രമണത്തിലൂന്നിയ കളിയുമായി മൈതാനം നിറഞ്ഞ നീലക്കുപ്പായക്കാര്‍ 59 ശതമാനം പന്തടക്കവുമായി വിജയം ഉറപ്പിക്കുകയായിരുന്നു. 22-ാം മിനിറ്റിലാണ് പെനാല്‍റ്റി ഗോളാക്കി ഗുര്‍ജിത് കൗര്‍ ഇന്‍ഡ്യയ്ക്കായി ഗോള്‍ നേടിയത്.
തിരിച്ചടിക്കാന്‍ പറന്നുനടന്ന എതിരാളികളെ വട്ടമിട്ടുപിടിച്ച് സവിത പൂനിയയുടെ നേതൃത്വത്തില്‍ പ്രതിരോധക്കോട്ട കാത്ത പിന്‍നിരക്കാര്‍ കൂടി മികവു തെളിയിച്ചതാണ് ഇന്‍ഡ്യക്ക് കരുത്തായത്. ഏഴു പെനാല്‍റ്റി വഴങ്ങിയിട്ടും ഒന്നുപോലും ഗോളാക്കി മാറ്റാന്‍ ആസ്‌ട്രേലിയക്കായില്ല.
ജര്‍മനിയെ ഏകപക്ഷീയമായ മൂന്നു ഗോളിന് വീഴ്ത്തിയാണ് അര്‍ജന്റീന ഇന്‍ഡ്യക്കെതിരെ സെമി കളിക്കാനൊരുങ്ങുന്നത്. ഇതോടെ, ഹോകി ചരിത്രത്തിലാദ്യമായി ഇന്‍ഡ്യന്‍ പുരുഷന്‍മാരും വനിതകളും ഒളിമ്പിക് സെമി കളിക്കുകയെന്ന അപൂര്‍വ നേട്ടവുമുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.