സ്വര്‍ണവുമില്ല, വെള്ളിയുമില്ല; തുടര്‍ച്ചയായ 2-ാം ഒളിംപിക്‌സിലും വനിതാ ബാഡ്മിന്റന്‍ ഫൈനല്‍ ലക്ഷ്യമിട്ടെത്തിയ പി വി സിന്ധുവിന് സെമിയില്‍ തോല്‍വി
Jul 31, 2021, 17:20 IST
ടോക്യോ: (www.kvartha.com 31.07.2021) സ്വര്‍ണവുമില്ല, വെള്ളിയുമില്ല, തുടര്‍ച്ചയായ രണ്ടാം ഒളിംപിക്‌സിലും വനിതാ ബാഡ്മിന്റന്‍ ഫൈനല്‍ ലക്ഷ്യമിട്ടെത്തിയ പി വി സിന്ധുവിന് സെമിയില്‍ തോല്‍വി. തികച്ചും ഏകപക്ഷീയമായി മാറിയ മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ താരം ചൈനീസ് തായ്‌പേയിയുടെ തായ് സു യിങ്ങിനോടാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് സിന്ധു തോല്‍വി ഉറപ്പിച്ചത്.
ആദ്യ സെറ്റില്‍ പൊരുതി നോക്കിയ സിന്ധുവിനെ കാഴ്ചക്കാരിയാക്കിയാണ് രണ്ടാം സെറ്റിലെ തകര്‍പന്‍ പ്രകടനത്തിലൂടെ തായ് സു യിങ് സെറ്റും മത്സരവും സ്വന്തമാക്കിയത്. സ്‌കോര്‍: 21-18, 21-13. റിയോ ഒളിംപിക്‌സില്‍ സിന്ധുവിനോടേറ്റ തോല്‍വിക്ക് പകരം വീട്ടിയാണ് ടോക്യോയില്‍ തായ് സു യിങ്ങിന്റെ വിജയം.
റിയോ ഒളിംപിക്‌സിനു പുറമെ 2019 ലോക ചാംപ്യന്‍ഷിപിലും 2018ലെ വേള്‍ഡ് ടൂര്‍ ഫൈനല്‍സിലും സിന്ധുവിനായിരുന്നു ജയം. എന്നാല്‍, ഇരുവരും ഏറ്റുമുട്ടിയ ഏറ്റവുമൊടുവിലത്തെ മൂന്നു മത്സരങ്ങളിലും ജയം തായ് സുവിനൊപ്പമായിരുന്നു.
ഫൈനലില്‍ ചൈനയുടെ ചെന്‍ യു ഫെയിയാണ് തായ് സു യിങ്ങിന്റെ എതിരാളി. ചൈനീസ് താരങ്ങള്‍ തമ്മിലുള്ള ആദ്യ സെമിയില്‍ ഹി ബിങ് ജിയാവോയെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് ചെന്‍ യു ഫെയി വീഴ്ത്തിയത്. സ്‌കോര്‍: 21-16, 13-21, 21-12.
വെങ്കല മെഡലിനായുള്ള മത്സരത്തില്‍ സിന്ധുവും ആദ്യ സെമിയില്‍ തോറ്റ ഹി ബിങ് ജിയാവോയും തമ്മില്‍ ഏറ്റുമുട്ടും. നേരത്തെ, ആതിഥേയരുടെ ലോക അഞ്ചാം നമ്പര്‍ താരം അകാനെ യമഗുച്ചിയെ ഉജ്വല പോരാട്ടത്തിലൂടെ ക്വാര്‍ടെറില്‍ കീഴടക്കിയാണു നിലവിലെ ലോക ചാംപ്യനായ ഹൈദരാബാദുകാരി സെമിയിലെത്തിയത്.
Keywords: Tokyo Olympics, Badminton Semifinals, PV Sindhu vs Tai Tzu Ying Highlights: PV Sindhu Loses To Tai Tzu In Semis, To Vie For Bronze, Tokyo, Tokyo-Olympics-2021, Japan, Sports, Badminton, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.