'ക്രികറ്റ് നിര്‍ത്തി പിതാവിനൊപ്പം ഓടോ റിക്ഷ ഓടിക്കാന്‍ പോകാന്‍ പറഞ്ഞു'; ആരാധകരില്‍ ചിലര്‍ ആവശ്യപ്പെട്ട കാര്യം വെളിപ്പെടുത്തി ഇന്‍ഡ്യയുടെ യുവ പേസ് ബോളര്‍ മുഹമ്മദ് സിറാജ്
Feb 9, 2022, 09:00 IST
അഹമ്മദാബാദ്: (www.kvartha.com 09.02.2022) ഏറെ പഴി കേട്ടിട്ടുള്ള ഇന്‍ഡ്യയുടെ യുവ പേസ് ബോളറാണ് മുഹമ്മദ് സിറാജ്. എന്നാല്‍ 2020-21ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയശേഷം സിറാജ് വ്യത്യസ്തനായ ബോളറായി മാറി. ഐപിഎല്ലിലും റണ്‍സ് വഴങ്ങുന്നതില്‍ പിശുക്ക് കാട്ടുന്ന സിറാജ് ഇന്‍ഡ്യയുടെയും ബെംഗ്‌ളൂറിന്റെയും വിശ്വസ്ത ബോളര്‍മാരിലൊരാളാണിന്ന്.
എന്നാല്‍ 2019 ലെ ഐപിഎലിലെ പ്രകടനം തീര്‍ത്തും മോശമായതോടെ 'ക്രികറ്റ് നിര്‍ത്തി പിതാവിനൊപ്പം ഓടോ റിക്ഷ ഓടിക്കാന്‍ പോകാന്‍' ആരാധകരില്‍ ചിലര്‍ ആവശ്യപ്പെട്ട കാര്യം വെളിപ്പെടുത്തുകയാണ് താരം.
കൊല്‍കത്തയ്‌ക്കെതിരായ ഒരു മത്സരത്തില്‍ ബോളിങ് തീര്‍ത്തും ദയനീയമായതോടെയാണ് ആരാധകര്‍ എതിരായതെന്ന് സിറാജ് തുറന്നുപറയുന്നു. ആ സീസണില്‍ ഒന്‍പത് മത്സരങ്ങളില്‍നിന്ന് സിറാജ് വീഴ്ത്തിയത് ആകെ ഏഴു വികറ്റുകളാണ്. ഓവറില്‍ ശരാശരി വഴങ്ങിയത് 10 ന് അടുത്ത് റണ്‍സും.
സിറാജ് ഉള്‍പെടെയുള്ള താരങ്ങളുടെ പ്രകടനം മോശമായതോടെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗ്‌ളൂറു ആ സീസണില്‍ ഏറ്റവും ഒടുവിലാണ് ഫിനിഷ് ചെയ്തത്. ഇതിനിടെ തുടര്‍ച്ചയായി ആറ് മത്സരങ്ങള്‍ തോല്‍ക്കുകയും ചെയ്തു.
2019 സീസണില്‍ കൊല്‍കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ആ മത്സരത്തില്‍ സിറാജ് 2.2 ഓവറില്‍ 36 റണ്‍സ് വഴങ്ങിയിരുന്നു. അഞ്ച് സിക്‌സറുകള്‍ ഉള്‍പെടെയായിരുന്നു ഇത്. ഇതിനിടെ അപകടകരമായി രണ്ട് ബീമറുകള്‍ എറിഞ്ഞതോടെ ക്യാപ്റ്റന്‍ വിരാട് കോലി സിറാജിനെ ബോളിങ്ങിനിടെ പിന്‍വലിക്കുകയും ചെയ്തു. അന്നാണ് ആരാധകരില്‍ ചിലര്‍ പിതാവിനൊപ്പം ഓടോ റിക്ഷ ഓടിക്കാന്‍ പോകാന്‍ സിറാജിനെ 'ഉപദേശിച്ചത്'.
'അന്ന് കൊല്‍കത്തയ്‌ക്കെതിരായ മത്സരത്തില്‍ ഞാന്‍ രണ്ട് ബീമറുകള്‍ എറിഞ്ഞിരുന്നു. ഇതോടെ ആളുകള്‍ എനിക്കെതിരായി. ക്രികറ്റ് നിര്‍ത്തി തിരിച്ചുപോയി പിതാവിനൊപ്പം ഓടോ റിക്ഷ ഓടിക്കാന്‍ അവര്‍ എന്നോട് ആവശ്യപ്പെട്ടു' സിറാജ് വെളിപ്പെടുത്തി.
'ഇത്തരം ഒട്ടേറെ പരാമര്‍ശങ്ങള്‍ അന്ന് ഉണ്ടായി. ക്രികറ്റ് താരങ്ങളുടെ പ്രകടനങ്ങള്‍ക്കു പിന്നിലെ കഷ്ടപ്പാടും ബുദ്ധിമുട്ടും ഒരുകാലത്തും ആരും കാണാറില്ല. പക്ഷേ, ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ധോണി ഭായ് നല്‍കിയൊരു ഉപദേശം എനിക്ക് വളരെയധികം സഹായകമായി. ആളുകള്‍ പറയുന്ന എല്ലാ അഭിപ്രായങ്ങളും ഗൗനിക്കേണ്ടതില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം' സിറാജ് പറഞ്ഞു.
'ഇന്ന് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമ്പോള്‍ ആളുകള്‍ നിങ്ങളെ പുകഴ്ത്തും. പ്രകടനം മോശമാകുമ്പോള്‍ അതേ ആളുകള്‍ ചീത്ത വിളിക്കും. അതുകൊണ്ട് ആളുകള്‍ പറയുന്നത് ഗൗരവത്തിലെടുക്കരുതെന്ന് അന്ന് ധോണി ഭായ് പറഞ്ഞു. അത് സത്യമാണെന്ന് എനിക്ക് അനുഭവത്തില്‍നിന്ന് മനസിലായിട്ടുണ്ട്. പണ്ട് എന്നെ ചീത്തവിളിച്ചവരും ട്രോളിയവരും പിന്നീട് 'നിങ്ങളാണ് ഏറ്റവും മികച്ച ബോളറെ'ന്ന് എന്നെ പുകഴ്ത്തുന്നത് കേട്ടിട്ടുണ്ട്. അതുകൊണ്ട് എല്ലാവരെയും എനിക്ക് മനസിലാകും. ആരുടെയും ഉപദേശം എനിക്ക് വേണ്ട. അന്നത്തെ അതേ സിറാജ് തന്നെയാണ് ഇപ്പോഴും ഞാന്‍' സിറാജ് വ്യക്തമാക്കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.