World Cup Twist | ജര്‍മ്മനിയെ കണ്ണീരണിയിച്ച് ഒരു ജപ്പാന്‍ വിജയഗാഥ
- മുജീബുല്ല കെ വി
(www.kvartha.com) ഖത്തര്‍ ലോകക്കപ്പില്‍ അട്ടിമറികള്‍ അവസാനിക്കുന്നില്ല! അര്‍ജന്റീനയെ തകര്‍ത്ത് സൗദി തുടങ്ങിവച്ച അട്ടിമറി തുടര്‍ന്ന് ജപ്പാന്‍ ആദ്യം ജര്‍മ്മനിയെയും ഇപ്പോഴിതാ സ്‌പെയിനിനെയും! ഇന്നലെ ഫ്രാന്‍സിനെ ട്യുണീഷ്യയും തകര്‍ത്തിരുന്നു.
തങ്ങളുടെ ആദ്യമത്സരത്തില്‍ കോസ്റ്ററിക്കയെ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്ക് തകര്‍ത്തെത്തിയ സ്പെയ്നിനെ ഖത്തര്‍ ലോകക്കപ്പിലെ മറ്റൊരു വമ്പന്‍ അട്ടിമറിയില്‍ തോല്പിക്കുകയായിരുന്നു ജപ്പാന്‍. പ്രീ ക്വാര്‍ട്ടറില്‍. ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ജപ്പാന്‍ മുന്‍ ലോക ചമ്പ്യാന്മാരെ തകര്‍ത്തത്. ഇതോടെ ജപ്പാന്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി. നേരത്തെ ഇതേ മാര്‍ജിനില്‍ ജപ്പാന്‍ ജര്‍മ്മനിയേയും തോല്പിച്ചിരുന്നുതോറ്റെങ്കിലും ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി സ്‌പെയിനും പ്രീ ക്വാര്‍ട്ടറില്‍ കടന്നു. പ്രീ ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയാണ് ജപ്പാന്റെ എതിരാളികള്‍.
മറ്റൊരു മത്സരത്തില്‍ കോസ്റ്ററിക്കയെ 4 - 1 ന് തകര്‍ത്തെങ്കിലും ജര്‍മ്മനിയും ലോകക്കപ്പില്‍നിന്ന് പുറത്തായി. തുടര്‍ച്ചയായി രണ്ടാമത്തെ ലോകക്കപ്പിലാണ് ജര്‍മ്മനി നോക്കൗട്ടിലേക്ക് പ്രവേശിക്കാനാവാതെ പുറത്താകുന്നത്. 2018-ല്‍ റഷ്യന്‍ ലോകകപ്പിലും നിലവിലെ ചാമ്പ്യന്മാരായി വന്ന്, ജര്‍മ്മനി ആദ്യ റൗണ്ടില്‍ത്തന്നെ പുറത്തായിരുന്നു.
ജര്‍മ്മനിയും ജപ്പാനുമടങ്ങുന്ന ഗ്രൂപ്പ് 'ഇ''യിലെ അവസാന റൌണ്ട് മത്സരങ്ങള്‍ തുടങ്ങുമ്പോള്‍, ജപ്പാനെ തോല്പിച്ച് സ്പെയ്ന്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരാകുമെന്നും, കോസ്റ്ററിക്കയ്ക്കെതിരെ മികച്ച വിജയം നേടി ജര്‍മ്മനിയും രണ്ടാം റൗണ്ടില്‍ കടക്കുമെന്നുമായിരുന്നു പൊതുവെയുള്ള കണക്കു കൂട്ടല്‍. എന്നാല്‍ ജര്‍മ്മനിയെ അട്ടിമറിച്ചെത്തിയ ജപ്പാന് മറ്റു ചില കണക്കുകൂട്ടലുകള്‍ ഉണ്ടായിരുന്നു.
ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സ്‌പെയിനായിരുന്നു പ്രതീക്ഷിച്ചപോലെ മത്സരത്തില്‍ ആധിപത്യം. 80%ത്തിലേറെ സമയവും പന്ത് കൈവശം, ആയിരത്തിലേറെ പാസുകള്‍! ജപ്പാനെതിരെ സ്പെയിനിന്റെ കണക്കുകളാണ്. പക്ഷെ, എതിര്‍ പോസ്റ്റില്‍ വീഴുന്ന ഗോളുകളുടെ എണ്ണം മാത്രമാണല്ലോ മത്സര വിജയത്തിന്റെ ആകത്തുക!
കളിയുടെ 11-ാം മിനിറ്റില്‍തന്നെ അല്‍വാരോ മൊറാട്ട എണ്ണംപറഞ്ഞൊരു ഗോളിലൂടെ സ്പെയിനിനായി ആദ്യം സ്‌കോര്‍ ചെയ്തു. മത്സരം ഹാഫ് ടൈമിന് പിരിയുമ്പോള്‍ സ്പെയിന്‍ ഏക ഗോളിന് മുന്നിലായിരുന്നു.
എന്നാല്‍ ഹാഫ്ടൈമിന് ശേഷം സ്‌പെയിനുനേരെ മുന്നേറുന്ന ജപ്പാനെയാണ് കണ്ടത്. അടുത്തടുത്ത ഇടവേളകളില്‍ ജപ്പാന്‍ തുടര്‍ച്ചയായി രണ്ടു ഗോളുകള്‍ സ്‌കോര്‍ ചെയ്തു. നാല്‍പത്തിയെട്ടാം മിനിറ്റില്‍ റിറ്റ്‌സു ഡാവോനാണ് ജപ്പാന്റെ സമനില ഗോള്‍ നേടിയത്. വെറും മൂന്നുമിനിറ്റിന്റെ ഇടവേളയില്‍ ജപ്പാന്‍ ഒരിക്കല്‍ കൂടി സ്പെയിന്‍ ഗോളി ഉനൈ സൈമണെ കീഴടക്കി. ആവോ താനാക്കയുടെ ഗോളില്‍. എന്നാല്‍ താനാക്കയ്ക്ക് ലഭിച്ച പാസ് ഗോള്‍ ലൈന്‍ കടന്നിരുന്നു എന്ന് ലൈന്‍ റഫറി വിധിച്ചു. ഏറെ നേരത്തെ വാര്‍ പരിശോധനകള്‍ക്ക് ശേഷമാണ് റഫറി ഈ ഗോള്‍ അനുവദിച്ചത്.
തുടര്‍ന്ന് നാല്‍പ്പതിലേറെ മിനിറ്റുകള്‍ ഗോള്‍ തിരിച്ചടിക്കാന്‍ സ്പെയിന്‍ കഠിന ശ്രമം നടത്തിയെങ്കിലും ശക്തമായ ചെറുത്തുനില്‍പ്പിലൂടെ ജപ്പാന്‍ അതെല്ലാം തോല്‍പ്പിച്ചു. അതിശക്തമായ മാന്‍ റ്റു മാന്‍ മാര്‍ക്കിങ്ങിലൂടെ, സ്വതന്ത്രമായി തങ്ങളുടെ ബോക്‌സിനകത്ത് പ്രവേശിക്കാന്‍ വിടാതെയാണ് ജപ്പാന്‍ സ്‌പെയിനിനെ പൂട്ടിക്കളഞ്ഞത്.
ജപ്പാന്റെ വിജയം കണ്ണീരണിയിച്ചത് ജര്‍മ്മനിയെയാണ്. അല്‍ബൈത്ത് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ തുടക്കത്തില്‍ത്തന്നെ ജര്‍മ്മനി കോസ്റ്റാറിക്കയ്ക്കെതിരെ ഗോള്‍ നേടിയിരുന്നു. ഡേവിഡ് റൗമിന്റെ പാസില്‍ മനോഹരമായൊരു ഹെഡറിലൂടെ സെര്‍ജി നബ്രിയാണ് ഗോളി കെയ്ലോര്‍ നവാസിന് യാതൊരു അവസരവും നല്‍കാതെ കോസ്റ്ററിക്കയുടെ വല കുലുക്കിയത്. ക്വാര്‍ട്ടര്‍ പ്രവേശനത്തിന് മികച്ച വിജയം വേണ്ടിവരുമെന്ന തിരിച്ചറിവില്‍ ആക്രമണങ്ങളുടെ പരമ്പര തന്നെ കോസ്റ്ററിക്കയുടെ ഗോള്‍മുഖത്ത് ജര്‍മ്മന്‍ ഫോര്‍വേഡുകള്‍ നടത്തിയെങ്കിലും ആദ്യ പകുതിയില്‍ കൂടുതല്‍ ഗോളുകളൊന്നുമുണ്ടായില്ല.
രണ്ടാം പകുതിയില്‍ കോസ്റ്ററിക്കയ കുറേക്കൂടി പോസിറ്റീവായി കളിച്ചതോടെ അവരുടെ ഭാഗത്തുനിന്നും ആക്രമണ നീക്കങ്ങളുണ്ടായി. തുടര്‍ച്ചയായ രണ്ടു ഗോളുകളിലൂടെ കോസ്റ്ററിക്ക ലീഡ് നേടുന്നതാണ് കണ്ടത്. 58ആം മിനിറ്റില്‍ കോസ്റ്ററീക്കയുടെ വാസ്റ്റന്റെ ഹെഡ്ഡര്‍ ജര്‍മന്‍ ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യൂയര്‍ക്ക് പിടിക്കാനായില്ല. റീബൗണ്ട് വന്ന പന്ത് യെല്‍സിന്‍ തെജേഡ ജര്‍മ്മന്‍ വലയിലാക്കി. 1 - 1. ഏതാനും മിനിട്ടുകള്‍ക്ക് ശേഷം ജര്‍മ്മന്‍ പോസ്റ്റിലെ ഒരു കൂട്ടപ്പൊരിച്ചിലില്‍ പന്ത് വീണ്ടും ജര്‍മ്മന്‍ വലയിലായതോടെ കോസ്റ്ററിക്ക ലീഡ് നേടി! സ്‌കോര്‍ 2 - 1.
ജര്‍മ്മനിയും സ്‌പെയിനും ഒന്നിച്ച് ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുമോ എന്ന് ആശങ്കപ്പെട്ട നിമിഷങ്ങള്‍. എന്നാല്‍ 12 മിനിറ്റിന്റെ ഇടവേളയില്‍ പകരക്കാരന്‍ ഹവേര്‍ഡ്സ് രണ്ടു ഗോളുകള്‍ നേടിയതോടെ ജര്‍മ്മനി വീണ്ടും ലീഡിലായി. 89 ആം മിനിറ്റില്‍ നിക്കോളാസ് ഫുള്‍ക്രഗ് പട്ടിക തികച്ചു. ജര്‍മ്മനിക്ക് 4 - 2 ഗോളിന്റെ ജയം. സ്‌പെയിനുമായി പോയിന്റ് നിലയില്‍ തുല്യമായെങ്കിലും മികച്ച ഗോള്‍ ആവറേജില്‍ സ്പെയിന്‍ മുന്നേറി. നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും അതൊന്നും ഗോളാക്കി മാറ്റാനാവാത്തതാണ് ജര്‍മ്മനിക്ക് വിനയായത്. ആദ്യ കളിയില്‍ ലീഡ് നേടിയ ശേഷം ജപ്പാനോടേറ്റ തോല്‍വിയും അവരുടെ വിധിയെഴുതി.
നാലുവട്ടം ലോക ചാമ്പ്യന്മാര്‍ തുടര്‍ച്ചയായി രണ്ടാം തവണയും രണ്ടാം റൌണ്ട് കാണാനാവാതെ പുറത്ത്.
Keywords: Article, Sports, World, World Cup, FIFA-World-Cup-2022, World Cup: Japan Knocks Out Germany.