യുവരാജ് സിങ് ക്രികെറ്റിലേക്ക് തിരിച്ചെത്തുന്നു; അടുത്ത ഫെബ്രുവരിയിൽ കളത്തില്‍ കാണാമെന്ന് താരം

 


ന്യൂഡെൽഹി: (www.kvartha.com 02.10.2021) 2022 ഫെബ്രുവരിയിൽ ക്രികെറ്റിലേക്ക്​​ തിരിച്ചെത്തുമെന്ന സൂചന നൽകി മുൻ ഇൻഡ്യൻ ക്രികെറ്റ്​ താരം യുവരാജ്​ സിങ്​. 2019-ല്‍ രാജ്യാന്തര ക്രികെറ്റില്‍ നിന്ന് വിരമിച്ച താരം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ വീണ്ടും കളത്തിലിറങ്ങാനാണ് സാധ്യത. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് 39-കാരനായ താരം ഇക്കാര്യം സൂചിപ്പിച്ചത്. കളത്തിലേക്കു തിരിച്ചെത്തുമെങ്കിലും യുവരാജിനെ വീണ്ടും ഇൻഡ്യൻ ജഴ്സിയിലോ ട്വന്റി20 ലീഗുകളിലോ കാണാനാകുമോയെന്ന് വ്യക്തമല്ല. താരം സജീവ ക്രികെറ്റിലേക്ക് തിരിച്ചെത്തുന്നുവെന്ന വാർത്തകളെ ആകാംക്ഷയോടെയാണ് ആരാധകർ കാണുന്നത്.

യുവരാജ് സിങ് ക്രികെറ്റിലേക്ക് തിരിച്ചെത്തുന്നു; അടുത്ത ഫെബ്രുവരിയിൽ കളത്തില്‍ കാണാമെന്ന് താരം

'ദൈവമാണ് നിങ്ങളുടെ വിധി തീരുമാനിക്കുന്നത്. പൊതുജനങ്ങളുടെ ആവശ്യപ്രകാരം ഞാൻ ഫെബ്രുവരിയിൽ കളിക്കളത്തിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതൊരു വല്ലാത്ത അനുഭവമാണ്​. നിങ്ങളുടെ സ്നേഹത്തിനും ആശംസകൾക്കും നന്ദി. എന്നെ സംബന്ധിച്ച് അതെല്ലാം വളരെ പ്രധാനപ്പെട്ടതാണ്. നമ്മുടെ ടീമിനെ പിന്തുണക്കുന്നത് തുടരുക. ഒരു യഥാർത്ഥ ആരാധകൻ പ്രതിസന്ധി ഘട്ടങ്ങളിൽ അവരുടെ പിന്തുണ ഉറപ്പാക്കും'- യുവരാജ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയ്ക്കൊപ്പം കുറിച്ചു.

ഇൻഡ്യന്‍ ക്രികെറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് യുവരാജ് സിങ്.
2000ൽ നെയ്‌റോബിയിൽ നടന്ന ഐ സി സി നോകൗട് ട്രോഫിയിൽ അരങ്ങേറ്റം കുറിച്ച യുവരാജ്​ 17 വർഷത്തോളം ഇൻഡ്യക്കായി കളിച്ചു. 2007ല്‍ എം എസ് ധോനിയുടെ നേതൃത്വത്തില്‍ പ്രഥമ ടി20 ലോകകപില്‍ ഇൻഡ്യ കിരീടത്തില്‍ മുത്തമിടുമ്പോഴും, 2011 ലെ ഏകദിന ലോകകപ് നേടിയപ്പോഴും ടീമില്‍ നിര്‍ണായക സാന്നിധ്യമായി യുവരാജ് ഉണ്ടായിരുന്നു. ഈ രണ്ട് ടൂര്‍ണമെന്റുകളിലും ടീം ഇൻഡ്യയുടെ ഏറ്റവും മികച്ച താരവുമായിരുന്നു അദ്ദേഹം. ലോകകപിൽ മിന്നിത്തിളങ്ങിയതിനു തൊട്ടുപിന്നാലെയാണ് യുവരാജ് സിങ്ങിനെ അർബുദം ബാധിച്ചതായി കണ്ടെത്തിയത്. പിന്നീട് നീണ്ട ചികിത്സയ്ക്കുശേഷം താരം വീണ്ടും കളിക്കളത്തിൽ തിരിച്ചെത്തി.

2017 ജൂൺ 30ന് വെസ്റ്റ് ഇൻഡീസിനെതിരെ നോർത് സൗണ്ടിൽ നടന്ന ഏകദിനത്തിലാണ് അവസാനമായി രാജ്യത്തിന്​ വേണ്ടി കളിച്ചത്. അതിനുശേഷം യുവിക്ക് ഇൻഡ്യന്‍ ജേഴ്‌സിയണിയാനായിരുന്നില്ല. അതോടെ 2019ല്‍ അദ്ദേഹം ക്രികെറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. 40 ടെസ്റ്റുകളിലും 304 ഏകദിനങ്ങളിലും 58 ട്വന്‍റി20കളിലുമായി 17 സെഞ്ചുറികളും 71 അർധസെഞ്ചുറികളും സഹിതം 11,000 റൺസ് തികച്ചിട്ടുണ്ട്​ താരം. 39കാരനായ യുവരാജ്​ 148 വികെറ്റും വീഴ്ത്തി.

വിരമിക്കലിന് ശേഷം അബുദബി ടി10 ലീഗിലും, ഗ്ലോബല്‍ ടി20 കാനഡയിലും പങ്കെടുത്ത യുവി റോഡ് സേഫ്റ്റി സീരീസില്‍ ഇൻഡ്യ ലെജന്‍ഡ്‌സിനായും കളിച്ചിരുന്നു. വിരമിക്കലിന് ശേഷം വിദേശ ലീഗുകളില്‍ കളിച്ചതിനാല്‍ ഇനി അഭ്യന്തര ക്രികെറ്റിലും, ഐ പി എലിലും കളിക്കാന്‍ യുവിക്ക് അനുമതി ലഭിക്കാന്‍ സാധ്യതയില്ല. അതിനാല്‍ അടുത്ത വര്‍ഷത്തെ റോഡ് സേഫ്റ്റി സീരീസിലാവും താരം തിരിച്ചു വരവ് നടത്തുകയെന്നാണ് സൂചന.

Keywords:  New Delhi, India, National, Sports, Cricket, Instagram, Abu Dhabi, Yuvraj Singh returns to cricket.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia