Criticism | 'ദൈവങ്ങളെ രാഷ്ട്രീയത്തിൽ നിന്ന് മാറ്റിനിർത്തണം, രണ്ടും കൂട്ടിക്കലർത്തരുത്', തിരുപ്പതി ലഡു വിവാദത്തില്‍ ആന്ധ്ര മുഖ്യമന്ത്രിക്ക് വിമർശനവുമായി സുപ്രീം കോടതി
● മായം കലർന്ന നെയ്യ് ഉപയോഗിച്ചുവെന്ന് പറയാൻ തെളിവെവിടെയെന്ന് വാദത്തിനിടെ കോടതി
● കേസിന്റെ അടുത്ത വാദം ഒക്ടോബർ മൂന്നിന് നടക്കും.
ന്യൂഡൽഹി: (KVARTHA) ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായി നൽകുന്ന ലഡുവിൽ 'മൃഗക്കൊഴുപ്പ്' ഉണ്ടെന്നാരോപിച്ച ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന് സുപ്രീം കോടതിയുടെ വിമർശനം. ആരോപണത്തിന് മതിയായ തെളിവുകളില്ലാതെ എന്തിനാണ് മാധ്യങ്ങളെ കണ്ടതെന്ന് സുപ്രീം കോടതി ആരാഞ്ഞു.
ദൈവത്തെ രാഷ്ട്രീയത്തിൽനിന്ന് മാറ്റിനിർത്തണമെന്നും മതവും രാഷ്ട്രീയവും കൂട്ടിക്കലർത്താൻ അനുവദിക്കില്ലെന്നും ജസ്റ്റിസ് ബി ആർ ഗവായ്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. അന്വേഷണം നടക്കുന്നുണ്ടെങ്കിൽ മാധ്യമങ്ങൾക്ക് മുന്നിൽ പോകേണ്ട ആവശ്യമെന്താണെന്നും കോടതി ചോദിച്ചു.
തിരുപ്പതി ലഡു വിവാദവുമായി ബന്ധപ്പെട്ട് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ലഡു ഉണ്ടാക്കാൻ ശുദ്ധമായ നെയ്യിന് പകരം മൃഗക്കൊഴുപ്പ് അടങ്ങിയ നെയ്യ് ഉപയോഗിച്ചിരുന്നുവെന്ന് ചന്ദ്രബാബു നായിഡു സെപ്റ്റംബർ 19ന് ആരോപിച്ചിരുന്നു.
ഉന്നത ഭരണതലത്തിലിരിക്കുന്നവർ ഇത്തരത്തിൽ പൊതുയിടത്തിൽ പരാമർശം നടത്തുന്നതിലൂടെ കോടിക്കണക്കിന് ജനങ്ങളുടെ മതവികാരത്തെയാണ് ബാധിക്കുന്നതെന്നും ബെഞ്ച് നിരീക്ഷിച്ചു. ലഡു ഉണ്ടാക്കാൻ ഈ നെയ്യ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ടെൻഡറുകൾ തെറ്റായി നൽകിയെന്ന് സർക്കാരിന് പറയാം, പക്ഷേ മായം കലർന്ന നെയ്യ് ഉപയോഗിച്ചുവെന്ന് പറയാൻ തെളിവെവിടെയെന്ന് വാദത്തിനിടെ കോടതി ചോദിച്ചു.
നെയ്യിൻ്റെ ഗുണനിലവാരം പരിശോധിച്ചുവരികയാണെന്ന് ആന്ധ്രാപ്രദേശ് സർക്കാർ കോടതിയെ അറിയിച്ചു. ആന്ധ്രാപ്രദേശ് സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി സുപ്രീം കോടതിയിൽ ഹാജരായി. കേസിന്റെ അടുത്ത വാദം ഒക്ടോബർ മൂന്നിന് ഉച്ചയ്ക്ക് നടക്കും.
#TirupatiLaddu #SupremeCourt #AndhraPradesh #ChandrababuNaidu #Controversy