Controversy | മന്ത്രിപ്പണിയോ, സിനിമയോ? സുരേഷ് ഗോപിയുടെ പ്രഖ്യാപനത്തിന് പിന്നിൽ 

 
sg
sg

Photo Credit : Facebook / Suressh Gopi

*'സിനിമയില്ലാതെ പറ്റില്ല, അതിന്റെ പേരില്‍ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റുന്നുണ്ടെങ്കില്‍ താന്‍ രക്ഷപ്പെട്ടു'

കെ ആർ ജോസഫ് 

(KVARTHA) കേരളത്തെ രക്ഷിക്കാൻ വന്ന കൊമ്പൻ. കേന്ദ്ര സർക്കാരിൽ സ്വാധീനം ചെലുത്തി കേരളം സ്വർഗമാക്കാൻ പോയ ആളാണ്‌ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. അദ്ദേഹത്തിന്  എംപി ആയിട്ടും മന്ത്രി ആയിട്ടും തന്നെകൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല എന്ന് തോന്നിത്തുടങ്ങിയോ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിന്നുയരുന്ന ചോദ്യം. ഇപ്പോൾ സുരേഷ് ഗോപി പറയുന്നു സിനിമക്ക് വേണ്ടി മന്ത്രിസ്ഥാനം ബലിയാടാക്കുമെന്ന്. എം പി സ്ഥാനവും മന്ത്രിസ്ഥാനവും സിനിമയിൽ അഭിനയിക്കുന്ന പോലെ അത്ര എളുപ്പമല്ലെന്ന് സുരേഷ് ഗോപിക്കു മനസ്സിലായി തുടങ്ങിയെന്നാണ് നെറ്റിസൻസിന്റെ വിമർശനം.

സുരേഷ് ഗോപിയുടെ വാക്കുകൾ: 'സിനിമ ഞാൻ ചെയ്യും. അതിന് ഞാൻ അനുവാദം ചോദിച്ചിട്ടുണ്ട്. അതിന് മന്ത്രി സ്ഥാനത്ത് നിന്ന് തന്നെ മാറ്റുന്നുണ്ടെങ്കില്‍ രക്ഷപ്പെട്ടു. സെപ്റ്റംബര്‍ ആറിന് ഒറ്റക്കൊമ്പൻ തുടങ്ങുകയാണ്. സിനിമകള്‍ കുറേയുണ്ട് എന്ന് ഞാൻ പറഞ്ഞപ്പോള്‍ അമിത് ഷാ പേപ്പര്‍ മാറ്റിവെച്ചതാണ്. മന്ത്രി സ്ഥാനത്തെ ബാധിക്കാത്ത രീതിയില്‍ സിനിമ ഷൂട്ടിംഗ് സെറ്റില്‍ അതിനുള്ള സൗകര്യം ഉണ്ടാകണം എന്നാണ് ആഗ്രഹം. മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നുണ്ടെങ്കില്‍ താൻ രക്ഷപ്പെട്ടു. ചരിത്രം എഴുതിയ തൃശൂര്‍ക്കാര്‍ക്ക് താൻ എന്തായാലും നന്ദി അര്‍പ്പിക്കണം എന്ന് നേതാക്കള്‍ പറഞ്ഞതുകൊണ്ടത് വഴങ്ങിയതാണ്. സിനിമ ഇല്ലാതെ പറ്റില്ല.  അത് എന്റെ പാഷനാണ്. അതില്ലെങ്കില്‍ ശരിക്കും ചത്തു പോകും'. 

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചും വേദിയില്‍ സുരേഷ് ഗോപി പരോക്ഷമായി സൂചിപ്പിച്ചു. സിനിമയില്‍ മാത്രം അല്ല. എല്ലാ മേഖലയിലും അത്തരം കാര്യങ്ങള്‍ ഉണ്ട്. എല്ലാ സമ്പ്രദായത്തിനും ശുദ്ധി വേണം. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി അത് കോട്ടം വരുത്തരുത് എന്നും  കേന്ദ്രമന്ത്രി വ്യക്തമാക്കി. ഒരു കേന്ദ്രമന്ത്രി എന്നാൽ ഇന്ത്യയുടെ മുഴുവൻ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട ആളാണ്‌. ഇത്ര നിസ്സാരമായിട്ടാണോ മന്ത്രിസ്ഥാനവും എം.പി സ്ഥാനവും ഇദ്ദേഹം കാണുന്നതെന്നാണ് നെറ്റിസൻസിന്റെ ചോദ്യം. കേന്ദ്രമന്ത്രി തൃശൂർ ലോക്സഭാ മണ്ഡലത്തിൻറെ മാത്രം മന്ത്രിയല്ല. ഇന്ത്യയുടെ മന്ത്രി ആണ്. 

തൃശൂരിൽ ഇരിക്കാൻ ആണെങ്കിൽ എന്തിന് എംപി സ്ഥാനവും മന്ത്രിസ്ഥാനവും, 22 പടങ്ങൾ ചെയ്യാൻ ഉള്ള വ്യക്തി എന്തിനാണ് എംപി ആയി മന്ത്രി ആവുന്നതെന്നും സോഷ്യൽ മീഡിയയിൽ നിന്ന് ചോദ്യം ഉയരുന്നു. സിനിമയ്ക്ക് പണം മുടക്കുന്നവർ ഇദ്ദേഹത്തിൻറെ ഒഴിവിനനുസരിച്ച് കാൾ ഷീറ്റുകൾ ക്രമീകരിക്കണമല്ലൊ. അത് മറ്റു ആർട്ടിസ്റ്റുകൾക്കും ബുദ്ധിമുട്ട് ആണ്. ഒന്നുകിൽ എംപി/മന്ത്രിപ്പണി, അല്ലെങ്കിൽ സിനിമാപ്പണി. സിനിമാ ഇല്ലെങ്കിൽ ചത്തു പോകും എന്ന അമിത വൈകാരികത കേട്ട് ജനം കൈയടിക്കുന്നു. എന്തായാലും സിനിമയല്ല രാഷ്ട്രീയം, രാഷ്ട്രീയമല്ല സിനിമ എന്ന് മനസ്സിലായിക്കാണും. 

സിനിമക്കാരെ രാഷ്ട്രീയ ജനപ്രതിനിധികളായി തെരഞ്ഞെടുത്താലുള്ള അപകടം എന്താണെന്ന് ജനവും മനസ്സിലാക്കാൻ തുടങ്ങിക്കാണും. ഇരട്ട ശമ്പളം ഒക്കെ ഒരു പാർലിമെന്റ് അംഗത്തിനു പറ്റുമെങ്കിൽ ഇവിടെ സർക്കാർ ഉദ്യോഗസ്ഥർക്കും പാർട് ടൈം ജോലി ആവാലോ എന്നതും ഈ അവസരത്തിൽ ചിന്തിക്കേണ്ട ഒന്നാണ്. നൂറ് ശതമാനവും സുരേഷ് ഗോപി എന്ന വ്യക്തിയ്ക്ക് സിനിമ മതിയായിരുന്നു. മലയാളികൾക്ക് ഏറെ ഇഷ്ടം ഉള്ള നടൻ ആയിരുന്നു. ഏത് പാർട്ടി ആയാലും ശരി കലാകാരൻമാർ രാഷ്ട്രീയത്തിൽ ഇറങ്ങാത്തത് ആണ് അവർക്ക് നല്ലത്. 

പൊതുപ്രവർത്തനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച നിസ്വാർത്ഥരായ രാഷ്ട്രീയപ്രവർത്തകർക്ക് ഒരു സീറ്റു കൊടുക്കാതെ സെലിബ്രിറ്റികളെ മത്സരിപ്പിക്കുന്നത് നല്ലതാണോ എന്ന ചോദ്യമാണ് സുരേഷ് ഗോപിയുടെ വാക്കുകൾ ഉയർത്തുന്നത്.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia