Criticism | സുരേഷ് ഗോപി ഇല്ലായിരുന്നുവെങ്കിൽ മലയാള ചലച്ചിത്ര വ്യവസായം ഉണ്ടാകുമായിരുന്നില്ലേ? മാധവ് സുരേഷ് മനസിലാക്കേണ്ട കാര്യങ്ങൾ
• മലയാള സിനിമയുടെ ചരിത്രത്തെക്കുറിച്ച് നന്നായി മനസിലാക്കിയിട്ടില്ലെന്ന് ആക്ഷേപം
ഡോണൽ മൂവാറ്റുപുഴ
(KVARTHA) ഈ പയ്യനും..... കഷ്ടം, മലയാള സിനിമ ചരിത്രം ഒന്ന് പഠിക്ക്. സുരേഷ് ഗോപിയുടെ വിജയിച്ച സിനിമകളുടെ അഞ്ചിരട്ടിയോളാമെങ്കിലും ഉണ്ടാകും അദ്ദേഹത്തിൻ്റെ പരാജയപ്പെട്ട സിനിമകൾ എന്ന് സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് മനസ്സിലാക്കിയാൽ നന്ന്. ഇപ്പോൾ കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ഒരു പരാമർശമാണ് സോഷ്യൽ മീഡിയായിൽ ചർച്ചയായിരിക്കുന്നത്. 'എൻ്റെ അച്ഛൻ തലക്കുത്തി മറിഞ്ഞ് നടുവ് ഒടിച്ച് ഉണ്ടാക്കിയ ഇൻഡസ്ട്രിയാണ് ഇത്. വേറൊരു പണിയുമില്ലാത്തവരാണ് അച്ഛനെതിരെ വിമർശനവുമായി വരുന്നത്', എന്നായിരുന്നു വാക്കുകൾ.
അച്ഛൻ എന്ന് ഉദ്ദേശിച്ച് സുരേഷ് ഗോപിയെ. എൻ്റെ അച്ഛൻ തലക്കുത്തി മറിഞ്ഞ് നടുവ് ഒടിച്ച് ഉണ്ടാക്കിയ ഇൻഡസ്ട്രിയാണ് ഇത് എന്ന് മാധവ് സുരേഷ് പറഞ്ഞത് അമ്മയെന്ന സംഘടനയെയാണോ സിനിമ എന്ന വലിയ ഇൻഡസ്ട്രിയെയാണോ എന്ന് വ്യക്തമാകുന്നില്ല. സിനിമ എന്ന ഇൻഡസ്ട്രിയെക്കുറിച്ചാണെങ്കിൽ അത് സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷിൻ്റെ വിവരമില്ലായ്മയാണെന്ന് പറയേണ്ടിവരും. മാധവ് സുരേഷ് മനസ്സിലാക്കുക. സുരേഷ് ഗോപി സിനിമയിൽ എന്ന് വന്നു എന്ന് സ്വയം ചിന്തിക്കുക. അതിനു വളരെ വളരെ മുൻപ് ഇവിടെ സിനിമ ഉണ്ടായിരുന്നു.
തിക്കുറിശ്ശി നമ്മുടെ നായകൻ ആയിരുന്നു. പിന്നെ നമ്മുടെ അന്നും ഇന്നും ഉള്ള ഏറ്റവും വലിയ അഭിനയ ചക്രവർത്തി സത്യൻ, നസീർ, മധു, വിൻസെന്റ്, രാഘവൻ ഇവരൊക്കെ ഇവിടെ ഉണ്ടായിരുന്നു. സോമൻ, സുകുമാരൻ, ജയൻ ഇവർ വെന്നിക്കോടി പാറിച്ചു. പിന്നെ ആണ് മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി ഇവർ വരുന്നത്. അവർക്ക് വയസായി മാറേണ്ട സമയം ആയപ്പോൾ ഇന്നത്ത നമ്മുടെ സിനിമയുടെ യുവതലമുറയുടെ ക്യാപ്റ്റൻ പ്രിത്വിരാജ് കടന്നു വരുന്നു. ഇപ്പോൾ നമുക്ക് ഫഹദ്, നിവിൻ, ദുൽഖർ, ടോവിനോ, വിനീത്, കുഞ്ചാക്കോ, ആസിഫ് അലി ഇങ്ങനെ ഒരു നീണ്ട നിരതന്നെ ആയിരിക്കുന്നു.
അച്ഛനാണ് ഫിലിം ഇൻഡസ്ട്രി കണ്ടുപിടിച്ചത് എന്ന് പറയാഞ്ഞത് ആരുടെയോ ഭാഗ്യം. കുട്ടിക്ക് മാറിപ്പോയതാകാനും സാധ്യതയുണ്ട്. ഫിലിം ഇൻഡസ്ട്രി അല്ല ഉദ്ദേശിച്ചത് അമ്മ എന്ന സംഘടനയെ കുറിച്ച് ആണ് ഈ മകൻ പറഞ്ഞതെങ്കിൽ അതിൽ ഒരു സത്യവും ന്യായവുമുണ്ട് എന്ന് നിഷേധിക്കുന്നില്ല. അമ്മയെന്ന സംഘടന രൂപീകരിക്കാൻ മുൻ കൈ എടുത്ത പ്രധാനികളിൽ ഒരാൾ സുരേഷ് ഗോപി തന്നെ ആയിരുന്നു. അത് വ്യക്തമാക്കാൻ കഴിവില്ലാത്തവർ ചാനൽ ഇൻ്റർവ്യൂകളിൽ പോകാതിരിക്കുകയാണ് വേണ്ടത്. പറഞ്ഞത് മലയാള സിനിമയെക്കുറിച്ച് ആണെങ്കിൽ സുരേഷ് ഗോപി എന്ന ഒരു നടൻ ഇല്ലായിരുന്നെങ്കിൽ ഒരു ചുക്കും സംഭവിക്കില്ലായിരുന്നു.
പക്ഷേ സിനിമാ മേഖലയിലേക്ക് വന്നു രക്ഷപ്പെട്ട വ്യക്തികളിൽ ഒരാളാണ് സുരേഷ് ഗോപി എന്ന സത്യം അദ്ദേഹത്തിൻ്റെ മകനും മറക്കാതിരിക്കുക. അങ്ങനെ തന്നെയാണ് മാധവ് സുരേഷിനെയും ജനം അറിയാൻ തുടങ്ങുന്നത്. പിന്നെ സുരേഷ് ഗോപി എന്ന വ്യക്തിയെ ആരും വെറുതെ വിമർശിക്കുന്നതല്ലല്ലോ. കൂട്ടുകാരാ എല്ലാറ്റിനും ഓരോ പരിധി ഉണ്ട്. അച്ഛൻ ഒരു നടൻ ആണ്. മരിച്ചു മണ്ണടിഞ്ഞ കുറെ ഒത്തിരി കലാകാരൻമാർ നിറഞ്ഞ കുഞ്ഞു കേരളം ആണ് നമ്മുടേത്. അവരെ ഒക്കെ മറന്നു. സിനിമ ഇൻഡ്‌സ്ട്രി ഒത്തിരി മാറി. അച്ഛനെ വിമർശിക്കുന്നത് കേൾക്കേണ്ടി വരുന്ന പക്വത ഇല്ലാത്ത ഒരു മകൻ്റെ വേദനയായി മാത്രം ഇതിനെ കാണുന്നു.
ഇന്ന് ഒരുപാട് താരങ്ങളുടെ മക്കൾ സിനിമ മേഖലയിലേയ്ക്ക് കടന്നു വരുന്നുണ്ട്. വന്നപോലെ തന്നെ ചിലരൊക്കെ പൊഴിഞ്ഞു പോകുന്നുമുണ്ട്. ഒരു പ്രതിഭയും ഇല്ലാതെ അപ്പൻ്റെ പേരിൽ മാത്രം തിളങ്ങാമെന്ന് വ്യാമോഹിക്കുന്നവരാണ് ഇവർ. അതിന് വേണ്ടി എന്ത് വെളിവ് കേടും ഇവർ ചാനലിന് മുന്നിലിരുന്ന് വിളിച്ചു പറയും. അപ്പോൾ തന്നെ ജനത്തിന് ഇക്കൂട്ടരെ മനസ്സിലാക്കാനുള്ള അവസരമാണ് ഇത്. കാലം ഇവരെ ചവറ്റുകുട്ടയിലേയ്ക്ക് വലിച്ചെറിയുന്നതാകും പിന്നീട് കാണുകയെന്നാണ് സോഷ്യൽ മീഡിയയിൽ കണ്ട പ്രതികരണം.
#Suresh Gopi #MadhavSuresh #MalayalamCinema #Controversy #SocialMedia #FilmIndustry