Exploration | 'തോറ്റു തൊപ്പിയിടുക' എന്ന പദം മലയാളത്തിൽ എങ്ങനെ പ്രചാരത്തിൽ വന്നു?

 
The Curious Case of 'Thoattu Thoppiyiduka': Unraveling a Malayalam Idiom
The Curious Case of 'Thoattu Thoppiyiduka': Unraveling a Malayalam Idiom

Representational Image Generated by Meta AI

● ഉത്ഭവം ഒരു കുട്ടിക്കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
● ഈ ചൊല്ല് മലയാള ഭാഷയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

മിൻ്റു തൊടുപുഴ

(KVARTHA) ഇന്ന് കേരളത്തിൽ ഏതെങ്കിലും കാര്യത്തിൽ ആരെങ്കിൽ തോറ്റെങ്കിൽ നമ്മൾ ആലങ്കാരികമായി പ്രയോഗിക്കുന്ന പദമാണ് തോറ്റു തൊപ്പിയിട്ടു എന്ന വാക്ക്. നമ്മുടെ കുട്ടികൾ പരീക്ഷയ്ക്ക് പഠിച്ചില്ലെങ്കിലും മാർക്ക് കുറഞ്ഞാലും പരാജയപ്പെട്ടാലും ഒക്കെ ഈ വാക്ക് ആവർത്തിക്കപ്പെടുന്നു. ഇത് പറയുമ്പോൾ പരാജിതരുടെ മനസ്സിനെ വല്ലാതെ അങ്ങ് പിടിച്ചുകുലുക്കുന്നതുപോലെ ഒരു ഫീൽ ആണ് അത് പറയുന്നവർ അനുഭവിക്കുന്നത്. കേൾക്കുന്നവർക്ക് ആകട്ടെ മനസ്സിൽ നിറയെ നൊമ്പരവും പ്രദാനം ചെയ്യും. 

അത്രമാത്രം സ്വാധീനമുണ്ട് നമ്മുടെ ഇടയിൽ ഈ വാക്കിന് എന്നതാണ് സത്യം. ശരിക്കും ഈ വാക്ക് കേൾക്കുമ്പോൾ ആരെ ഉദ്ദേശിച്ചാണോ ഇത് പറയുന്നത് അവർ മണ്ടന്മാരാണോ എന്ന തോന്നൽ ഉണ്ടാവുക സ്വഭാവികം. ഈ വാക്ക് എങ്ങനെ മലയാളത്തിൽ കടന്നുകൂടി. ഇത് ഇത്രയും പ്രചാരത്തിൽ വന്നത് എങ്ങനെ എന്നുള്ള കാര്യങ്ങൾ കൃത്യമായി പ്രദിപാദിക്കുന്ന ഒരു കുറിപ്പ് ഇന്ന് ശ്രദ്ധയാകർഷിക്കുകയാണ്. അതിൽ പറയുന്ന കാര്യങ്ങളിൽ ഒരുപാട് കഴമ്പ് ഉണ്ടെന്ന് തോന്നുക സ്വഭാവികം തന്നെ. 

കുറിപ്പിൽ പറയുന്നത്: 'തോറ്റു തൊപ്പിയിടുക, തോറ്റു തൊപ്പിയിട്ടു' എന്നിങ്ങനെയുള്ള ശൈലി എഴുത്തിലും , സംസാരത്തിലും നമ്മൾ സാധാരണയായി പ്രയോഗിക്കുന്നത് ആണ്. നാണംകെട്ട തോൽവി ഏറ്റുവാങ്ങുക എന്നാണ് അർത്ഥമാക്കുന്നത്. അതായതു തോൽവിയുടെ അങ്ങേ അറ്റത്തെ അവസ്ഥ. അതിന്റെ ആഘാതം, ആഴം പ്രതിഫലിപ്പിക്കുവാൻ ഭാഷയിൽ പലപ്പോഴും ഉപയോഗിക്കുന്ന നാടൻ ശൈലിയാണിത്. തോറ്റു തൊപ്പിയിട്ടു എന്നുള്ള പ്രയോഗം നാട്ടിൽ പ്രചാരത്തിലിരുന്ന ഒരു നാടൻ കളിയായ തൊപ്പിക്കളിയിൽ നിന്നാണ് ഉത്ഭവിച്ചത്. സാധാരണയായി കുട്ടികൾ കളിക്കുന്ന ഒരു തരം നാടൻ കളിയാണ് തൊപ്പിക്കളി. 

ഇത് കൊട്ടുകളി അഥവാ നിരകളി എന്നും അറിയപ്പെടുന്നു. കല്ലോ , മഞ്ചാടിക്കുരുവോ, മരക്കട്ടകളോ ചെറിയ കല്ലുകളോ ഉപയോഗിച്ച് രണ്ടു കുട്ടികളാണ് സാധാരണ ഇതു കളിക്കുന്നത്. ഒരു സമചതുരക്കളം വരച്ചിട്ടാണ് കളിക്കുന്നത്. കോണോടു കോണുള്ള ഒൻപതു സന്ധികളുള്ള ഒരു കളം. ഓരോരുത്തരും മൂന്ന് കരുക്കൾ വീതമെടുക്കുന്നു. എന്നിട്ട് അവ മാറ്റിമാറ്റി നീക്കിയാണ് കളി നടത്തുന്നത്. കരുക്കൾ നേർരേഖയിൽ വരുത്തുന്നയാളാണ് കളി ജയിക്കുന്നത്. തുടർന്ന് തോറ്റയാൾ നേരത്തെ ഉണ്ടാക്കി വച്ചിരിക്കുന്ന പ്ലാവില കൊണ്ടോ കടലാസു കൊണ്ടോ ഉണ്ടാക്കി വച്ചിരിക്കുന്ന തൊപ്പി ധരിക്കണം. 

തുടർന്ന് കളി തുടരുകയും തോറ്റയാൾ ജയിക്കുന്നതു വരെ തൊപ്പി തലയിൽ വയ്ക്കുകയും വേണം. ജയവും തോൽവിയും മാറി വരുന്നതിനനുസരിച്ചു തൊപ്പിയുടെ സ്ഥാനവും മാറും. തോൽക്കുന്നതിനെ തൊപ്പിവയ്ക്കുക അല്ലെങ്കിൽ തൊപ്പിയിടീക്കുക എന്നു പറയുന്നു. ചില ചീട്ടുകളിയിലും ഈ തൊപ്പിയിടൽ ഉണ്ട് (കാതിൽ മച്ചിങ്ങാ കടുക്കനിടുന്നത് പോലെ). അതിനാലായിരിക്കാം മലബാറിൽ ഇതു തൊപ്പിക്കളി എന്നറിയപ്പെടുന്നത്. മധ്യകേരളത്തിലാണ് നിരകളി എന്നറിയപ്പെടുന്നത്. ദക്ഷിണകേരളത്തിൽ കൊട്ടുകളി എന്നും അറിയപ്പെടുന്നു. 

തൊപ്പിക്കളി നാട്ടിൽ നിന്നും അപ്രത്യക്ഷമായെങ്കിലും, ശേഷിപ്പായി ഈ പ്രയോഗം ഭാഷയിൽ നില നിന്ന് പോരുന്നു. തൊപ്പിയുമായി ബന്ധപ്പെട്ട് മലയാളത്തിൽ  മറ്റ് ചില ശൈലികൾ കൂടി ഉണ്ട്. തൊപ്പിയിലൊരു തൂവൽകൂടി, തൊമ്മന് പോയാൽ തൊപ്പി പാള മാത്രം. ടോപി (topi) എന്ന ഉർദു പദത്തിൽ നിന്നാണ് 'തൊപ്പി' എന്ന പദം ഉണ്ടായത്. തല മൂടുന്നതിനു ശീല മുതലായ തു കൊണ്ടു തച്ചുണ്ടാക്കുന്ന വസ്തുവാണ് തൊപ്പി'.

തോൽവിയും തൊപ്പിയുമൊക്കെ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നുവെന്നത് ഈ കുറിപ്പ് ശ്രദ്ധിച്ചാൽ മനസ്സിലാകും. നമ്മൾ നിസാരമായി കാണുന്നവയ്ക്ക് പോലും നമ്മുടെ നിത്യജീവിതത്തിൽ എത്രമാത്രം പ്രാധാന്യമുണ്ടെന്ന് വെളിവാക്കുന്നതാണ് ഇതിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ. തീർച്ചയായും അതുകൊണ്ട് തന്നെ ഇങ്ങനെയുള്ളതിനെയൊക്കെ ഗൗരവപൂർവം വീക്ഷിക്കുക. അതൊടൊപ്പം തോറ്റു തൊപ്പിയിടാതിരിക്കാനും ശ്രദ്ധിക്കുക. തോറ്റു തൊപ്പിയിടുന്നവൻ എന്നും മണ്ടൻ തന്നെ എന്നതാണ് യാഥാർത്ഥ്യം.

#ThoattuThoppiyiduka#MalayalamProverbs#KeralaCulture#ChildrenGames#HistoryOfLanguage#WordOrigin#LanguageAndCulture#Linguistics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia