Mammootty | മമ്മൂട്ടിയെപ്പോലെ ഒരു കലക്ടർ ഉണ്ടായിരുന്നെങ്കിൽ!
/ സോണി കല്ലറയ്ക്കൽ
(KVARTHA) മമ്മൂട്ടി അഭിനയിച്ച സിനിമകളിൽ എക്കാലവും മലയാളികൾ ഓർത്തിരിക്കുന്ന സിനിമയാകും ദി കിങ്. ഈ സിനിമയിൽ തേവള്ളിപറമ്പിൽ ജോസഫ് അലക്സ് എന്ന ജില്ലാ കലക്ടർ ആയി മമ്മൂട്ടി നിറഞ്ഞാടുകയായിരുന്നു. ഇത് പോലൊരു കലക്ടർ ശരിക്കും നമ്മുടെ റിയൽ ലൈഫിൽ ഉണ്ടായിരുന്നു എങ്കിൽ എന്ന് മലയാളികൾ ഒരു നിമിഷം ചിന്തിച്ചിട്ടുണ്ടാകാം ഈ സിനിമ കണ്ടശേഷം. അത്രയ്ക്ക് മമ്മൂട്ടി മലയാളികളെ കൊതിപ്പിച്ച സിനിമയായിരുന്നു ഷാജി- രഞ്ജി ടീമിന്റെ ദി കിങ് . മമ്മൂട്ടി അഭിനയിച്ച മാസ് എന്റർടൈൻമെന്റ് സിനിമകളിൽ ഏറ്റവും മുൻപന്തിയിൽ നില്കുന്ന സിനിമ ആണ് 1995 നവംബർ മാസം കേരളത്തിലെ തീയേറ്ററുകളെ ഇളക്കി മറിച്ച ബ്രഹ്‌മാണ്ഡ സിനിമയായ ദി കിങ് എന്ന് നിസംശയം പറയാൻ സാധിക്കും.
തുടരെ വൻ വിജയങ്ങൾ ഉണ്ടാക്കിയ ഷാജി കൈലാസ് - രഞ്ജി പണിക്കർ ടീം മമ്മൂട്ടിയുമായി ഒന്നിക്കുന്നു എന്നത് അന്നത്തെ കാലത്ത് നല്ല ഹൈപ്പ് ഉണ്ടാക്കിയിരുന്നു. അതുകൊണ്ട് തന്നെ ഈ ചിത്രം മലയാളത്തിൽ വൻ ഹൈപിൽ വന്നു. ആ ഹൈപിനോട് 100 ശതമാനം നീതി പുലർത്തിയ സിനിമയാണ് ദി കിങ് എന്ന് പറയാം. മമ്മൂട്ടിയുടെ തീപ്പൊരി സംഭാഷണങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തു. ഇന്നും ഇതിലെ പല രംഗങ്ങളും നല്ല ആവേശമുണ്ടാകുന്നതാണ്. ഷാജി കൈലാസ് എന്ന സംവിധായകന്റെ ഷോർട്ടുകൾ കൊണ്ട് ഉള്ള മാജിക്കും രഞ്ജി പണിക്കരുടെ തീപ്പൊരി സംഭാഷണങ്ങളും ചേർന്ന അന്യായ ഐറ്റം എന്ന് സിനിമയെ വിശേഷിപ്പിക്കാം.
ഈ സിനിമയിൽ വാണി വിശ്വനാഥ് ആയിരുന്നു മമ്മൂട്ടിയുടെ നായിക. സുരേഷ് ഗോപി ചിത്രത്തിൽ അതിഥി താരമായും എത്തിയിരുന്നു. കുതിരവട്ടം പപ്പുവിൻ്റെ ഈ സിനിമയിലെ അഭിനയം എടുത്തുപറയേണ്ടത് തന്നെയാണ്. ഈ സിനിമയിൽ കൃഷ്ണേട്ടൻ എന്ന കഥാപാത്രത്തെയാണ് കുതിരവട്ടം പപ്പു അവതരിപ്പിച്ചത്. മമ്മൂട്ടിയ്ക്ക് ഒപ്പം തന്നെ കുതിരവട്ടം പപ്പുവും കട്ടയ്ക്ക് പിടിച്ചു നിന്നുവെന്ന് വേണം പറയാൻ. മമ്മൂട്ടിയൊപ്പം ഈ സിനിമയിൽ പ്രകടനം കൊണ്ട് ഞെട്ടിക്കുകയായിരുന്നു പപ്പുവും. മുരളിയാണ് വില്ലൻ വേഷത്തിൽ എത്തിയത്. തുടരെ നായകവേഷങ്ങൾ ചെയ്ത മുരളി വീണ്ടും വില്ലൻ വേഷത്തിലേക്ക് തിരിച്ചു വന്ന ചിത്രം കൂടിയായിരുന്നു ദി കിംഗ്.
ഗണേഷ് കുമാർ, വിജയരാഘവൻ, ദേവൻ, ശങ്കരാടി തുടങ്ങിയവരൊക്കെ ഈ സിനിമയുടെ ഭാഗമായി ഉണ്ടായിരുന്നു. ഗാനങ്ങൾ ഇല്ലാത്ത സിനിമക്ക് മൂന്ന് മണിക്കൂർ ആയിരുന്നു ദൈർഘ്യം. രാജമണിയുടെ പശ്ചാത്തല സംഗീതം എടുത്തു പറയേണ്ടതാണ്. ഈ ചിത്രത്തിന്റെ ശബ്ദരേഖ അടങ്ങിയ ഓഡിയോ കാസറ്റ് അന്ന് വൻ വിൽപന ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്. 1995 ലെ സർവ്വകാല വിജയം നേടിയ സിനിമയാണ് കിങ്, അന്ന് വൻ ഓളം ഉണ്ടാക്കിയ മമ്മൂട്ടി ചിത്രം.
അന്നത്തെ കാലത്ത് മമ്മൂട്ടിയെ വളരെ സുന്ദരനായി കണ്ട സിനിമകളിൽ ഒന്നാണ് കിംഗ്. മമ്മൂട്ടി എന്ന മഹാനടന് ജനങ്ങളുടെ ഇടയിൽ ഈ സിനിമ വലിയ സ്വീകാര്യത തന്നെ ഉണ്ടാക്കി. പിന്നീട് ഇത്തരം വേഷങ്ങളിലൊക്കെ മമ്മൂട്ടിയെ അല്ലാതെ മറ്റൊരാളെ സങ്കൽപ്പിക്കുവാൻ മലയാളികൾക്ക് ആകുമായിരുന്നില്ല. അത്രമാത്രം മമ്മൂട്ടി ആരാധകരെ സൃഷ്ടിച്ചെടുത്ത സിനിമയാണ് ദി കിംഗ്. ഇപ്പോഴും സിനിമാ പ്രേമികളുടെ മനസ്സിൽ ഈ ചിത്രവും പച്ചയായി തന്നെ പിടിച്ചു നിൽക്കുന്നുണ്ട്. ഒപ്പം ഇതിലെ തേവള്ളിപറമ്പിൽ ജോസഫ് അലക് സ് എന്ന കലക്ടറും.