ശംസുദ്ദീന്റെ തിരോധാനം: സിബിഐ 10 പേരെ ചോദ്യം ചെയ്തു

 


ശംസുദ്ദീന്റെ തിരോധാനം: സിബിഐ 10 പേരെ ചോദ്യം ചെയ്തു
കാസര്‍കോട്: മേല്‍പ്പറമ്പ് സ്വദേശിയും മുംബൈ ഗസ്റ്റ്ഹൗസ് നടത്തിപ്പുകാരനുമായിരുന്ന കെ.എം. ശംസുദ്ദീ(37)ന്റെ തിരോധാനവുമായി ബന്ധപ്പെട്ട് സി.ബി.ഐ പട കാസര്‍കോട്ട് തമ്പടിച്ചു. സി.ബി.ഐ മുംബൈ യൂണിറ്റിലെ 18 പേരടങ്ങുന്ന സംഘമാണ് അന്വേഷണവുമായി ബന്ധപ്പെട്ട് കാസര്‍കോട്ട് തമ്പടിച്ചിരിക്കുന്നത്.
മംഗലാപുരം കേന്ദ്രമാക്കിയാണ് സി.ബി.ഐ സംഘം അന്വേഷണം ഏകോപിപ്പിച്ചിരിക്കുന്നത്. നേരത്തെ കേസന്വേഷണം നടത്തി വന്നിരുന്നത് ഡി.വൈ.എസ്.പി കലൈമണിയായിരുന്നു. ഇപ്പോള്‍ എത്തിയ 18 അംഗ സംഘത്തില്‍ സി.ബി.ഐ എസ്.പി ഫല്‍സനെ, കലൈമണി ഉള്‍പ്പെടെ രണ്ട് ഡി.വൈ.എസ്.പിമാര്‍, രണ്ട് വനിതാ സി.ബി.ഐ ഓഫീസര്‍മാര്‍ തുടങ്ങിയവരാണുള്ളത്.
കാസര്‍കോട്, മേല്‍പ്പറമ്പ്, കാഞ്ഞങ്ങാട് ഭാഗങ്ങളിലെ 20ഓളം വീടുകളില്‍ സി.ബി.ഐ സംഘം അന്വേഷണത്തിന്റെ ഭാഗമായി ചെന്നിരുന്നു. ഗസ്റ്റ് ഹൗസ് നടത്തിപ്പിന് പുറമെ മറ്റു ബിസിനസ് ഇടപാടുകളും ശംസുദ്ദീന്‍ നടത്തി വന്നിരുന്നു.
ബിസിനസ് പാര്‍ട്ണര്‍മാരായ മുഹമ്മദ്, അബ്ദുര്‍ റഹ്്മാന്‍, യൂസഫ് കാഞ്ഞങ്ങാട്, ജഅ്ഫര്‍ മേല്‍പ്പറമ്പ്, ശംസുദ്ദീന്റെ സഹോരങ്ങളായ അബ്ദുല്ല, അബ്ദുല്‍ ഖാദര്‍, ശംസുദ്ദീന്റെ ഭാര്യ കുമ്പള പേരാല്‍ കണ്ണൂരിലെ ഖൈറുന്നീസ, ഖൈറുന്നീസയുടെ പിതാവ് മുഹമ്മദ്, സഹോദരന്‍ മുനീര്‍ തുടങ്ങിയവരേയെല്ലാം ചോദ്യം ചെയ്തു മൊഴിയെടുത്തിട്ടുണ്ട്. സി.ബി.ഐയുടെ മംഗലാപുരം യൂണിറ്റിന്റെ സഹായവും അന്വേഷണ സംഘത്തിന് ലഭിക്കുന്നുണ്ട്. ഇത് കൂടാതെ കാസര്‍കോട് പോലീസ് 20 പോലീസുകാരെ സി.ബി.ഐ ആവശ്യപ്പെട്ടത് പ്രകാരം സഹായത്തിന് വിട്ടുകൊടുത്തിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സി.ബി.ഐ, ഐ.ജിയും കാസര്‍കോട്ട് എത്തുമെന്ന് അറിയുന്നു.
നേരത്തെ കേസന്വേഷിച്ചിരുന്നത് മലയാളിയായിരുന്ന സി.ഐ പുരുഷോത്തം പൂവാടത്തായിരുന്നു. ഇതിന് ശേഷമാണ് സി.ബി.ഐ ഡി.വൈ.എസ്.പി കലൈമണിയുടെ നേതൃത്വത്തിലുള്ള ടീം അന്വേഷണം തുടങ്ങിയത്. 2010 ജൂലൈ മാസത്തിലാണ് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തത്. സി.ബി.ഐ ഒരു വര്‍ഷമായി നടത്തിയ അന്വേഷണത്തിലും ശംസുദ്ദീനെക്കുറിച്ചുള്ള ഒരു വിവരവും ലഭിക്കാത്ത സാഹചര്യത്തില്‍ അന്വേഷണം പുതിയ ടീമിനെ ഏല്‍പ്പിക്കുകയായിരുന്നു.
2007 ജൂലൈ മൂന്നിനാണ് ശംസുദ്ദീനെ മുംബൈ വി.ടി യിലെ എം.എം.ആര്‍ മാര്‍ഗ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നും ദുരൂഹസാഹചര്യത്തില്‍ കാണാതയാത്. ശംസുദ്ദീനെ കാണാതായതിന് പിറ്റേ ദിവസം തന്നെ സഹോദരന്‍ അബ്ദുല്ല മുംബൈ പോലീസില്‍ പരാതി നല്‍കിയിരുന്നു.
കാണാതാവുന്നതിന് തലേദിവസം രാത്രി ശംസുദ്ദീന്‍ കുമ്പള പേരാല്‍ കണ്ണൂരിലെ ഭാര്യ ഖൈറുന്നീസയുടെ വീട്ടിലേക്ക് വിളിച്ച് സംസാരിച്ചിരുന്നു. ചിലരില്‍ നിന്നും കുറച്ച് പണം കിട്ടാനുണ്ടെന്ന് പറഞ്ഞാണ് ശംസുദ്ധീന്‍ താമസസ്ഥലത്തു നിന്നും പോയത്. പിന്നീട് തിരിച്ചെത്തിയില്ല. പോകുമ്പോള്‍ കേരള സിമ്മുള്ള മൊബൈല്‍ ഫോണ്‍ താമസസ്ഥലത്താണ് വെച്ചിരുന്നത്. ടെലിഫോണ്‍ ബൂത്തില്‍ നിന്നാണ് ശംസുദ്ധീന്‍ വീട്ടിലേക്ക് വിളിച്ചതെന്ന് വ്യക്തമായിരുന്നു.
മുംബൈ പോലീസ് അന്വേഷണം കാര്യക്ഷമമാക്കിയിരുന്നില്ല. ശംസുദ്ദീന്‍ ഉപയോഗിച്ചിരുന്ന എയര്‍ടെല്‍ നമ്പറില്‍ നിന്ന് വന്നതും പോയതുമായ ഫോണ്‍കോളുകളുടെ വിവരങ്ങളൊന്നും ശേഖരിച്ചിരുന്നില്ല. മൊബൈല്‍ കമ്പനികള്‍ സാധാരണ ഒരുവര്‍ഷത്തെ ഡാറ്റ മാത്രമെ സൂക്ഷിച്ചുവെക്കാറുള്ളൂ. പിന്നീട് ഇവ ഒഴിവാക്കുകയാണ് പതിവ്. പുതിയ നിയമം അനുസരിച്ച് അഞ്ചു വര്‍ഷം വരെ ഡാറ്റ സൂക്ഷിക്കണമെന്ന് വ്യവസ്ഥയുണ്ട്. ശംസുദ്ധീന്റെ മൊബൈല്‍ നമ്പറില്‍ നിന്നുള്ള ഒരു വിവരവും ലഭിക്കാത്ത സാഹചര്യത്തില്‍ അന്വേഷണം എങ്ങുമെത്താത്ത സ്ഥിതിയിലായിരുന്നു. ശംസുദ്ദീനെ കാണാതായതിനു ശേഷം ഭാര്യ ഖൈറുന്നീസയെ അജ്ഞാതരായ ചിലര്‍ വിളിച്ച് ശംസുദ്ദീന്‍ തങ്ങളുടെ കസ്റ്റഡിയില്‍ ഉണ്ടെന്നും 50 ലക്ഷം രൂപ നല്‍കിയാല്‍ വിട്ടയക്കാമെന്നു പറഞ്ഞ് പല തവണ ഫോണ്‍ ചെയ്തിരുന്നു. ഈ ഫോണ്‍കോളുകളെല്ലാം റിക്കാര്‍ഡ് ചെയ്തിരുന്നു.
ഹിന്ദിയിലും മലയാളത്തിലുമായാണ് വിളിച്ചവര്‍ സംസാരിച്ചിരുന്നത്. ഇതു സംബന്ധിച്ച് ഖൈറുന്നീസ കുമ്പള പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കുകയും ഫോണ്‍ ചെയ്തവരെ കണ്ടെത്തുകയും ചെയ്തിരുന്നു. കുമ്പള പേരൂറിലെ അബ്ദുര്‍ റഹ്മാന്‍, റഫീഖ് എന്ന മുഹമ്മദ് റഫീഖ്, അബ്ദുര്‍ റഹ്മാന്‍ എന്നിവരെയാണ് പോലീസ് മുംബൈയില്‍ വെച്ച് അറസ്റ്റ് ചെയ്ത് കുമ്പളയില്‍ കൊണ്ടുവന്നത്. ഇവരെ ചോദ്യം ചെയ്തപ്പോള്‍ പണം തട്ടാന്‍ വേണ്ടി മാത്രമുള്ള ശ്രമമാണ് ഇവര്‍ നടത്തിയതെന്ന് വ്യക്തമായി. തുടര്‍ന്ന് ഇവര്‍ നാലുമാസത്തോളം ജയിലിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി.
ശംസുദ്ദീന്റെ തിരോധാനവുമായി ബന്ധപ്പെട്ട് മേല്‍പ്പറമ്പില്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തിച്ചു വന്നിരുന്നു. ശംസുദ്ധീന്റെ തിരോധാന കേസില്‍ സി.ബി.ഐയുടെ പുതിയ ടീം നടത്തുന്ന അന്വേഷണത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് കഴിയുകയാണ് ശംസുദ്ധീന്റെ കുടുംബവും ആക്ഷന്‍ കമ്മിറ്റിയും. സഹോദരങ്ങളായ അബ്ദുല്ലയും അബ്ദുല്‍ ഖാദറുമാണ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
മക്കളായ റോസ്ബീനയും, മുഹമ്മദ് ഫര്‍ഹാലും ബാപ്പയുടെ വരവും കാത്ത് പ്രതീക്ഷയോടെ നില്‍ക്കുകയാണ്. ഭാര്യ ഖൈറുന്നിസ നീതിക്കു വേണ്ടി മുട്ടാത്ത വാതിലുകള്‍ ഇനി ബാക്കിയില്ല. ഭര്‍ത്താവ് എന്നെങ്കിലും തിരിച്ചു വരുമെന്നുള്ള പ്രതീക്ഷയിലാണ് ഖൈറുന്നീസയും.

-കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia