പാസ്‌പോര്‍ട്ട് അപേക്ഷകരെ പോലീസ് വട്ടം കറക്കുന്നു

 


പാസ്‌പോര്‍ട്ട് അപേക്ഷകരെ പോലീസ് വട്ടം കറക്കുന്നു
കാസര്‍കോട്: പാസ്‌പോര്‍ട്ടിനുള്ള പോലീസ് വെരിഫിക്കേഷന്‍ സംസ്ഥാനത്ത് നാഥനില്ലാക്കളരി പോലെയായി; പോലീസ് വേരിഫിക്കേഷന് മാസങ്ങളെടുക്കുന്നു. പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കിയാല്‍ പത്തോ പതിനഞ്ചോ ദിവസത്തിനുള്ളില്‍ വെരിഫിക്കേഷന് വേണ്ടി രേഖകള്‍ അതാത് പോലീസ് സ്റ്റേഷനുകളില്‍ എത്തുന്നുണ്ട്. പാസ്‌പോര്‍ട്ട് ലഭിക്കാന്‍ കാല താമസം നേരിടുന്നത് പാസ്‌പോര്‍ട്ട് ഓഫീസിന്റെ കുറ്റം കൊണ്ടല്ലെന്ന് വ്യക്തം. രേഖകളെത്തി ആതാത് സ്റ്റേഷനുകളില്‍ നിന്ന് ഒരാഴ്ചക്കകം അപേക്ഷനെ സ്റ്റേഷനിലേയ്ക്ക് വിളിക്കുകയോ അല്ലെങ്കില്‍ പോലീസ് അന്വേഷണത്തിനായി വീട്ടിലെത്തുകയോ ചെയ്യുന്നുമുണ്ട്. പിന്നെയെന്താണ് സംഭവിക്കുന്നതെന്നതാണ് പലരുടെയും ചോദ്യം.
മാസങ്ങള്‍ കഴിഞ്ഞിട്ടും പാസ്‌പോര്‍ട്ട് കാണാതിരിക്കുമ്പോള്‍, ഏതെങ്കിലും ഒരു കംപ്യൂട്ടര്‍ ബ്രൗസിങ് സെന്ററില്‍ പോയി പാസ്‌പോര്‍ട്ട് ആപ്ലിക്കേഷന്റെ സ്ഥിതി പരിശോധിക്കുമ്പോള്‍ കാണുന്നത് പോലീസ് വെരിഫിക്കേഷന്‍ റിപോര്‍ട്ട് ഇത് വരെ കിട്ടിയില്ലെന്നായിരിക്കും. കാസര്‍കോട്ട് പൂര്‍ത്തിയാക്കുന്ന പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ റിപോര്‍ട്ട് കേവലം ഇരുനൂറ് കിലോമീറ്റര്‍ അപ്പുറത്തുള്ള പാസ്‌പോര്‍ട്ടാഫീസിലെത്താന്‍ എന്തൊക്കെ നുലാമാലകള്‍ അതിനിടയിലുണ്ടെങ്കിലും ഈ ആധുനീക സംവിധാനങ്ങളൊക്കെയുള്ള കാലത്ത് വിശ്വസിക്കാന്‍ പ്രയാസമാണെന്നാണ് അപേക്ഷകര്‍ ചൂണ്ടികാട്ടുന്നത്. വെരിഫിക്കേഷന്‍ നടത്തിയ പോലീസിനോടന്വേഷിച്ചാല്‍ ഞാനപ്പോഴെ അത് ജില്ലാ പോലീസ് ഓഫീസില്‍ ഏല്‍പിച്ചിട്ടുണ്ടെന്നു പറയും. പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലെത്തി അവിടുന്ന് ഒരു ബണ്ട്ല്‍ നമ്പറിട്ടാണ് ഇത് പാസ്‌പോര്‍ട്ടോഫീസിലേയ്ക്ക് ചെല്ലുന്നത്. പാസ്‌പോര്‍ട്ടോഫീസില്‍ നേരിട്ടന്വേഷണം നടത്താന്‍ കക്ഷിക്ക് ഈ ബണ്ട്ല്‍ നമ്പര്‍ ഉപകരിക്കും. വെരിഫിക്കേഷന്‍ കഴിഞ്ഞ് ആഴ്ചകള്‍ക്ക് ശേഷവും ജില്ലാ പോലീസ് ഓഫീസില്‍ ചെന്ന് ഈ ബണ്ട്ല്‍ നമ്പര്‍ ചോദിച്ചാല്‍ ബണ്ട്ല്‍ ആയിട്ടില്ലെന്നോ അല്ലെങ്കില്‍ വെരിഫിക്കേഷന്‍ റിപോര്‍ട് എത്തിയിട്ടില്ലെന്നോ ആയിരിക്കും മറുപടി. വെരിഫിക്കേഷന്‍ നടന്നിട്ട് ആഴ്ചകള്‍ പിന്നിട്ടുവെന്നൊന്നും അപേക്ഷകന് പറയാന്‍ സാധിക്കാറില്ല. ജില്ലാ പോലീസ് കേന്ദ്രമായതിനാല്‍ തിരുവായ്ക്ക് എതിര്‍വായില്ലാതെ അപേക്ഷകന്‍ നിസ്സഹായനായി പറഞ്ഞത് കേട്ടു തലയാട്ടി തിരിച്ചു പോകുകയാണ് ചെയ്യുന്നത്.
ഈ കാലതാമസം നിമിത്തം എത്ര പേരുടെ ഗള്‍ഫ് സ്വപനം കരിഞ്ഞ് മണ്ണിനടിയിലായി തിര്‍ന്നിരിക്കുന്നുവെന്നതിന് കണക്കും കയ്യുമില്ല. പോലീസായതിനാല്‍ ഭയപ്പെട്ട് അപേക്ഷകന്‍ പുറത്ത് ആരോടും പറയുകയോ എന്തെങ്കിലും നടപടി സ്വീകരിക്കുകയോ ചെയ്യില്ല. ആകെ ചെയ്യാവുന്നത് ഇന്റര്‍നെറ്റില്‍ സ്ഥിതി വിവരം നോക്കികൊണ്ടിരിക്കുക മാത്രമാണ്. പോലീസ് ഇവിടുന്ന് റിപോര്‍ട്ട് അയക്കാത്തിടത്തോളംകാലം നോട്ട് റിസീവിഡ്് എന്ന് മാത്രമേ കംപ്യൂട്ടറില്‍ കാണിക്കുകയുള്ളൂ. കംപ്യൂട്ടറിന് ഇക്കാര്യത്തില്‍ ഇന്ന് വരെ കളവ് പറയാന്‍ പഠിച്ചിട്ടില്ലാത്തതിനാല്‍ യാഥാര്‍ത്ഥ്യം അപേക്ഷകന് ഉള്‍കൊള്ളാന്‍ മാത്രമേ കഴിയുകയുള്ളൂ. പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ റിപോര്‍ട് തന്നെ പൂഴ്ത്തി വെക്കുകയോ അഡൈ്വസ് റിപോര്‍ട്ട് അയക്കുകയോ ചെയ്താല്‍ തുലയുന്നത് പലരുടേയും ഭാവി ജീവിതമാണ്. അതുകൊണ്ട് പാസ്‌പോര്‍ട്ടിന്റെ കാര്യത്തില്‍ ആരും ഒന്നും മിണ്ടില്ല. ജനപ്രതിനിധികളുടെ ശ്രദ്ധയില്‍ പെടേണ്ട പ്രധാന വിഷയം ഇതാണെന്ന് അപേക്ഷകര്‍ പറയുന്നു. അതത് ജില്ലാ പോലീസ് ഓഫീസര്‍മാര്‍ ഇക്കാര്യത്തില്‍ ഉചിതമായ സമീപനം സ്വീകരിക്കണമെന്നാണ് പാസ്‌പോര്‍്ട്ടിന് വേണ്ടി ശ്രമിക്കുന്നവര്‍ ആവശ്യപ്പെടുന്നത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia