Celebration | എന്താണ് ഓണ കൊയ്ത്ത് അഥവ ചിങ്ങ കൊഴ്ത്ത്; പ്രാധാന്യം അറിയാം
കൊച്ചി: (KVARTHA) ഓണ കൊയ്ത്ത്, അല്ലെങ്കില്‍ ചിങ്ങ കൊഴ്ത്ത്, കേരളത്തിലെ ഒരു പ്രധാന ഉത്സവമാണ്. ഓണത്തിന് മുന്നോടിയായി നടക്കുന്ന ഈ ഉത്സവം, കൃഷി വിളവെടുപ്പ് സമയത്ത് ആഘോഷിക്കപ്പെടുന്നു. ഇത് സമൃദ്ധിയുടെ പ്രതീകമാണ്, കൂടാതെ കുടുംബങ്ങളും സുഹൃത്തുക്കളും ഒരുമിച്ച് വരികയും പുത്തന്‍ വസ്ത്രങ്ങള്‍ ധരിക്കുകയും, വിഭവസമൃദ്ധമായ സദ്യ കഴിക്കുകയും ചെയ്യുന്നു.
കാര്‍ഷിക സംബന്ധിയായ രണ്ട് സംക്രമ കാലങ്ങളാണ് നമ്മള്‍ മലയാളികള്‍ക്ക് ഉള്ളത്. മേടവും ചിങ്ങവും. മേടത്തിന് തുടങ്ങുന്ന വിരിപ്പു കൃഷിയുടെ കൊയ്ത്ത് കാലമാണ് കേരളത്തിന്റെ ഏറ്റവും വലിയ ആഘോഷക്കാലമായ ഓണമായി കൊണ്ടാടുന്നത്. മേടത്തില്‍ തുടങ്ങി ചിങ്ങത്തില്‍ കൊയ്ത്തോടെ വിരിപ്പ് കൃഷി അവസാനിക്കും. ഓണക്കൊയ്ത്തെന്നും ചിങ്ങക്കൊയ്ത്തെന്നും ഇതിന് പേരുണ്ട്. കന്നി വരെ നീളുമെന്നതിനാല്‍ കന്നിക്കൊയ്ത്തെന്നും പറയാറുണ്ട്.
അശ്വതി ഞാറ്റുവേലയില്‍ തുടങ്ങി ആയില്യം, മകം ഞാറ്റുവേലകളില്‍ തീരുന്ന പ്രധാന വിളവെടുപ്പ് കാലമാണിത്. നമ്മുടെ നെല്ലറകളായ കുട്ടനാട്, പാലക്കാട് എന്നിവിടങ്ങളില്‍ പാടശേഖരങ്ങളില്‍ കൊയ്ത്തുത്സവത്തിന്റെ നാളുകളാണ് ഇവ. ജന്മിമാരുടെ നിലങ്ങളില്‍ കര്‍ഷകത്തൊഴിലാളിയുടെ അധ്വാനത്തിന്റെ ഫലപ്രാപ്തിയുടെ ദിവസങ്ങള്‍ എന്നുതന്നെ പറയാം. ജന്മിയുടെ കനിവില്‍ നല്‍കുന്ന ഒരുപിടി നെല്‍മണിയാണ് അന്നത്തെ കാലത്തെ സാധാരണക്കാരുടെ ഭക്ഷണം. തൊഴിലാളികളെ സംബന്ധിച്ച് അതുകൊണ്ടുതന്നെ കൊയ്ത്തുകാലവും കഷ്ടപ്പാടിന്റെ കാലമായിരുന്നു.
കര്‍ക്കിടകത്തിലെ കറുത്ത വാവ് കഴിഞ്ഞ് വരുന്ന ആദ്യത്തെ ഞായറാണ് പലയിടങ്ങളിലും ഇല്ലംനിറ. നെല്‍ക്കതിര്‍ മുറ്റത്ത് വച്ച് പൂജിച്ച് പത്തായത്തിലും മച്ചിലും പൂജാമുറികളിലും കതിര് നിറക്കും. ചിലര്‍ കതിര്‍ക്കുലകള്‍ കെട്ടിയിടും. കര്‍ക്കിടകം കഴിഞ്ഞാല്‍ ഉത്രാടം വരെയും ഉത്തര മലബാറില്‍ നിറയുണ്ട്. ഉത്രാട നിറ കാസര്‍കോടിന്റെ പ്രത്യേകതയാണ്.
തെക്കന്‍ തിരുവിതാംകൂറില്‍ ഓണത്തിന് നെല്ലിന്റെ പിറന്നാളാണ്. ചിങ്ങത്തിലെ മകം ഇങ്ങനെ ആചരിക്കുന്നവരുണ്ട്. കന്നിയിലെ മകവും പിറന്നാളായി കൊണ്ടാടാറുണ്ട്. നിറപോലെ തന്നെ അതിന്റെ ചടങ്ങും. നെല്ലിനെ ഒഴുകുന്ന വെള്ളത്തില്‍ കുളിപ്പിച്ച് ആഘോഷപൂര്‍വ്വം വീട്ടുമുറ്റത്തേക്ക് എത്തിച്ച് ചന്ദനമണിയിച്ച് പൂജിക്കുന്നതാണ് ചടങ്ങ്. നിറയ്ക്കു ശേഷം ആദ്യത്തെ വിളവെടുപ്പിന്റെ പുന്നെല്ലരി കൊണ്ട് ആഹാരമുണ്ടാക്കുന്നതാണ് പുത്തരി നിവേദ്യം. പുത്തരി പായസം, പുത്തരി ചോറ്, പുത്തരി അവല്‍ എന്നിവയും ഉണ്ടാക്കും. ഗുരുവായൂര്‍, ശബരിമല, ഹരിപ്പാട് ക്ഷേത്രങ്ങളില്‍ നിറ പുത്തരി ചടങ്ങുകള്‍ പ്രശസ്തമാണ്. ഓണക്കൊയ്ത്തിന്റെ ഈ പുത്തരിയുണ്ടായിരുന്നു പണ്ടത്തെ ഓണസദ്യകള്‍. ഒപ്പം മറ്റ് വിളകളുടെ വിളവെടുപ്പും ആഘോഷത്തിന് മാറ്റ് കൂട്ടി.
#OnamHarvest #KeralaTradition #FestivalOfHarvest #Agriculture #KeralaCulture #RiceHarvest