Criticism | മുസ്ലിംകൾക്ക് മസില്‍ പവറും മണി പവറും പോലും! വെള്ളാപ്പള്ളിക്ക് ഗുരുദേവനിൽ നിന്ന് പഠിക്കാനേറെയുണ്ട്
വിഭാഗീയത വിതയ്ക്കുന്ന ശക്തികൾക്കെതിരെ ഒരുമിച്ച് നിലകൊള്ളേണ്ടതുണ്ട്
(KVARTHA) എസ്എൻഡിപിയെ കാവി മൂടാനും ചുവപ്പ് മൂടാനും സമ്മതിക്കില്ലെന്ന് പറഞ്ഞ് മനസിലാക്കി കൊടുക്കേണ്ടത് സ്വന്തം ഭാര്യയോടും മകനോടുമാണ്, പിന്നീട് വെള്ളാപ്പള്ളി നടേശൻറെ മനസാക്ഷിയോടും. അതിന് ശേഷം മതി എസ്എൻഡിപി യോഗം വിശ്വാസികളോട് പറയാൻ. ഇപ്പോൾ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറയുന്നു, സാധാരണക്കാരെ എല്‍ഡിഎഫ് മറന്നതാണ് ലോക് സഭാ തെരഞ്ഞെടുപ്പിൽ പരാജയത്തിന് പ്രധാന കാരണമെന്ന്. മുസ്‌ലിം പ്രീണനമാണ് മറ്റൊരു കാരണം. മസില്‍ പവറും മണി പവറും മുസ്ലിം സമുദായത്തിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു. അതാണ് ക്രിസ്ത്യാനികള്‍ ബിജെപിക്ക് വോട്ട് ചെയ്തത്. ബിജെപിയോടും ആര്‍എസ്എസിനോടും ഒരു പ്രത്യേക അടുപ്പം ഇല്ല എന്നൊക്കെ .
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ വാക്കുകൾ ഇങ്ങനെയാണ്: 'എസ്എന്‍ഡിപിയുടെ മൂല്യം ഇടതുപക്ഷം തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ട്. എസ്എന്‍ഡിപി വോട്ട് കൊടുത്തില്ലെന്ന് പറയുന്നതില്‍ സന്തോഷം. എസ്എന്‍ഡിപിയെ കാവി മൂടാനും ചുവപ്പ് മൂടാനും ആരെയും സമ്മതിക്കില്ല. നക്‌സല്‍ മുതല്‍ ലീഗ് വരെ എസ്എന്‍ഡിപിയില്‍ ഉണ്ട്. എന്ത് കൊണ്ട് വോട്ട് പോയെന്ന് സിപിഎം പരിശോധിക്കണം. എന്ത് കൊണ്ട് പെന്‍ഷന്‍ കൊടുത്തില്ല. മാവേലി സ്റ്റോറില്‍ പാറ്റക്ക് കഴിക്കാന്‍ പോലും ഒന്നുമില്ല.
സാധാരണക്കാരനെ മറന്നതാണ് തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം. സാധാരണക്കാരെ എല്‍ഡിഎഫ് മറന്നതാണ് പരാജയത്തിന് പ്രധാന കാരണം. മുസ്‌ലിം പ്രീണനമാണ് മറ്റൊരു കാരണം. മസില്‍ പവറും മണി പവറും മുസ്ലിം സമുദായത്തിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു. അതാണ് ക്രിസ്ത്യാനികള്‍ ബിജെപിക്ക് വോട്ട് ചെയ്തത്. ബിജെപിയോടും ആര്‍എസ്എസിനോടും ഒരു പ്രത്യേക അടുപ്പം ഇല്ല. ഇടതുപക്ഷ മനോഭാവമാണ് എന്നും'.
ശരിക്കും എല്ലാവരും ഇത് വിശ്വസിച്ചു. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശൻ്റെ ഭാര്യ തന്നെ ആലപ്പുഴയിൽ ബി.ജെ.പി സ്ഥാനാർത്ഥിക്ക് വേണ്ടി ഇറങ്ങിയത് ജനം കണ്ടതാണ്. കോട്ടയത്ത് അദ്ദേഹത്തിൻ്റെ മകൻ തുഷാർ വെള്ളാപ്പള്ളി എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുന്നതും മുൻപ് വയനാട്ടിൽ രാഹുൽ ഗാന്ധിയ്ക്കെതിരെ മത്സരിക്കാൻ ഓടിയതുമൊന്നും വിവരവും വിദ്യാഭ്യാസവുമുള്ള ഇവിടുത്തെ ജനം മറന്നിട്ടില്ല. വെള്ളാപ്പള്ളിയും മോനും എന്നും ബിജെപിക്ക് ആണ് വോട്ട് ചെയ്യുന്നതെന്നും പറയുന്നവരുണ്ട്. ഇവിടെ കോൺഗ്രസിനെ തോൽപ്പിക്കുകയും ഇടതുപക്ഷത്തെ ജയിപ്പിക്കുകയും അതുപോലെ തന്നെ ഇടതുപക്ഷത്തെ തോൽപ്പിക്കുകയും കോൺഗ്രസിനെ ജയിപ്പിക്കുകയും ചെയ്യുന്നത് ഇവിടത്തെ മതേതര വിശ്വാസികളും ജനാധിപത്യ വിശ്വാസികളുമാണ്, അതിൽ വെള്ളാപ്പള്ളിക്ക് ഒരു റോളുമില്ല എന്നാണ് ഇവരുടെ അഭിപ്രായം.
പിന്നെ ഇടക്കിടക്ക് ഈ രണ്ടു പാർട്ടിക്കാരെയും ബ്ലാക്ക് മെയിൽ ചെയ്യാൻ ഡയലോഗുമായി ഇറങ്ങും. അതാണ് സത്യവും. തന്റേടത്തോടെ എഴുന്നേറ്റു നിന്ന് കാര്യങ്ങൾ പറയാൻ കോൺഗ്രസുകാർക്കും ഇടതുപക്ഷക്കാർക്കും ഇപ്പോൾ ധൈര്യമില്ല എന്ന് വേണം പറയാൻ. സുരേഷ് ഗോപി തൃശൂരിൽ തോൽക്കുമെന്ന് പറഞ്ഞ ഒരേ ഒരു സമുദായ നേതാവ് വെള്ളാപ്പള്ളി നടേശനാണ്. ഈഴവർ നേതാവിന് വില കൊടുത്തില്ലേ? മസില്‍ പവറും മണി പവറും മുസ്ലിം സമുദായത്തിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു എന്നും മുസ്ലിം പ്രീണനമാണ് നടക്കുന്നതെന്നും പറയുന്നത് കേട്ടു. കുറെ നാളായല്ലൊ പറയാൻ തുടങ്ങിയിട്ട് . മുസ്ലിങ്ങൾ എന്താ നേടിയതെന്ന് മാത്രം പറയാത്തതെന്താ?
വെള്ളാപ്പള്ളിയുടെ ഒറ്റ പ്രസ്താവന കാരണം തെറ്റിദ്ധരിക്കുന്ന ധാരാളം പേരുണ്ട്. മുസ്ലിങ്ങൾ എന്ത് നേടിയെന്ന് കൂടി ഒന്ന് വ്യക്തമാക്കിയാൽ മതിയല്ലോ. അതോടെ തർക്കവും തീരും. സമ്മർദ്ദത്തിലാക്കി പിടിച്ചു വാങ്ങുന്ന രീതി മുസ്ലിംകൾക്കില്ല, ഉണ്ടെങ്കിൽ തെളിവ് സഹിതം പൊതു സമൂഹത്തോട് വ്യക്തമാക്കാൻ വെള്ളാപ്പള്ളി തയ്യാറാവണമെന്നും വിവിധ കോണുകളിൽ നിന്ന് പ്രതികരണം ഉയർന്നിരുന്നു. ജനങ്ങളിൽ നിന്ന് പിരിവെടുത്താണു കാന്തപുരം വിഭാഗവും അതുപോലെ മറ്റു മുസ്ലിം സംഘടനകളും വിദ്യഭ്യാസ വിപ്ലവം കേരളത്തിൽ ഉണ്ടാക്കിയത്. സർക്കാറിൽ നിന്ന് അവകാശപെട്ടതല്ലാതെ ഒന്നും നേടിയിട്ടില്ല. സർക്കാർ സ്ഥാപനങ്ങളിൽ പോലും അവകാശപെട്ട തസ്‌തികകൾ മുസ്ലിം സമുദായത്തിനു കിട്ടിയിട്ടില്ല.
അദ്ദേഹം പ്രധാനമായും ആക്ഷേപിക്കുന്നത് കാന്തപുരം വിഭാഗത്തിനെയാണ്. നോളജ് സിറ്റി അടക്കം എല്ലാം കാന്തപുരം കെട്ടിപ്പടുത്തത് നാട്ടിലും വിദേശത്തുമുള്ള മുസ്ലീങ്ങളില്‍ നിന്നും ഇരന്നു വാങ്ങിയാണ്. സർക്കാരിന്റെ പണം അതിനു വേണ്ടി ഉപയോഗിച്ചിട്ടില്ല. ഈഴവരുടെ സാമ്പത്തിക ഉന്നമനത്തിനു വേണ്ടി വായ്പ അനുവദിക്കാനുള്ള മൈക്രോ ഫൈനാൻസ് സംവിധാനത്തിന് വെള്ളാപ്പള്ളിക്ക് സർക്കാർ അനുവദിച്ചത് 100 കോടി രൂപയാണ്. അതിപ്പോൾ നായക്കും നരിക്കും ഇല്ലാത്ത തരത്തില്‍ കിടക്കുകയാണ്.. ഒന്നുകിൽ അത് ഇടതുസർക്കാർ എഴുതിതള്ളും, അല്ലെങ്കിൽ അടുത്ത സർക്കാർ. മൈക്രോ ഫിനാന്‍സ് ദുർവിനിയോഗം നടത്തിയെന്ന പരാതിയിൽ വെള്ളാപ്പള്ളിക്കെതിരെ വി എസിന്റെ കാലത്ത് എടുത്ത കേസ് ഇപ്പോൾ ദുർബലപ്പെടുത്തിയിരിക്കുന്നു.
വെള്ളാപ്പള്ളിയുടെ സ്വകാര്യ കുടുംബക്ഷേത്രത്തിന്റെ ജീർണോദ്ധാരണ പ്രവർത്തനങ്ങൾക്ക് മൂന്നര കോടി രൂപയാണ് പിണറായി സർക്കാർ സഹായമായി അനുവദിച്ചത്. പിന്നെ ക്രിസ്ത്യാനികളുടെ ശത്രു മുസ്ലിങ്ങളാണെന്ന് വരുത്തി തീർക്കാനുള്ള നീക്കം ഇവിടെ കാലാകാലങ്ങളായി നടക്കുന്നു. അത് എല്ലാവർക്കും അറിയാം. അതിന് മുസ്ലിങ്ങളെ കരുവാക്കുന്നു എന്ന് മാത്രം. ക്രിസ്ത്യൻ വോട്ടുകൾ പലപ്പോഴും യു.ഡി.എഫ് പെട്ടിയിലാകും വീഴുക. അത് മാറ്റി ബി.ജെ.പി പെട്ടിയിൽ വീഴ്ത്തണം. അതിന് പാവപ്പെട്ട മുസ്ലിങ്ങൾ എന്ത് പിഴച്ചു. ഗള്‍ഫ് രാജ്യത്ത് സാമ്പത്തിക തട്ടിപ്പു കേസില്‍പ്പെട്ട് ജയിലിലായ മകന്‍ തുഷാറിനെ കോടികൾ കെട്ടിവെച്ച് ജാമ്യം എടുത്ത് ജയിലിൽ നിന്ന് രക്ഷിച്ചതും ഒരു മുസ്ലീമാണ് എന്ന് നേരത്തെ പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
'ദുബായിൽ ഉണ്ട തിന്നേണ്ട മകനെ രക്ഷിച്ചു കൊണ്ടുവന്ന മുതലാളിയോടെങ്കിലും നന്ദി കാണിക്കടോ എന്ന് സ്വസമുദായത്തിലെ ആരെങ്കിലും പറഞ്ഞാൽ പോലും അവരെ കുറ്റം പറഞ്ഞാൽ ഗുരുദേവൻ പോലും ക്ഷമിക്കില്ല എന്നതാണ് യാഥാർത്ഥ്യം', എന്നായിരുന്നു ഇതുസംബന്ധിച്ച് വന്ന ഒരു പ്രതികരണം. ശ്രീനാരായണ ആദർശങ്ങൾ ലോകാവസാനം വരെ പ്രസക്തമാണ്. ഗുരുദേവന്റെ ആദർശങ്ങളെ ഗോൾ വാർക്കറുടെ ആശയങ്ങളുമായി യോജിപ്പിക്കാൻ കഴിയില്ല. രണ്ടും ഇരുധ്രുവങ്ങളിലാണ്. ഒന്നു അന്യമതവിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കാൻ നോക്കുന്നുവെങ്കിൽ ഗുരുസന്ദേശങ്ങൾ സ്നേഹത്തിന്റെയും എല്ലാ മതങ്ങളും ഒരേ പോലെയെന്ന് സമർത്ഥിക്കുന്നു. മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന ഗുരുവചനം വെള്ളാപ്പള്ളിയും മകനും ഭാര്യയും ഒക്കെ ഓർത്താൽ നന്ന്.