Car Stunt | ഓടുന്ന കാറിൽ ഞെട്ടിക്കുന്ന അപകടകരമായ പ്രകടനങ്ങൾ; വീഡിയോ വൈറൽ; യുവാവിനെ തേടി പൊലീസ്
മുംബൈ: (KVARTHA) ഓടുന്ന കാറിൽ അപകടകരമായ പ്രകടനങ്ങൾ നടത്തുന്ന യുവാവിന്റെ വീഡിയോ വൈറലായതിന് പിന്നാലെ ഇയാൾക്കായി അന്വേഷണവുമായി മുംബൈ ട്രാഫിക് പൊലീസ് . മുംബൈയിൽ ചിത്രീകരിച്ച വീഡിയോയിൽ രാജസ്ഥാൻ രജിസ്ട്രേഷനിലുള്ള മാരുതി സ്വിഫ്റ്റിൻ്റെ മുകളിൽ കയറി നിൽക്കുന്ന യുവാവിനെ കാണാം.
കാർ ഓടിക്കൊണ്ടിരിക്കെ ഡ്രൈവറുടെ സീറ്റിലുണ്ടായിരുന്ന ടീ-ഷർട്ട് ധരിച്ച ഇയാൾ വെള്ള സ്വിഫ്റ്റിൻ്റെ
മുകളിലേക്ക് കയറുന്നതും നൃത്തം ചെയ്യുന്നതും വീഡിയോയിൽ വ്യക്തമാണ്. ഇതേസമയത്ത് ഡ്രൈവർ ഇല്ലാതെയാണ് കാർ മുന്നോട്ട് നീങ്ങുന്നത്. യുവാവിന് മാത്രമല്ല റോഡിലുള്ള എല്ലാവരെയും ഇത് അപകടത്തിലാക്കുന്നുവെന്ന് നെറ്റിൻസൻസ് പ്രതികരിച്ചു.
വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായിൽ പ്രചരിച്ചതോടെ അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മുംബൈ ട്രാഫിക് പൊലീസും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. കാറിന്റെ രജിസ്ട്രേഷൻ വിശദാംശങ്ങൾ ഉപയോഗിച്ച് കാറിൻ്റെ ഉടമയെ കണ്ടെത്താനാണ് മുംബൈ ട്രാഫിക് പൊലീസിന്റെ ശ്രമം.
'വീഡിയോയുടെ പാർട്ട് 2' പൊലീസ് അപ്‌ലോഡ് ചെയ്യുമെന്ന് തമാശയായി കുറിച്ചാണ് സിയ എന്ന ഉപയോക്താവ് വീഡിയോ പങ്കിട്ടിരിക്കുന്നത്. മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കാതിരിക്കാൻ ഇയാളുടെ ലൈസൻസ് റദ്ദാക്കണമെന്ന് നിരവധിപേർ കുറിച്ചു.