VK Pandian | 'എന്നോട് ക്ഷമിക്കൂ...', ഒഡീഷയിൽ ബിജെഡി തോറ്റതിന് പിന്നാലെ സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് വികെ പാണ്ഡ്യൻ
* ബിജെപി വൻ വിജയം നേടി ദിവസങ്ങൾക്ക് ശേഷമാണ് പാണ്ഡ്യൻ്റെ സുപ്രധാന പ്രഖ്യാപനം
ഭുവനേശ്വർ: (KVARTHA) നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജു ജനതാദളിൻ്റെ (BJD) ദയനീയ തോൽവിക്ക് ശേഷം സജീവ രാഷ്ട്രീയം വിടുകയാണെന്ന് ഒഡീഷ മുൻ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിൻ്റെ അതീവ വിശ്വസ്‌തനായ വികെ പാണ്ഡ്യൻ പ്രഖ്യാപിച്ചു. രണ്ട് പതിറ്റാണ്ടിലേറെയായി ഒഡീഷ ഭരിച്ച ബിജെഡിയെ 147 അംഗ നിയമസഭയിൽ കേവലം 51 സീറ്റുകളിൽ ഒതുക്കി ബിജെപി വൻ വിജയം നേടി ദിവസങ്ങൾക്ക് ശേഷമാണ് പാണ്ഡ്യൻ്റെ സുപ്രധാന തീരുമാനം.
തമിഴ്‌നാട്ടിൽ നിന്നുള്ള മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ വികെ പാണ്ഡ്യനായിരുന്നു തിരഞ്ഞെടുപ്പിൽ ബിജെഡിയുടെ മുഖം. നവീൻ പട്‌നായിക്കിൻ്റെ 'രാഷ്ട്രീയ പിൻഗാമി' എന്ന് ചിലർ കണക്കാക്കിയ പാണ്ഡ്യൻ, പാർട്ടിയുടെ മുഖ്യ പ്രചാരകനും തന്ത്രജ്ഞനുമായി നിർണായക പങ്ക് വഹിച്ചു. 1974 മെയ് 29 ന് തമിഴ്‌നാട്ടിലാണ് വി കെ പാണ്ഡ്യൻ ജനിച്ചത്. 2011 ൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നവീൻ്റെ പ്രൈവറ്റ് സെക്രട്ടറിയായി ജോലിയിൽ പ്രവേശിച്ചതോടെയാണ് പാണ്ഡ്യൻ്റെ ജീവിതത്തിൽ വഴിത്തിരിവുകൾ ഉണ്ടായത്.
ഒഡീഷയിൽ ജനിച്ച് ഒഡിയ സംസാരിക്കുന്ന ഒരാളായിരിക്കും ബിജെപി മുഖ്യമന്ത്രിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഊന്നിപ്പറഞ്ഞതോടെ പാണ്ഡ്യൻ്റെ തമിഴ് അസ്ഥിത്വം ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ വിഷയങ്ങളിലൊന്നായി മാറി. നവീൻ പട്‌നായിക്കിൻ്റെ ആരോഗ്യനില ചൂണ്ടിക്കാട്ടി ബിജെഡി വീണ്ടും വിജയിച്ചാൽ പാണ്ഡ്യൻ ഒഡീഷ മുഖ്യമന്ത്രിയായി ചുമതലയേൽക്കുമെന്നും ബിജെപി ആരോപിച്ചിരുന്നു.
അതേസമയം, തൻ്റെ പ്രചാരണം തിരഞ്ഞെടുപ്പിൽ ബിജെഡി പരാജയപ്പെടാൻ ഇടയാക്കിയെങ്കിൽ പ്രവർത്തകരോടും നേതാക്കളോടും ക്ഷമ ചോദിക്കുന്നുവെന്ന് വി കെ പാണ്ഡ്യൻ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. താൻ സ്വത്ത് സമ്പാദിച്ചിട്ടില്ലെന്നും സിവിൽ സർവീസിൻ്റെ തുടക്കം മുതൽ ഇന്നുവരെയുള്ള തൻ്റെ സമ്പത്ത് അതേപടി ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒഡീഷയിലെ ജനങ്ങൾക്കും ജഗന്നാഥ ഭഗവാനും വേണ്ടി തൻ്റെ ഹൃദയം എന്നും നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.