Failure | മഴ കൃത്യമായി പ്രവചിക്കാൻ പരാജയപ്പെടുന്നു; നൽകേണ്ടി വരുന്നത് വലിയ വില; വയനാട്ടിൽ സംഭവിച്ചത് അങ്ങനെയോ?
കാലാവസ്ഥാ പ്രവചന സംവിധാനത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്തേണ്ടതിന്റെ ആവശ്യകതയെ ഈ ദുരന്തം വ്യക്തമാക്കുന്നു.
(KVARTHA) നമ്മുടെ സാറ്റലൈറ്റ് ഉപയോഗിച്ചാണ് സൗദി ഉൾപ്പെടെ ഉള്ള ഗൾഫ് രാജ്യങ്ങളിൽ കാലാവസ്ഥ പ്രവചിക്കുന്നത്. എന്നാൽ അവിടൊന്നും ഇവിടത്തെ പോലെ അല്ല. പറഞ്ഞാൽ പറഞ്ഞത് പോലെ ആണ്. കാലാവസ്ഥ പ്രവചനം കുറേക്കൂടി കൃത്യം ആവുകയാണെങ്കിൽ ദുരിതങ്ങൾ കുറയ്ക്കുവാൻ സാധിക്കും. ഇനിയും ഇതുപോലെയുള്ള കാലാവസ്ഥ പ്രവചനമാണെങ്കിൽ ഇനിയാരും സുരക്ഷിതരാകില്ല എന്ന് ഉറപ്പ്. പണ്ടു കാലങ്ങളിൽ നമ്മുടെ കാലാവസ്ഥ പ്രവചനങ്ങൾ കൃത്യവും വ്യക്തവും ആയിരുന്നെങ്കിൽ ഇന്ന് ഈ പ്രവചനത്തിൽ വലിയ വിശ്വാസം പൊതുജനത്തിന് ഇല്ലാതായിരിക്കുന്നു.
ഇന്നത്തെ കാലാവസ്ഥ പ്രവചനങ്ങൾ മൂക്കാൽ ശതമാനവും വിശ്വാസയോഗ്യമാകുന്നില്ല എന്നത് തന്നെ കാരണം. കാലഹരണപ്പെട്ട ഇപ്പോഴത്തെ രീതിയ്ക്ക് മാറ്റങ്ങൾ വരേണ്ടതുണ്ട്. പഴയ കാലത്തെ പോലെ ഇന്നും അനുകരിച്ച് പോന്നാൽ ഭാവിയിലും ഇവിടെ വലിയ ദുരന്തങ്ങൾക്ക് ഇടം നൽകും. ഇതു സംബന്ധിച്ച് ഹൈസ്‌കൂൾ അധ്യാപകനായ റോയി സ്ക്കറിയ എഴുതിയ കുറിപ്പാണ് ശ്രദ്ധയാകർഷിക്കുന്നത്.
കുറിപ്പിൽ പറയുന്നത്: 'ഇന്ത്യയിൽ കാലാവസ്ഥ പ്രവചിക്കുന്നത് ഇന്ത്യൻ മീറ്ററോളജിക്കൽ ഡിപ്പാർട്ട്മെന്റ് (IMD) ആണ്. പലപ്പോഴും അവരുടെ പ്രവചനങ്ങൾ തെറ്റാറുണ്ട്. കാലാവസ്ഥ പ്രവചിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കാലാവസ്ഥ നിയന്ത്രിക്കുന്ന പല ഘടകങ്ങൾ കണക്കിലെടുത്തുവേണം പ്രവചനം നടത്തുക. എങ്കിൽപോലും ശാസ്ത്ര സാങ്കേതിക മേഖലകളിൽ ഉണ്ടായ പുരോഗതി കുറച്ചുകൂടി കൃത്യമായ പ്രവചനം നടത്തുവാൻ സഹായിക്കുകയില്ലേ? കൃത്യമായ പ്രവചനങ്ങൾ ഡിസാസ്റ്റർ മാനേജ്മെന്റിന് വളരെ സഹായിക്കും.
ഉദാഹരണം പറയുകയാണെങ്കിൽ വയനാട്ടിൽ പടിഞ്ഞാറത്തറ എന്ന സ്ഥലത്ത് ഒരു ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ ഉണ്ട്. അവിടുത്തെ മഴമാപിനിയിൽ ജൂലൈ 29 രാവിലെ എട്ടരയ്ക്ക് ലഭിച്ച മഴ 134 മി.മീ. ഉച്ചകഴിഞ്ഞ് മൂന്നുമണി ആയപ്പോഴേക്കും അത് എക്സ്ട്രീം റെയിൻ ഫാൾ എന്ന നിലയിലേക്ക് മാറി. അതായത് 206 മി മീ. രാത്രി ഒരു മണി ആയപ്പോൾ 300 മി മീ. തൊട്ടടുത്തുള്ള മുണ്ടക്കയിൽ ഉരുൾപൊട്ടുന്നത് രാത്രി ഒരുമണി കഴിഞ്ഞാണ്. ജൂലൈ 30 രാവിലെ എട്ടരയ്ക്ക് അതുവരെ പെയ്ത മഴ 467 മി മീ. അതിനുശേഷം മാത്രമാണ് ഐ എം ഡി ഓറഞ്ച് അലർട്ട് മാറ്റി റെഡ് അലർട്ട് ആക്കിയത്.
തുടർന്നുള്ള 24 മണിക്കൂറിൽ മുണ്ടക്കയിൽ വലിയ മഴ പെയ്തില്ല. മഴ കൃത്യമായി പ്രവചിക്കുവാൻ പരാജയപ്പെടുന്നു. ഓരോ പരാജയങ്ങൾക്കും വലിയ വില നൽകേണ്ടി വരുന്നു. ചെറുപ്പകാലത്ത് റേഡിയോയിൽ കേട്ടിരുന്നത്, ഇന്ന് ഇടിയോടുകൂടി മഴ ഉണ്ടാകുവാൻ സാധ്യത ഉണ്ട് എന്നായിരുന്നു. ഈ ആധുനിക യുഗത്തിലും അതിൽ നിന്ന് വലിയ മാറ്റങ്ങൾ ഒന്നും പ്രവചിക്കാൻ ഐ എം ഡിക്ക് സാധിക്കുന്നില്ല'.
ശരിക്കും ഇന്നാട്ടിലെ പൊതുജനം ഉള്ളിൽ പറയുന്നത് തന്നെയാണ് കുറിപ്പുകാരനും പ്രതിപാദിച്ചിരിക്കുന്നത്. വയനാട് ചൂരൽമലയിൽ സംഭവിച്ചതുപോലെയുള്ള കാര്യങ്ങൾ ഇനി ഇവിടെ സംഭവിക്കാതിരിക്കണമെങ്കിൽ കാലാവസ്ഥ പ്രവചനങ്ങളും സത്യന്ധമാകേണ്ടിയിരിക്കുന്നു. അത് ഈ രീതിയിൽ പോയാൽ പോരാ ആ മേഖയിൽ വലിയ മാറ്റങ്ങൾ തന്നെ വരേണ്ടതാണ്. ദുരിതത്തിൽപെട്ടവരെ സഹായിക്കുവാൻ വേണ്ടി പണം കൊടുത്തവർക്കും ഒരുപാട് കാര്യങ്ങൾ പറയുവാൻ ഉണ്ടാകും. ഇതുപോലെയുള്ള സന്ദേശങ്ങൾ ഉത്തരവാദിത്വപ്പെട്ടവർ മുഖവിലയ്ക്കെടുക്കേണ്ടതാണെന്ന് അഭ്യർത്ഥിക്കുന്നു.