കാട്ടുതീയ്ക്ക് പിന്നാലെ ഓസ്ട്രേലിയയില്‍ കൊടുങ്കാറ്റും പേമാരിയും; പലഭാഗത്തും വീടുകളും വിനോദസഞ്ചാര മേഖലകളും വെള്ളത്തിനടിയില്‍; ക്യൂന്‍സ്ലന്‍ഡിലെ പ്രധാന പാതകളെല്ലാം ശനിയാഴ്ച മുതല്‍ അടച്ചിട്ടു

 



സിഡ്നി: (www.kvartha.com 20.01.2020) ഓസ്ട്രേലിയയില്‍ കാട്ടുതീയ്ക്ക് പിന്നാലെ ശക്തമായ കൊടുങ്കാറ്റും ചുഴലിക്കാറ്റും . ന്യൂസൗത്ത് വെയില്‍സിലും വിക്ടോറിയയിലുമാണ് കനത്ത കൊടുംങ്കാറ്റും പേമാരിയുമുണ്ടായത്. പ്രദേശത്ത് കനത്ത മഴയ്ക്കു പിന്നാലെ ആലിപ്പഴം വന്‍തോതില്‍ വീഴുന്നതും വ്യാപക നാശനഷ്ടമുണ്ടാക്കി.

കാട്ടുതീയ്ക്ക് പിന്നാലെ ഓസ്ട്രേലിയയില്‍ കൊടുങ്കാറ്റും പേമാരിയും; പലഭാഗത്തും വീടുകളും വിനോദസഞ്ചാര മേഖലകളും വെള്ളത്തിനടിയില്‍; ക്യൂന്‍സ്ലന്‍ഡിലെ പ്രധാന പാതകളെല്ലാം ശനിയാഴ്ച മുതല്‍ അടച്ചിട്ടു

മെല്‍ബണിലും കാന്‍ബറയിലും ആലിപ്പഴവീഴ്ചയില്‍ കാറുകളുടെയും വീടുകളുടെയും ചില്ലുകള്‍ തകര്‍ന്നു. അപകടത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വൊള്ളപ്പൊക്കത്തെ തുടര്‍ന്ന് ക്യൂന്‍സ്ലന്‍ഡിലെ പ്രധാന പാതകളെല്ലാം ശനിയാഴ്ച മുതല്‍ അടച്ചിട്ടിരിക്കുകയാണ്. പലഭാഗത്തും വീടുകളും വിനോദസഞ്ചാര മേഖലകളും വെള്ളത്തിനടിയിലാണ്.

വിക്ടോറിയയില്‍ പലയിടങ്ങളിലും മേഘവിസ്ഫോടനത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നോര്‍ത്ത് സൗത്ത് വെയില്‍സില്‍ 69 സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസവും തീപടരുന്നുണ്ട്.

പൈറോക്യുമുലോനിംബസ് മേഘങ്ങള്‍ വഴിയുള്ള കൊടുങ്കാറ്റ് വിക്ടോറിയയുടെ തെക്കന്‍ മേഖലകളില്‍ രൂപപ്പെടുമെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞയാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. അതീവ അപകടകരമായ സ്ഥിതിവിശേഷം എന്നാണ് അഗ്‌നിരക്ഷാസേന ഇതിനെ വിശേഷിപ്പിച്ചത്. ഏകദേശം 16 കിലോമീറ്റര്‍ ഉയരത്തിലായിരുന്നു ഈ മേഘങ്ങളുടെ രൂപീകരണം.

കാട്ടുതീ, അഗ്‌നിപര്‍വത സ്‌ഫോടനം തുടങ്ങിയ അവസരങ്ങളിലാണു പ്രധാനമായും പൈറോക്യുമുലോനിംബസ് മേഘങ്ങള്‍ രൂപപ്പെടുക. കൊടുംചൂടിനെത്തുടര്‍ന്ന് ചുറ്റുമുള്ള വായു ചൂടുപിടിച്ച് മുകളിലേക്ക് ഉയരുന്നതില്‍ നിന്നാണു തുടക്കം. കാട്ടുതീയില്‍ നിന്നുള്ള ചൂടിന്റെ ശക്തി കാരണം വായു മുകളിലേക്ക് അതിവേഗം പായുകയും ചെയ്യും. കിലോമീറ്ററുകളോളം പുകപടലങ്ങളും ചാരവും ഇതോടൊപ്പം സഞ്ചരിക്കും. കാട്ടുതീ എത്രമാത്രം ശക്തമാണോ അത്രയേറെ മുകളിലേക്ക് ഈ ചാരവും പുകയുമെത്തും.

പൈറോക്യുമുലോനിംബസ് മേഘങ്ങള്‍ മഴയെക്കാളധികം ഇടിമിന്നലാണു സൃഷ്ടിക്കുന്നത്; ഒപ്പം കൊടുങ്കാറ്റും. മിന്നല്‍ വഴി പുതിയ ഇടങ്ങളില്‍ കാട്ടുതീയുണ്ടാകുമ്പോള്‍ കൊടുങ്കാറ്റ് തീ പടരാനിടയാക്കുന്നു. ഓസ്‌ട്രേലിയയില്‍ ഇവയ്‌ക്കൊപ്പം 'ഫയര്‍ ടൊര്‍ണാഡോ' കൂടി രൂപപ്പെട്ടിരുന്നു. ഈ തീച്ചുഴലിക്കാറ്റിന്റെ പിടിയില്‍പ്പെട്ട് ഒരു അഗ്‌നിശമനസേനാംഗം കഴിഞ്ഞയാഴ്ച കൊല്ലപ്പെട്ടു. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ഇത്തരം ചുഴലിക്കാറ്റുകള്‍ രൂപപ്പെടുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പും നല്‍കിയിരുന്നു.

ശക്തമായ മഴ തീയണയ്ക്കാന്‍ സഹായിക്കുമെന്ന് കണക്കുകൂട്ടിയെങ്കിലും ചുഴലിക്കാറ്റും പേമാരിയും കനത്ത നാശം വിതയ്ക്കുന്നത് അധികൃതരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കനത്ത ചൂടും ശക്തമായ കാറ്റും തുടരുന്നത് കാട്ടുതീ ഭീഷണി വര്‍ധിപ്പിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, World, Australia, Storm, Rain, Australia fires: Storms wreak damage but bushfires 'far from over'
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia