അഞ്ചു മണ്ഡലങ്ങളിലായി 69.93 ശതമാനം പോളിംഗ്, ഏറ്റവും കൂടുതല്‍ അരൂരില്‍, മഴ ചതിച്ച എറണാകുളത്ത് 57.9 ശതമാനം മാത്രം, വോട്ടര്‍മാരില്‍ രണ്ടുപേര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവര്‍

 


തിരുവനന്തപുരം: (www.kvartha.com 22/10/2019) സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 69.93 ശതമാനം പോളിംഗ് നടന്നതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അന്തിമകണക്കുപ്രകാരം മഞ്ചേശ്വരത്ത് 75.78, എറണാകുളത്ത് 57.9, അരൂരില്‍ 80.47, കോന്നിയില്‍ 70.07, വട്ടിയൂര്‍ക്കാവില്‍ 62.66 ശതമാനം പോളിംഗ് നടന്നു.

  അഞ്ചു മണ്ഡലങ്ങളിലായി 69.93 ശതമാനം പോളിംഗ്, ഏറ്റവും കൂടുതല്‍ അരൂരില്‍, മഴ ചതിച്ച എറണാകുളത്ത് 57.9 ശതമാനം മാത്രം, വോട്ടര്‍മാരില്‍ രണ്ടുപേര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവര്‍

അഞ്ചു മണ്ഡലങ്ങളിലുമായുള്ള 896 പോളിംഗ് ബൂത്തുകളില്‍ ആകെയുണ്ടായിരുന്ന 9,57,509 വോട്ടര്‍മാരില്‍ 6,69,596 പേര്‍ വോട്ടു രേഖപ്പെടുത്തി. ഇതില്‍ 3,26,038 പേര്‍ പുരുഷന്‍മാരും, 3,43,556 പേര്‍ സ്ത്രീകളും, രണ്ടുപേര്‍ ട്രാന്‍സ്‌ജെന്‍ഡറുകളുമാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ 13.7 ശതമാനം പോളിംഗ് എറണാകുളത്ത് കുറഞ്ഞിട്ടുണ്ട്. മഞ്ചേശ്വരത്ത് 0.41 ശതമാനവും അരൂരില്‍ 4.96 ശതമാനവും കോന്നിയില്‍ 3.12 ശതമാനവും വട്ടിയൂര്‍ക്കാവില്‍ 7.17 ശതമാനവും 2016 നേക്കാള്‍ കുറവുണ്ട്. ഇത്തവണ 132 പോളിംഗ് ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തിയിരുന്നു. 125 ബൂത്തുകളില്‍ വീഡിയോ ചിത്രീകരിച്ചിട്ടുണ്ട്.

വോട്ടെടുപ്പില്‍ വിവി പാറ്റുകള്‍ തകരാറിലായതിന്റെ എണ്ണവും കുറവായിരുന്നു. മഞ്ചേശ്വരത്ത് 24 എണ്ണവും എറണാകുളത്ത് അഞ്ചെണ്ണവും അരൂരില്‍ ഏഴെണ്ണവും കോന്നിയില്‍ 11 എണ്ണവും വട്ടിയൂര്‍ക്കാവില്‍ നാലെണ്ണവും തകരാറിലായി.

വോട്ടെണ്ണല്‍ 24ന് നടക്കും. രാവിലെ എട്ടുമുതലാണ് അഞ്ചു മണ്ഡലങ്ങളിലും വോട്ടെണ്ണാന്‍ തുടങ്ങുക. മഞ്ചേശ്വരത്ത് ഗവ. എച്ച്എസ്എസ് പൈവളികെ നഗറിലും, എറണാകുളത്ത് മഹാരാജാസ് കോളജിലും അരൂരില്‍ എന്‍എസ്എസ് കോളജ് പള്ളിപ്പുറം ചേര്‍ത്തല, കോന്നിയില്‍ അമൃത വിഎച്ച്എസ്എസ് എലിയറയ്ക്കല്‍, വട്ടിയൂര്‍ക്കാവില്‍ സെന്റ് മേരീസ് എച്ച്എസ്എസ് പട്ടം എന്നിവിടങ്ങളിലാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍.

വോട്ടിംഗ് മെഷീനുകള്‍ സ്ട്രോംഗ് റൂമില്‍ അതീവസുരക്ഷയോടെയാണ് സൂക്ഷിച്ചിരിക്കുന്നത്. കേന്ദ്ര അര്‍ധസൈനിക വിഭാഗങ്ങള്‍ക്കാണ് സുരക്ഷാ ചുമതല. ഇന്നര്‍ സര്‍ക്കിളില്‍ സിആര്‍പിഎഫിന്റേതാണ് സുരക്ഷ. എല്ലാ കേന്ദ്രങ്ങളും സിസിടിവി നിരീക്ഷണത്തിലാണ്. ഇരട്ട ലോക്ക് സംവിധാനത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.

ആദ്യം തപാല്‍ ബാലറ്റുകള്‍ എണ്ണും. തുടര്‍ന്ന് ഇവിഎമ്മുകള്‍ എണ്ണും. എല്ലാ മണ്ഡലങ്ങളിലും അഞ്ച് ബൂത്തുകളിലെ വിവി പാറ്റ് സ്ലിപ്പുകള്‍ എണ്ണും. വിവി പാറ്റ് സ്ലിപ്പുകള്‍ എണ്ണുന്നത് പ്രത്യേക സിസിടിവി നിരീക്ഷണത്തിലായിരിക്കും. കൂടാതെ ഇവ എണ്ണുന്നത് പൂര്‍ണമായി വീഡിയോയില്‍ പകര്‍ത്തും. വോട്ടെടുപ്പ് പ്രക്രിയ സുഗമമായി പൂര്‍ത്തിയാക്കാന്‍ സഹായിച്ച എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ നന്ദി അറിയിച്ചു.


Keywords:  Kerala, Thiruvananthapuram, Ernakulam, News, Rain, Election, By-election, polling, Transgender, Bye election: 69.93% polling

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia