Kerala Weather | മറാത്തവാഡയ്ക്ക് മുകളിലായി ചക്രവാതച്ചുഴി; സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറന്‍ജ് ജാഗ്രത
മീന്‍പിടുത്തത്തിനും വിലക്ക് ഏര്‍പെടുത്തിയിട്ടുണ്ട്.
കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത.
മലയോര മേഖലയിലും ജാഗ്രത തുടരുകയാണ്.
തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്ത് ചൊവ്വാഴ്ചയും (11.06.2024) പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മറാത്തവാഡയ്ക്ക് മുകളിലായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. ഒറ്റപ്പെട്ട ചിലയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ചൊവ്വാഴ്ച ഓറന്‍ജ് ജാഗ്രതയായിരിക്കും. ബുധനാഴ്ചയും (12.06.2024) ഈ ജില്ലകളില്‍ ഓറന്‍ജ് ജാഗ്രതയാണ്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ചൊവ്വാഴ്ച മഞ്ഞ ജാഗ്രതയാണ്.
ചൊവ്വാഴ്ച കേരളത്തില്‍ ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്ക്കും കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്. കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരത്തു നിന്നും മീന്‍പിടുത്തത്തിനും വിലക്ക് ഏര്‍പെടുത്തിയിട്ടുണ്ട്.
കേരള തീരത്തും തമിഴ്‌നാട് തീരത്തും ബുധനാഴ്ച രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സുമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മലയോര മേഖലയിലും ജാഗ്രത തുടരുകയാണ്.