Landslides | കണിച്ചാറിലെ ഉരുള്‍പൊട്ടല്‍: കുസാറ്റ് വിദഗ്ധന്റെ റിപോര്‍ടിനെതിരെ ദുരന്തനിവാരണ അതോറിറ്റി

 


കണ്ണൂര്‍: (www.kvartha.com) ജില്ലയിലെ കണിച്ചാര്‍ പഞ്ചായതില്‍ നടന്ന ഉരുള്‍ പൊട്ടലുകള്‍ സംബന്ധിച്ച് സര്‍കാര്‍ സംവിധാനങ്ങളൊന്നും അറിഞ്ഞില്ലെന്ന് കുസാറ്റ് സര്‍വകലാശാലയിലെ ഒരു കാലാവസ്ഥാ നിരീക്ഷകന്‍ സ്ഥലം സന്ദര്‍ശിച്ചതിന് ശേഷം തയ്യാറാക്കിയ റിപോര്‍ട് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തള്ളി.
                 
Landslides | കണിച്ചാറിലെ ഉരുള്‍പൊട്ടല്‍: കുസാറ്റ് വിദഗ്ധന്റെ റിപോര്‍ടിനെതിരെ ദുരന്തനിവാരണ അതോറിറ്റി

ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നത് ഇങ്ങനെ:

'കണിച്ചാര്‍ പഞ്ചായതില്‍ നടന്ന ഉരുള്‍ പൊട്ടലുകള്‍ സംബന്ധിച്ച് കുസാറ്റ് സര്‍വകലാശാലയിലെ കാലാവസ്ഥാ നിരീക്ഷകനെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോ, ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയോ, പഞ്ചായത് കമിറ്റിയോ എന്തെങ്കിലും തരത്തിലുള്ള പഠനങ്ങള്‍ നടത്തുവാന്‍ ചുമതലപ്പെടുത്തിയിട്ടില്ല. ഇദ്ദേഹത്തിന്റെതായി പുറത്തു വന്ന റിപോര്‍ടില്‍ പരാമര്‍ശിച്ച കാലാവസ്ഥാ നിരീക്ഷകന്‍ നടത്തിയ ഒരു തരത്തിലുള്ള പ്രയോജനകരമായ പഠനങ്ങളും കുസാറ്റ് സര്‍വകലാശാലയുടെ സര്‍കാര്‍ തലത്തില്‍ വിഷയങ്ങള്‍ അവതരിപ്പിക്കുവാന്‍ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ ഔദ്യോഗികമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് നാളിതുവരെ ലഭ്യമാക്കിയിട്ടില്ല.

കണിച്ചാര്‍ പഞ്ചായത് കമിറ്റിയിലെ എല്ലാ അംഗങ്ങളും, തഹസില്‍ദാര്‍, സ്ഥലം വിലേജ് ഓഫീസര്‍, അഗ്നി രക്ഷാ സേന, പട്ടിക വര്‍ഗ വകുപ്പ്, സിവില്‍ ഡിഫന്‍സ്, ദേശീയ ദുരന്ത പ്രതികരണ സേന എന്നീ സര്‍കാര്‍ സംവിധാനങ്ങള്‍ ഉരുള്‍ പൊട്ടല്‍ ഉണ്ടായ ആദ്യ ദിവസം മുതല്‍ പ്രദേശത്ത് ആവശ്യമായ ദുരിതാശ്വാസ സഹായം നല്‍കിയിട്ടുണ്ട്. തൊട്ടടുത്ത ദിവസം നടന്ന ജില്ലാ കലക്ടര്‍മാരുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അടിയന്തിര ഘട്ടങ്ങളില്‍ നടത്തുന്ന യോഗത്തില്‍ സ്ഥലം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിലെ വിദഗ്ധര്‍ സന്ദര്‍ശിക്കണം എന്ന് ജില്ലാ കലക്ടര്‍ നേരിട്ട് ആവശ്യപ്പെടുകയും, സംസ്ഥാന ദുരിതാശ്വാസ കമീഷണര്‍ ആവശ്യം അംഗീകരിക്കുകയും ചെയ്തു.

തുടര്‍ന്ന് കണിച്ചാര്‍ പഞ്ചായത് പ്രസിഡന്റ് നേരിട്ട് കലക്ടര്‍ക്കും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കും കത്ത് നല്‍കുകയും പ്രദേശത്ത് പൊതുവില്‍ ദുരന്ത പ്രതിരോധ ആസൂത്രണം നടത്തി ദീര്‍ഘകാല പരിഹാരം കണ്ടെത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മേല്‍ തീരുമാനങ്ങളും, ആവശ്യങ്ങളും പരിഗണിച്ചാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിലെ ഉരുള്‍പൊട്ടല്‍/മണ്ണിടിച്ചില്‍ വിദഗ്ധര്‍ സ്ഥലം സന്ദര്‍ശിച്ചത്. ഇനിയും ചില വിഷയ വിദഗ്ധര്‍ തുടര്‍ന്നുള്ള ആഴ്ചകളില്‍ സ്ഥലം സന്ദര്‍ശിക്കും.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിഷയത്തില്‍ ഇടപെട്ടത് കണിച്ചാര്‍ പഞ്ചായത് കമിറ്റിയുടെ അഭ്യര്‍ഥന മാനിച്ച് പ്രദേശത്തെ ദുരന്ത സാധ്യതാ മേഖലയില്‍ വസിക്കുന്നവര്‍ക്ക് ചട്ടങ്ങള്‍ക്കനുസരിച്ച് നല്‍കാവുന്ന പരമാവധി സഹായം ലഭ്യമാക്കുവാന്‍ സാധ്യതകള്‍ ആരായാനും, ദീര്‍ഘകാല ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും ആണ്. സര്‍കാരില്‍ നിക്ഷിപ്തമായ ഇത്തരം ജനക്ഷേമകരമായ കടമകള്‍ നിര്‍വഹിക്കുവാന്‍ ശേഷിയും കാര്യപ്രാപ്തിയും ഉള്ള ഭരണ നേതൃത്വമാണ് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ സംസ്ഥാനത്തെ ദുരന്ത പ്രതിരോധ-പ്രതികരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്'.

Keywords:  Latest-News, Kerala, Kannur, Landslide, Rain, Report, Panchayath, University, Top-Headlines, Landslides in Kanichar, Disaster Management Authority in Kerala, Landslides in Kanichar: Disaster management authority against expert's report.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia