കവി എസ് അബൂബക്കര്‍ പട്‌ലയുടെ മഴ, തീവണ്ടി, എയര്‍പോര്‍ട്ട്, ദുബായ് എന്നീ കവിതകള്‍

 


എസ് അബൂബക്കര്‍ പട്‌ല

1. മഴ


പുറത്ത് നല്ല
മഴ പെയ്യുന്നു.
കാറ്റ് വീശുന്നു
ഇടിമിന്നലില്ലാത്ത
ചിന്നം പിന്നം മഴ
പുറത്തിരിക്കാന്‍
തോന്നുന്നു

പുറത്തിറങ്ങി
മഴ നനയാന്‍
തോന്നുന്നു.

രാത്രിയായല്ലോ
ഇനി പുറത്തിറങ്ങണ്ട
എന്ന് പ്രണയിനി

മഴയെ പ്രണയിച്ചവര്‍ക്കെന്ത്
പ്രണയിനി എന്ന് ഓഷോ സാഹിബ്.
നനയാന്‍ മനസ്സുള്ളവരുടെ
അകം പൊള്ളിക്കുന്ന
കുളിര്‍ മഴ

സ്‌നേഹ മഴയുടെ
മരം വീണ കറന്റക്കാടുകളില്‍
ഫാസിസത്തിന്റെ
അവുളക്കുട്ടി അദ്ധ്യക്ഷന്‍.

മഴ പെയ്യട്ടെ
രാഷ്ടീയം ചത്ത
രാത്രികളില്‍
മഴ തിമര്‍ത്തു
പെയ്യട്ടെ

ഇടികള്‍
മുട്ടട്ടെ
മിന്നലുകള്‍
എറിയട്ടെ.


കവി എസ് അബൂബക്കര്‍ പട്‌ലയുടെ മഴ, തീവണ്ടി, എയര്‍പോര്‍ട്ട്, ദുബായ് എന്നീ കവിതകള്‍

2. തീവണ്ടി

തീവണ്ടി പായുന്നു
ചൂളം വിളിക്കാതെ
ജനാല തുറന്നിരിക്കുന്നു
ഇളം തെന്നല്‍ തലോടുന്നു

അകം നിറഞ്ഞിരിക്കുന്നു
ജനം തളര്‍ന്നിരിക്കുന്നു
ദൂരെ നിന്നും വരുന്നവര്‍ ചിലര്‍
ചിന്തയുടെ ഭാരവുമായി പലര്‍

കുട്ടികള്‍ കരയുന്നു
തൊട്ടടുത്തൊരാള്‍ ഉറങ്ങുന്നു
പഴയയാളുകള്‍ ഇറങ്ങുന്നു
പുതിയ ജനം കയറുന്നു.

കാറ്റ് വീശുന്നു
തണുത്ത കാറ്റ് വീശുന്നു
ഇരുട്ട് കേറുന്നു
ഉറക്കം തൂങ്ങുന്നു.

ഇനിയുമുണ്ട് ദൂരം
എവിടെയെത്തിയെന്നൊരാള്‍
ആപ്പ് തുറന്ന് നോക്കി ഞാന്‍
കണ്ണപുരം കഴിഞ്ഞെന്ന് മൊഴിഞ്ഞു വീണ്ടും
കവിതയായ് മുന്നില്‍
താഴ്മയോട് നില്‍ക്കുന്നു.

അടുത്ത കവിത
വിമാനം കയറി വരും
തീവണ്ടിയില്‍ വന്ന കവിതെ
നിന്നെ ഇനിയെന്ന് കാണും പ്രിയെ....

കവി എസ് അബൂബക്കര്‍ പട്‌ലയുടെ മഴ, തീവണ്ടി, എയര്‍പോര്‍ട്ട്, ദുബായ് എന്നീ കവിതകള്‍

3. എയര്‍പോര്‍ട്ട്


വിമാനത്താവളം
ആളുകളെ അങ്ങകലെയുള്ള
ഏതോ ചില വിഷാദ
താവളങ്ങളിലേക്ക്
ആനയിക്കും.

എല്ലാ കടമ്പകളും
അനസ്യൂതം കടന്നു പോകും

ബന്ധങ്ങളെ അറുത്തു മാറ്റുന്ന
വൃത്തിയും വെടിപ്പുമുള്ള
വ്യാജ മനുഷ്യര്‍
വാഴുന്ന പൊതുയിടം.

വിമാനം വന്നു കഴിഞ്ഞാല്‍
നിങ്ങള്‍ പോയോ തീരൂ.
വിളിക്കുമ്പോള്‍ പോകണം
ജീവിതം പോലെ
മരണം പോലെ
ഒരു വിളിയാണ്
ഒരോ വിളിയും
കിളിനാദം പോലെ
സംഗീതാത്മകം!

തണുത്തു വിറക്കുന്നു
ശീതീകരണ യന്ത്രത്തിന്
തണുപ്പ് കാലത്ത്
ശുഷ്‌കാന്തി കൂടുതലാണ്.

പെണ്‍കുട്ടി വരട്ടെ
ഒരു പുതപ്പ് ചോദിക്കണം
കേട്ടില്ല?
അതെ, കമ്പിളിപ്പുതപ്പ് തന്നെ.

ഇനി അടുത്ത സ്റ്റോപ്പില്‍
മരുഭൂമിയിലെ
ചൂടുള്ള കവിതയെ
കാണും വരെ
എനിക്കുറങ്ങണം.

കവി എസ് അബൂബക്കര്‍ പട്‌ലയുടെ മഴ, തീവണ്ടി, എയര്‍പോര്‍ട്ട്, ദുബായ് എന്നീ കവിതകള്‍

4. ദുബായ്
തിമര്‍ത്തുപെയ്യുന്ന
മഴയുടെ താളം പതിയെ
വരണ്ട മിതോഷ്ണ
കാലത്തിലേക്ക്
മിഴിനട്ട്
വലതുകാല്‍ വെച്ച്
ബസ് കയറും

അനേകം വര്‍ഗ്ഗവംശങ്ങളെ
മാറോടണച്ച്
ദുബായ് നഗരം നിങ്ങളെ
രണ്ട് ടാബ് അടിച്ച
മായാ ലോകത്തിലേക്ക്
കൂട്ടിക്കൊണ്ട് പോകും.

നഗരകാഴ്ച്ചകളുടെ
വര്‍ണ്ണ പ്രപഞ്ചത്തില്‍
കൂട്ടുകാരുടെ സൊറ പറച്ചില്‍
രാത്രി വളരെ വൈകിയും
ഉച്ചത്തിലുയരും.

നഗരത്തിലെത്തിയാല്‍
അന്ന് വിളിക്കാമെന്നുറച്ച വാക്ക്
കൊടുത്തവര്‍ കാത്തിരിക്കും
നിങ്ങള്‍ എല്ലാം മറന്ന്
ഏതോ കിനാവിന്റെ ലോകത്ത്
നിലാവിന്റെ അറ്റത്ത്
മയങ്ങി വീഴും.

പിന്നെയെല്ലാം
പഴയ ഓര്‍മ്മകളാണ്
സന്ധ്യാനേരം
കടല്‍ക്കരയില്‍
വര്‍ഷം ഒന്ന് തികക്കാന്‍
കണ്ണും നട്ടവന്‍
പതിറ്റാണ്ടുകള്‍ പൊള്ളിച്ചു
കടന്നു പോയവന്‍
പ്രതീക്ഷയുടെ വന്‍കടല്‍
താണ്ടിയവന്‍
വീണ്ടും പഴയ
കടല്‍ത്തീരം തേടിപ്പോകും
ജീവിച്ച വര്‍ഷങ്ങളുടെയും
വര്‍ഷിച്ച ജീവിതങ്ങളുടെയും
കണക്കെടുപ്പുമായി
മെല്ലെ മിഴി തുറക്കും
നിലാവ് പെയ്യുന്ന
നഗരം സാക്ഷിയാക്കി
സ്വപ്നങ്ങള്‍ നെയ്ത് കൂട്ടും.

കവി എസ് അബൂബക്കര്‍ പട്‌ലയുടെ മഴ, തീവണ്ടി, എയര്‍പോര്‍ട്ട്, ദുബായ് എന്നീ കവിതകള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Poem, Malayalam, Rain, Train, Dubai, Airport, malayalam poems written by s aboobacker patla
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia