Rescues sisters | തോട്ടില്‍ വീണ സഹോദരിമാരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് കൂട്ടുകാരി
Jul 5, 2022, 21:30 IST
കാസര്‍കോട്: (www.kvartha.com) തോട്ടില്‍ വീണ സഹോദരിമാരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് കൂട്ടുകാരി. പെരുമഴയത്ത് കുത്തിയൊഴുകിയ തോട്ടിലേക്ക് എടുത്തുചാടിയാണ് കൂട്ടുകാരികളെ ശ്രീദുര്‍ഗാദാസ് എന്ന ഒന്‍പതാം ക്ലാസുകാരി രക്ഷിച്ചത്. ഒപ്പം കരയില്‍ നിന്നിരുന്ന ആറാം ക്ലാസുകാരിയുടെ സഹായവും ഉണ്ടായിരുന്നു.
കോളിയടുക്കം വയലാംകുഴിയിലെ ബി അരവിന്ദാക്ഷന്റെയും കെ സുമയുടെയും മക്കളായ ബി നന്ദന, ബി നിരഞ്ജന എന്നിവരാണ് തോട്ടില്‍ നിന്നും കരകയറി ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
ഞായറാഴ്ച വൈകിട്ട് നൃത്തപഠനം കഴിഞ്ഞ് എളുപ്പവഴിയിലൂടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു നാല്‍വര്‍സംഘം. ശക്തമായ മഴയില്‍ കുടയും പിടിച്ചുള്ള നടത്തത്തിനിടയില്‍ വയലാംകുഴി തോടിന്റെ അരികിടിഞ്ഞ് നിരഞ്ജന തോട്ടിലേക്ക് വീഴുകയായിരുന്നു.
കനത്ത മഴയെത്തുടര്‍ന്ന് നിറഞ്ഞ തോട്ടില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നു. അനിയത്തി മുങ്ങുന്നതുകണ്ട് രക്ഷിക്കാനായി നീന്തലറിയാത്ത നന്ദനയും തോട്ടിലേക്ക് എടുത്തുചാടി. എന്നാല്‍ ഒഴുക്കിനെ അതിജീവിച്ച് കരപിടിക്കാന്‍ നീന്തലറിയാത്ത സഹോദരിമാര്‍ക്ക് കഴിഞ്ഞില്ല. രണ്ടുപേരും കൈകാലിട്ടടിച്ച് മുങ്ങിയും പൊങ്ങിയും ഒഴുകിത്തുടങ്ങി. ഇതോടെ കരയിലുണ്ടായിരുന്ന ശ്രീദുര്‍ഗാദാസ് വെള്ളത്തിലേക്ക് ചാടി ഇരുവരെയും രക്ഷിക്കുകയായിരുന്നു. ശ്രീദുര്‍ഗാദാസിന് നീന്തലറിയാമായിരുന്നു.
കരയിലുണ്ടായിരുന്ന ഗായത്രിദാസ് ഇതൊക്കെ കണ്ട് പകച്ചുപോയെങ്കിലും വെള്ളത്തില്‍ വീണവരെ കരകയറ്റാന്‍ കൈയിലുണ്ടായിരുന്ന കുട നീട്ടി ശ്രീദുര്‍ഗാ ദാസിനെ സഹായിച്ചു. സാധാരണ മുട്ടോളം വെള്ളം മാത്രമുണ്ടാകുന്ന തോട്ടില്‍ ശക്തമായ മഴയെത്തുടര്‍ന്ന് ഒരാള്‍പൊക്കത്തില്‍ വെള്ളമുയര്‍ന്നിരുന്നു. വയലാംകുഴിയിലെ കെ വി തുളസിദാസിന്റെയും സുമിതയുടെയും മകളാണ് ശ്രീദുര്‍ഗാദാസ്. ചെമ്മനാട് ജി എച് എസ് എസില്‍ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിയാണ്.
നന്ദന ചെമ്മനാട് ജി എച് എസ് എസില്‍ ഒന്‍പതിലും അനിയത്തി നിരഞ്ജനയും കൂട്ടുകാരി ഗായത്രിദാസും കോളിയടുക്കം ജി യു പി എസില്‍ ആറാം തരത്തിലും പഠിക്കുന്നു. കെ വി ഹരിദാസിന്റെയും സി വി വിധുബാലയുടെയും മകളാണ് ഗായത്രിദാസ്.
Keywords: Sree Durga and Gayathri rescues sisters from drowning, Kasaragod, News, Sisters, Girl students, Rain, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.