സംസ്ഥാനത്തുടനീളം വേനല്‍ മഴ കനക്കുന്നു; പല ജില്ലകളിലും നാശനഷ്ടങ്ങള്‍, ഏകര്‍ കണക്കിന് കൃഷിനാശം, ഫെഡറേഷന്‍ കപ് അത് ലറ്റിക് മീറ്റിന്റെ പന്തല്‍ തകര്‍ന്നുവീണു, വീടിന്റെ മേല്‍ക്കൂര പറന്നു

 


തിരുവനന്തപുരം: (www.kvartha.com 06.04.2022) സംസ്ഥാനത്തുടനീളം വേനല്‍ മഴ കനക്കുന്നു. പല ജില്ലകളിലും നാശനഷ്ടങ്ങള്‍ റിപോര്‍ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് മലയോര മേഖലകളിലും എറണാകുളത്തും ഏകര്‍ കണക്കിന് കൃഷിനാശമാണ് മഴയില്‍ സംഭവിച്ചത്.

സംസ്ഥാനത്തുടനീളം വേനല്‍ മഴ കനക്കുന്നു; പല ജില്ലകളിലും നാശനഷ്ടങ്ങള്‍, ഏകര്‍ കണക്കിന് കൃഷിനാശം, ഫെഡറേഷന്‍ കപ് അത് ലറ്റിക് മീറ്റിന്റെ പന്തല്‍ തകര്‍ന്നുവീണു, വീടിന്റെ മേല്‍ക്കൂര പറന്നു


അടുത്ത മൂന്ന് മണിക്കൂറില്‍ കാസര്‍കോട് ഒഴികെ എല്ലാ ജില്ലയിലും ഇടിയോട് കൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. എറണാകുളത്തും പത്തനംതിട്ടയിലും യെലോ അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കൊല്ലത്തും ശക്തമായ മഴയാണ് പെയ്തത്. തെന്മല, ആര്യങ്കാവ്, കുളത്തുപ്പുഴ എന്നിവിടങ്ങളിലൊക്കെ ശക്തമായ മഴ പെയ്തു. വലിയരീതിയില്‍ നാശനഷ്ടങ്ങളാണ് മലയോര മേഖലകളില്‍ റിപോര്‍ട് ചെയ്തത്. ബുധനാഴ്ച പുലര്‍ച്ചെ പത്തനാപുരം കൊട്ടാരക്കര മേഖലകളില്‍ നേരിയ തോതില്‍ ഭൂചനവും റിപോര്‍ട് ചെയ്തു. റിക്ടര്‍ സ്‌കെയിലില്‍ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചനമാണ് അനുഭവപ്പെട്ടത്.

എറണാകുളം ജില്ലയിലെ മലയോര മേഖലയായ കോതമംഗലം കുട്ടംപുഴയില്‍ ആറ് വീടുകളുടെ മേല്‍ക്കൂര അതിശക്തമായ കാറ്റില്‍ പറന്നുപോയി. മേഖലയില്‍ ശക്തമായ കാറ്റ് തുടരുകയാണ്. പെരുമ്പാവൂരിലും മൂവാറ്റുപുഴയിലും മരങ്ങള്‍ കടപുഴകി ഗതാഗതം തടസപ്പെട്ടു. കഴഞ്ഞദിവസമുണ്ടായ മഴയില്‍ 14 കോടിയുടെ നാശനഷ്ടമാണ് കൃഷിയില്‍ മാത്രം ജില്ലയിലുണ്ടായത്. 200 ഹെക്ടര്‍ കൃഷിയാണ് നശിച്ചത്. എറണാകുളം നഗരത്തിലും വെള്ളക്കെട്ടുണ്ടായി.

കോഴിക്കോട് ജില്ലയില്‍ മലയോരമേഖലയിലാണ് ശക്തമായ മഴയുണ്ടായത്. കൂരാച്ചുണ്ടില്‍ കൃഷിനാശവും വീടുകള്‍ക്ക് കേടുമുണ്ടായി. നഗരമേഖലയില്‍ മഴ ഒഴിഞ്ഞുനിന്നു. തേഞ്ഞിപ്പലത്ത് ഫെഡറേഷന്‍ കപ് മത്സരങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ശക്തമായ കാറ്റോടെയുള്ള മഴ പെയ്തത്. ഇതുമൂലം മണിക്കൂറുകളോളം മത്സരങ്ങള്‍ നിര്‍ത്തിവെച്ചു. ഇതിനിടെ മത്സരത്തിനായി തയാറാക്കിയ പന്തല്‍ തകര്‍ന്നുവീണു. ബുധനാഴ്ച ഫെഡറേഷന്‍ കപിന്റെ അവസാന ദിവസമായിരുന്നു.

ബുധനാഴ്ച രാത്രിയും ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥ ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളില്‍ മാത്രമാണ് യെലോ അലര്‍ടെങ്കിലും എല്ലാ ജില്ലകളിലും ജാഗ്രത വേണം. തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ടെന്നും ഇത് 24 മണിക്കൂറില്‍ ശക്തിപ്രാപിച്ച് തെക്കുകിഴക്കന്‍ ബന്‍ഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദമായി രൂപപ്പെടുമെന്നുമാണ് പ്രവചനം. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത.

Keywords: Thunderstorm warning across Kerala; Yellow alert in Ernakulam, Pathanamthitta, Thiruvananthapuram, News, Rain, Warning, Report, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia