വെള്ളപ്പൊക്കത്തില്‍നിന്നു കയറില്‍കെട്ടി രക്ഷപ്പെടുത്താന്‍ ശ്രമം; രക്ഷാപ്രവര്‍ത്തകരുടെ പിടിവിട്ട് വെള്ളക്കെട്ടില്‍ വീണുപോകുന്ന യുവതിയുടെ ദയനീയമായ വിഡിയോ പുറത്ത്

 


മുംബൈ: (www.kvartha.com 23.07.2021) മഹാരാഷ്ട്രയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന കനത്തമഴയിലും വെള്ളപ്പൊക്കത്തിലും വലിയനാശനഷ്ടമാണ് റിപോര്‍ടു ചെയ്യുന്നത്. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും പെട്ട് നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

വെള്ളപ്പൊക്കത്തില്‍നിന്നു കയറില്‍കെട്ടി രക്ഷപ്പെടുത്താന്‍ ശ്രമം; രക്ഷാപ്രവര്‍ത്തകരുടെ പിടിവിട്ട് വെള്ളക്കെട്ടില്‍ വീണുപോകുന്ന യുവതിയുടെ ദയനീയമായ വിഡിയോ പുറത്ത്

ഇതിനിടെ, രത്നാഗിരി ജില്ലയിലെ ചിപ്ലൂണില്‍ വെള്ളപ്പൊക്കത്തില്‍നിന്നു രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ രക്ഷാപ്രവര്‍ത്തകരുടെ പിടിവിട്ട് വെള്ളക്കെട്ടില്‍ വീണുപോകുന്ന യുവതിയുടെ വിഡിയോയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. യുവതിയെ കെട്ടിടത്തിന്റെ മുകളിലേക്ക് കയറില്‍ക്കെട്ടി രക്ഷാപ്രവര്‍ത്തകര്‍ വലിച്ചെടുക്കുന്നതാണ് പതിനൊന്ന് സെക്കന്‍ഡു നീളുന്ന വിഡിയോയിലുള്ളത്.

കയറിന്റെ അറ്റത്തുകെട്ടിയ ടയറില്‍പിടിച്ചാണ് യുവതി മുകളിലേക്കെത്തുന്നത്. എന്നാല്‍ കെട്ടിടത്തിന്റെ ടെറസിനുസമീപത്ത് യുവതി എത്തിയപ്പോഴേക്കും പിടിവിട്ട് താഴേക്ക് പതിക്കുകയായിരുന്നു.
കൊങ്കണ്‍ മേഖലയില്‍ മാത്രം മണ്ണിടിഞ്ഞ് ആയിരക്കണക്കിനു പേരാണ് ഒറ്റപ്പെട്ടുപോയിരിക്കുന്നത്. അപ്രതീക്ഷിതമായി വന്നെത്തിയ മഴയും വെള്ളപ്പൊക്കവും സംസ്ഥാനത്തെ റോഡ്, റെയില്‍ ഗതാഗതത്തെ സാരമായി ബാധിച്ചു.

മുംബൈയില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള രത്നഗിരി ജില്ലയിലെ തീരപ്രദേശമായ ചിപ്ലൂണിന്റെ ചില ഭാഗങ്ങളില്‍ 24 മണിക്കൂര്‍ തുടര്‍ച്ചയായുള്ള മഴയെത്തുടര്‍ന്ന് ജലനിരപ്പ് 12 അടി വരെ ഉയര്‍ന്നു. ഇതോടെ വൃഷി നദി കരകവിഞ്ഞൊഴുകുകയും റോഡുകളും വീടുകളും വെള്ളത്തില്‍ മുങ്ങുകയും ചെയ്തു. നഗരത്തില്‍ വൈദ്യുതി വിതരണം തകരാറിലായി, ഫോണ്‍ കണക്ഷനുകളും തകരാറിലായി. സമര്‍പിത കോവിഡ് ആശുപത്രിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രോഗികളെ ബോടുകളില്‍ രക്ഷപ്പെടുത്തി.

ചിപ്ലൂണിന്റെ അമ്പതുശതമാനം പ്രദേശവും വെള്ളപ്പൊക്കത്തില്‍ മുങ്ങിക്കിടക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപോര്‍ടുചെയ്തു. 70,000-ല്‍പരം ആളുകളാണ് ഇവിടെ താമസിക്കുന്നത്. 5000-ല്‍ അധികമാളുകള്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയി. ദേശീയ ദുരന്തനിവാരണ സേന, സംസ്ഥാനത്തുനിന്നുള്ള രക്ഷാപ്രവര്‍ത്തകരുടെ സംഘം എന്നിവയ്ക്കുപുറമെ നാവികസേനയും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പെടുന്നുണ്ട്.

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ മണ്ണിടിച്ചിലില്‍ 36 പേര്‍ മരിച്ചു. മുംബൈ നഗരത്തില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണിത്. വ്യാഴാഴ്ച മൂന്ന് മണ്ണിടിച്ചിലുകളിലായിട്ടാണ് 36 പേര്‍ മരിച്ചത്. ഒരിടത്ത് നിന്ന് 32 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മറ്റിടങ്ങളില്‍ നിന്ന് നാല് മൃതദേഹങ്ങളും കണ്ടെത്തി.

കൊങ്കണ്‍ മേഖലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ ആയിരക്കണക്കന് പേരാണ് വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും അകപ്പെട്ടത്. ഹെലികോപ്ടറുകള്‍ അടക്കം ഉപയോഗിച്ച് റായ്ഗഡ് ജില്ലയിലെ വെള്ളപ്പൊക്ക പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്.

കുടുങ്ങി കിടക്കുന്നവരോട് വീടിന്റെ മേല്‍ക്കൂരകളിലേക്കും ഉയര്‍ന്ന പ്രദേശങ്ങളിലേക്കും മാറിനില്‍ക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. പ്രദേശിക ഭരണകൂടങ്ങളുമായും ഉദ്യോഗസ്ഥരുമായും സംസാരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താകറെ സ്ഥിതിഗതികള്‍ വിലയിരുത്തി.

നാവികസേനയും രണ്ട് രക്ഷാപ്രവര്‍ത്തന സംഘങ്ങള്‍, 12 പ്രാദേശിക ദുരിതാശ്വാസ സംഘങ്ങള്‍, രണ്ട് തീര സംരക്ഷണ സേന, ദേശീയ ദുരന്ത നിവാരണ സേനയിലെ മൂന്ന് ടീം തുടങ്ങിയവരെ വെള്ളപ്പൊക്ക പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഇത്തവണയാണ് ജൂലൈയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്.
Keywords:  Video: Woman Falls Into Flood Waters In Maharashtra As Rescuers Lose Grip, Mumbai, Maharashtra, Video, Rain, Woman, Trending, Flood, National, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia