Controversy | സർക്കാർ ജീവനക്കാർ ആര്‍എസ്എസിന്റെ ഭാഗമാകരുതെന്ന വിലക്ക് മൂന്നാം മോദി സര്‍ക്കാര്‍ നീക്കിയതെന്തിന്?
ബിജെപിയുടെ നേതൃത്വത്തില്‍ അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ രാഷ്ട്രീയ കാര്യങ്ങളുടെ ചുക്കാന്‍ പിടിച്ചിരുന്നത് ആര്‍എസ്എസ് ആയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍എസ്എസ് അംഗത്വത്തിനുള്ള വിലക്ക് നീക്കിയില്ല
(KVARTHA) സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കാമെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് രാജ്യത്ത് വലിയ ചർച്ചയായിരിക്കുകയാണ്. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്വവും ദേശീയതയും അട്ടിമറിച്ച് ഹിന്ദുരാഷ്ട്രം നിര്‍മിക്കുകയാണ് ആര്‍എസ്.എസിന്റെ ലക്ഷ്യമെന്നാണ് ആരോപണം. ഹിന്ദുക്കളെ മാത്രം പൗരന്മാരായി കണക്കാക്കുന്നത് തന്നെ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടുന്നു. ലോകത്തിന് തന്നെ മാതൃകയായ നമ്മുടെ ഭരണഘടന പൊളിച്ചെഴുതി, ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നാണ് ബിജെപി നേതാക്കള്‍ പലതവണ ആവര്‍ത്തിക്കുന്നതെന്ന് പ്രതിപക്ഷവും ആരോപിക്കുന്നു.
ആര്‍എസ്എസ് മുന്‍ സര്‍സംഘചാലക് ആയിരുന്ന കെ സുദര്‍ശന്‍ 2000ല്‍ ഇക്കാര്യം ഊന്നിപ്പറഞ്ഞിരുന്നു. വിഭജനകാലത്ത് മുസ്ലിംകളെ പാകിസ്ഥാനിലേക്ക് പറഞ്ഞയച്ചിരുന്നെങ്കില്‍ രാജ്യത്ത് പ്രശ്‌നങ്ങളുണ്ടാകുമായിരുന്നില്ലെന്ന വിദ്വേഷ പ്രസ്താവന അടുത്തിടെ ഒരു കേന്ദ്രമന്ത്രി നടത്തിയിരുന്നു. വിദ്വേഷവും ആളുകളെ വിഭജിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും ആര്‍എസ്എസ് മുമ്പ് എത്രയോ തവണ നടത്തിയിട്ടുണ്ടെന്നും ആരോപണമുണ്ട്. അതിന്റെയൊക്കെ ഫലമായാണ് മൂന്ന് തവണ അവരെ നിരോധിച്ചത്. അപ്പോഴൊക്കെ സാംസ്‌കാരിക മുഖമൂടിയണിഞ്ഞ് അവര്‍ അതില്‍ നിന്ന് കരകയറുകയാണുണ്ടായത്.
അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പുറത്തിറങ്ങുന്നതിന് ഇന്ദിരാഗാന്ധിക്ക് പിന്തുണ നല്‍കിയിരുന്നതായി റോ മുന്‍ മേധാവിയുടെ പുസ്തകത്തില്‍ പറയുന്നുണ്ട്. അന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ പിന്തുണ അറിയിച്ച് ഇന്ദിരയ്ക്ക് എഴുതിയ കത്തുകളുടെ പകര്‍പ്പും ആ പുസ്തകത്തിലുണ്ട്. തങ്ങളുടെ കാര്യം സാധിക്കാനായി എന്ത് വിട്ടുവീഴ്ചയ്ക്കും ആര്‍എസ്എസ് തയ്യാറാണെന്നാണ് ഇതൊക്കെ സൂചിപ്പിക്കുന്നത്.
ബിജെപി ശക്തമായ പാര്‍ട്ടിയാണെന്നും തെരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടാന്‍ കരുത്തുണ്ടെന്നുമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി അധ്യക്ഷനായിരുന്ന ജെ.പി നദ്ദ പ്രസ്താവിച്ചത്. മുന്‍ തെരഞ്ഞെടുപ്പുകളിലെ പോല പ്രചാരണത്തിന് ആര്‍എസ്എസ് പിന്തുണ ആവശ്യമില്ലെന്നും വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് പരാജയ ശേഷം ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് ബിജെപിക്കും മോദിക്കും എതിരെ പലതവണ വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ടിട്ടും നേതാക്കളാരും പ്രതികരിച്ചില്ല. പരസ്യ പ്രസ്താവനകള്‍ നടത്തുമ്പോഴും രണ്ട് സംഘടനകളും നേതാക്കളും തമ്മിലുള്ള അന്തര്‍ധാര സജീവമാണ്.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ മോഹന്‍ ഭാഗവത് സന്ദര്‍ശിച്ചത് ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണെന്നാണ് ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ബിജെപിക്കുള്ളില്‍ ഭിന്നതകള്‍ രൂക്ഷമായിരിക്കുകയാണെന്നും അതുകൊണ്ട് രാഷ്ട്രീയ ശ്രദ്ധതിരിക്കാനാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള വിലക്ക് നരേന്ദ്രമോദി സര്‍ക്കാര്‍ എടുത്ത് കളഞ്ഞതെന്നും രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് വിലക്കുന്നത് നമ്മുടെ ബ്യൂറോക്രസി, ഭരണഘടന മൂല്യങ്ങളോട് പ്രതിജ്ഞാബദ്ധമാണെന്നും രാഷ്ട്രീയ പക്ഷപാതിത്വമില്ലെന്നും ഉറപ്പാക്കാനാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് വിലക്കിയിട്ട് അരനൂറ്റാണ്ടിലേറെയായി. സംഘപരിവാര്‍ അവരുടെ രാഷ്ട്രീയ ലക്ഷ്യം കൈവരിക്കാനാണ് ബിജെപി രൂപീകരിച്ചത്. ബിജെപിയുടെ പ്രാഗ് രൂപമായ ജനസംഘത്തെ പരമാവധി പ്രോത്സാഹിപ്പിക്കാന്‍ ആര്‍എസ്എസ് ശ്രമിച്ചിരുന്നു.
ഗോള്‍വാള്‍ക്കര്‍ ഒരിക്കല്‍ എഴുതിയത് ഇങ്ങിനെയാണ്: 'ഞങ്ങളുടെ ചില സുഹൃത്തുക്കളോട് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ പറഞ്ഞിട്ടുണ്ട്, അവര്‍ക്കതില്‍ വലിയ താല്‍പര്യമുണ്ടായിട്ടല്ല, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി മരിക്കാനും അവര്‍ തയ്യാറല്ല. അതുകൊണ്ട് രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറാന്‍ പറഞ്ഞാല്‍ അവര്‍ എതിര്‍ക്കില്ല. അവരുടെ വിവേചനാധികാരം സംഘടനയ്ക്ക് ആവശ്യമില്ല' (Golwalker, MS, Shri Guruji Samagar Darshan (Golwalker's collections of Hindi, Bharatiya Vichar Sadhna, Nagpur, vol. 3, P. 33).
അതായത് ആര്‍എസ്എസ് പറയുന്നത് ബിജെപി നേതാക്കള്‍ അനുസരിക്കണം, അതിനെ എതിര്‍ക്കാന്‍ പാടില്ലെന്നാണ്, അതാണ് ഇക്കാലമത്രയും അവര്‍ നടപ്പാലിക്കിയിരുന്നത്, ഇനിയും അങ്ങനെ തന്നേ അവര്‍ മുന്നോട്ട് പോകൂവെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ആര്‍എസ്എസ് സ്വയംസേവകര്‍ക്ക് ആശയപരമായ അറിവും പരിശീലനവും നല്‍കുന്നുണ്ട്. ഇതിനൊപ്പം അവര്‍ നിരവധി സംഘടനകളും രൂപീകരിച്ചു. മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെ ആര്‍എസ്എസിന്റെ പ്രചാരകന്‍ കൂടിയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
അക്കാലത്ത് ആര്‍എസ്എസ് അംഗത്വത്തിന്റെ രേഖകളൊന്നും സൂക്ഷിച്ചിരുന്നില്ല, അതിനാല്‍ ആ കൊലപാതകത്തില്‍ നിന്ന് രക്ഷപെട്ടു. ആര്‍എസ്എസിന്റെ അടിയുറച്ച പ്രവര്‍ത്തകനായ ഗോഡ്‌സെയെ ഗാന്ധി വധത്തിന് ശേഷം ആര്‍എസ്എസില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ കുടുംബം ഇപ്പോഴും വിശ്വസിക്കുന്നതെന്ന് സെന്റര്‍ ഫോര്‍ സ്റ്റഡി ഫോര്‍ സൊസൈറ്റി ആന്‍ഡ് സെക്യുലറിസം പ്രസിഡന്റ് രാം പുരിയാനി ദ വയര്‍ ന്യൂസില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
ആര്‍.എസ്.എസിന്റെ ദേശീയ പ്രസിദ്ധീകരണ സ്ഥാപനമായ സുരുചി പ്രകാശന്‍, ഝന്ദേവാലന്‍, പരം വൈഭവ് കേ പാത്ത് പര്‍ (1997) എന്നിവ വിവിധ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി ആര്‍എസ്എസ് രൂപീകരിച്ച 40-ലധികം സംഘടനകളുടെ വിശദാംശങ്ങള്‍ നല്‍കുന്നുണ്ടെന്ന് പ്രമുഖ ഹിന്ദു ദേശീയ പണ്ഡിതനായ ശംസുല്‍ ഇസ്ലാം ചൂണ്ടിക്കാണിക്കുന്നു. ബിജെപി (BJP), എബിവിപി (ABVP), ഹിന്ദു ജാഗരണ്‍ മഞ്ച്, വിശ്വഹിന്ദു പരിഷത്ത് (VHP), സ്വദേശി ജാഗരണ്‍ മഞ്ച്, സംസ്‌കാര്‍ ഭാരതി എന്നിവ പ്രധാനപ്പെട്ട സംഘടനകളാണ്.
അതുപോലെ, ആര്‍എസ്എസിന്റെ പ്രാര്‍ത്ഥനയും പ്രതിജ്ഞയും വ്യക്തമാക്കുന്നത് അവര്‍ ഹിന്ദു രാഷ്ട്രത്തോട് പ്രതിജ്ഞാബദ്ധരാണെന്നാണ്. ആര്‍എസ്എസ് പ്രാര്‍ത്ഥന ഗീതം പറയുന്നത്; സര്‍വ്വശക്തനായ ദൈവമേ, ഹിന്ദു രാഷ്ട്രത്തിന്റെ അവിഭാജ്യ ഘടകമായ ഞങ്ങള്‍ അങ്ങയെ ആദരവോടെ അഭിവാദ്യം ചെയ്യുന്നു, അങ്ങ് കാരണം ഞങ്ങള്‍ ഒറ്റക്കെട്ടാകുന്നു, രാഷ്ട്രത്തിന്റെ നേട്ടത്തിനായി ഞങ്ങളെ അനുഗ്രഹിക്കൂ' എന്നാണ്. (ആര്‍എസ്എസ്, ശാഖാ ദര്‍ശിക, ഗ്യാന്‍ ഗംഗ, ജയ്പൂര്‍, 1997, പേജ്.1).
'എന്റെ പവിത്രമായ ഹിന്ദുമതത്തിന്റെയും ഹിന്ദു സമൂഹത്തിന്റെയും ഹൈന്ദവ സംസ്‌കാരത്തിന്റെയും വളര്‍ച്ചയെ പരിപോഷിപ്പിച്ചുകൊണ്ട് ഭാരതവര്‍ഷത്തിന്റെ സര്‍വ ശ്രേഷ്ഠതയും കൈവരിക്കുന്നതിന് വേണ്ടിയാണ് ഞാന്‍ ആര്‍എസ്എസില്‍ അംഗമാകുന്നത്' എന്നാണ് ആര്‍എസ്എസില്‍ ചേരുന്നവരുടെ പ്രതിജ്ഞ. (ആര്‍എസ്എസ്, ശാഖാ ദര്‍ശിക, ഗ്യാന്‍ ഗംഗ, ജയ്പൂര്‍, 1997, പേജ്.66). ഒരു സാംസ്‌കാരിക സംഘടനയെന്ന മുഖമൂടി ആര്‍എസ്എസിനുള്ളതിനാല്‍ പലരുടെയും വികാരങ്ങളെ ആകര്‍ഷിക്കാന്‍ അവര്‍ക്ക് കഴിയുന്നു. അതിലൂടെ സംഘടനയുടെ അടിത്തറ വികസിപ്പിക്കാനും അവര്‍ക്ക് കഴിയുന്നു. സ്വാതന്ത്ര്യ സമരത്തിലെ പ്രധാന നേതാക്കള്‍ക്ക് ആര്‍എസ്എസിന്റെ സ്വഭാവത്തെക്കുറിച്ച് വളരെ വ്യക്തമായി അറിയാമായിരുന്നു.
'പഞ്ചാബ് അഭയാര്‍ത്ഥികള്‍ക്കുള്ള പ്രധാന ട്രാന്‍സിറ്റ് ക്യാമ്പായ വാഗയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കാണിക്കുന്ന കാര്യക്ഷമത, അച്ചടക്കം, ധൈര്യം, കഠിനാധ്വാനത്തിനുള്ള കഴിവ് എന്നിവയെ ഗാന്ധിയുടെ സംഘത്തിലെ ഒരു അംഗം പ്രശംസിച്ചിരുന്നു. മുസ്സോളിനിയുടെ ഫാസിസ്റ്റുകളെയും ഹിറ്റ്ലറുടെ നാസികളെയും മറക്കരുതെന്ന് ഗാന്ധി അയാള്‍ക്ക് മറുപടി നല്‍കി. സമഗ്രാധിപത്യ വീക്ഷണമുള്ള ഒരു വര്‍ഗീയ സംഘടനയായാണ് ഗാന്ധി ആര്‍എസ്എസിനെ വിശേഷിപ്പിച്ചത്', (പ്യാരേലാല്‍, മഹാത്മാ ഗാന്ധി: ദി ലാസ്റ്റ് ഫേസ്, അഹമ്മദാബാദ്, പേജ് 440).
ബിജെപിയുടെ നേതൃത്വത്തില്‍ അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ രാഷ്ട്രീയ കാര്യങ്ങളുടെ ചുക്കാന്‍ പിടിച്ചിരുന്നത് ആര്‍എസ്എസ് ആയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍എസ്എസ് അംഗത്വത്തിനുള്ള വിലക്ക് നീക്കിയില്ല. കഴിഞ്ഞ 10 വര്‍ഷം അധികാരത്തിലിരുന്നിട്ടും മോദിയും ആ തീരുമാനം പുനപരിശോധിച്ചില്ല. എന്തുകൊണ്ടാണ് ഇപ്പോള്‍ മോദി തീരുമാനം മാറ്റിയത്? ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് മോദിയെ വിമര്‍ശിച്ചത് കൊണ്ടാണോ? എന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം.
സാംസ്‌കാരിക പ്രവര്‍ത്തകരും സാമൂഹിക ശാസ്ത്രജ്ഞരും ഇന്ത്യന്‍ സംസ്‌കാരത്തിന് ആര്‍എസ്എസ് നല്‍കുന്ന സംഭാവനകള്‍ വിലയിരുത്തേണ്ടതുണ്ട്. ആര്‍എസ്എസ് ഒരു സാംസ്‌കാരിക സംഘടനയെന്ന മുഖംമൂടി അഴിച്ചുമാറ്റുകയും ഇന്ത്യന്‍ ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും സംരക്ഷണം എന്ന രാഷ്ട്രീയ അജണ്ട ഉയര്‍ത്തിക്കൊണ്ടുവരുകയും ചെയ്യുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. ഇതിന് പിന്നില്‍ മറ്റെന്തോ അജണ്ടയുണ്ടെന്നും അതെന്താണെന്ന് താമസിയാതെ മനസിലാക്കാനാകുമായിരിക്കുമെന്നാണ് ഇവർ പറയുന്നത്.
കടപ്പാട്: ദ വയര്‍