Viral | എന്തുകൊണ്ടാണ് ഗാന്ധിജി ഓരോ നോട്ടിലും ചിരിച്ചിരിക്കുന്നത്? കുട്ടിയുടെ കിടിലൻ ഉത്തരം വൈറലായി
ഇന്‍സ്റ്റഗ്രാംമില്‍ നിന്ന് പങ്കുവയ്ക്കപ്പെട്ട ഉത്തരക്കടലാസിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ ഒന്നടങ്കം ഏറ്റെടുത്തുകഴിഞ്ഞു.
ന്യൂഡെൽഹി: (KVARTHA) കാണികളെ പൊട്ടിച്ചിരിപ്പിക്കുന്ന ഒട്ടനവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ അല്പം വിചിത്രമെന്ന് തോന്നിക്കുന്ന ഒരു പരീക്ഷ ചോദ്യത്തിന് വിദ്യാര്‍ത്ഥി നല്‍കിയ രസകരമായ ഉത്തരമാണ് നെറ്റീസണ്‍സിനിടയില്‍ ചിരി പടര്‍ത്തുന്നത്. @rohit_hand_writing എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് പങ്കുവയ്ക്കപ്പെട്ട ഉത്തരക്കടലാസിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ ഒന്നടങ്കം ഏറ്റെടുത്തുകഴിഞ്ഞു. പോസ്റ്റ് വൈറലായതോടെ ഇതിനെച്ചുറ്റിപ്പറ്റി രസകരമായ ചര്‍ച്ചകളും ഉടലെടുത്തു.
പരീക്ഷയില്‍ നിര്‍ദ്ദേശിക്കപ്പെട്ട ചോദ്യം ഇതായിരുന്നു: 'എന്തുകൊണ്ടാണ് ഗാന്ധിജി ഓരോ നോട്ടിലും ചിരിച്ചിരിക്കുന്നത്? വിദ്യാര്‍ത്ഥിയുടെ ഉത്തരം, ഇങ്ങനെയായിരുന്നു...കാരണം ഗാന്ധിജി കരഞ്ഞാല്‍ നോട്ടും നനയും!' വീഡിയോ നിമിഷ നേരങ്ങള്‍ക്കൊണ്ട് വൈറലായെങ്കിലും കാണികളുടെ ഭാഗത്ത് നിന്ന് മിശ്രാഭിപ്രായങ്ങളാണ് ഉണ്ടായത്. വീഡിയോ കണ്ട് ഭൂരിഭാഗം പേരും പൊട്ടിച്ചിരിച്ചപ്പോള്‍ മറ്റുചിലര്‍ ഈ വീഡിയോ മനഃപൂര്‍വ്വം കെട്ടിച്ചമച്ചതാണെന്ന സംശയം പ്രകടിപ്പിച്ചു. ഏതായാലും വിദ്യാര്‍ത്ഥിയുടെ ഈ കിടിലന്‍ ഉത്തരത്തിന് അധ്യാപിക 10-ല്‍ 10 മാര്‍ക്ക് നല്‍കിയെന്നാണ് വീഡിയോ അവകാശപ്പെടുന്നത്. വീഡിയോ ഇതിനോടകം 55 ലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്. നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ വ്യത്യസ്ത കമന്റുകളുമായി രംഗത്തെത്തിയത്. ചിലര്‍ ചോദ്യവും ഉത്തരവും ഒരേ കൈകൊണ്ട് എഴുതിയിരിക്കുന്നതിനാല്‍ വീഡിയോ ഒറിജനല്‍ അല്ല എന്ന് അഭിപ്രായപ്പെട്ടു. കുട്ടിക്ക് 10ല്‍ 10 മാര്‍ക്ക് കൊടുത്ത ടീച്ചര്‍ കുട്ടിയെ പോലെ തന്നെ എന്നാണ് ചിലര്‍ രസകരമായി കുറിച്ചത്. കുട്ടി എഴുതിയത് ശരിയായ കാര്യമാണ്,' മറ്റൊരു ഉപയക്താവ് വ്യക്തമാക്കി. ഏതായാലും കുറഞ്ഞ സമയം കൊണ്ട് കമന്റ് സെക്ഷന്‍ മുഴുവന്‍ രസകരമായ ഇമോജികള്‍കൊണ്ട് നിറഞ്ഞു.
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാനും ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനും ആളുകള്‍ മനഃപൂര്‍വ്വം വീഡിയോകള്‍ നിര്‍മ്മിച്ചെടുക്കുന്നത് കൊണ്ട് തന്നെ ഈ വീഡിയോയും അത്തരത്തിലൊന്നാണോ എന്നാണ് ആളുകള്‍ സംശയിക്കുന്നത്. എന്ത് തന്നെയായാലും ചോദ്യവും ഉത്തരവും ആളുകളെ ഇതിനോടകം പൊട്ടിച്ചിരിപ്പിച്ചു കഴിഞ്ഞു.