Heatwave | കാലാവസ്ഥാ വ്യതിയാനവും ചൂടും സ്ത്രീകളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു?
വർദ്ധിച്ചുവരുന്ന ചൂട് രാജ്യത്തെ സ്ത്രീകളെ പ്രത്യേകിച്ച് ബാധിക്കുന്നു. ഗ്രാമങ്ങളിലും നഗരങ്ങളിലും താമസിക്കുന്ന പാവപ്പെട്ട സ്ത്രീകൾ ചൂട് കാരണം നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നു. ഗർഭിണികളും കുട്ടികളുമാണ് ഏറ്റവും ദുരിതം അനുഭവിക്കുന്നത്.
ആദിത്യന്‍ ആറന്മുള
(KVARTHA) മെയ്, ജൂണ്‍ മാസങ്ങള്‍ സാധാരണ രാജ്യത്തെ ഏറ്റവും ചൂടേറിയ മാസങ്ങളാണെങ്കിലും, കഴിഞ്ഞ കുറേ വര്‍ഷമായി വേനല്‍ക്കാലം വര്‍ഷം തോറും കൂടുതല്‍ തീവ്രമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മെയില്‍ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ദിവസങ്ങള്‍ രേഖപ്പെടുത്തി. 2024 മാര്‍ച്ചില്‍, രാജ്യത്തെ താപനിലയുടെ 60 ശതമാനത്തിലധികം സാധാരണയിലും കൂടുതല്‍ ആയിരുന്നു. താപ തരംഗങ്ങളുടെ ആവൃത്തിയും തീവ്രതയും വര്‍ദ്ധിക്കുന്നതിനനുസരിച്ച് അവയുടെ ആഘാതം കൂടുന്നു.
ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകളെയാണെന്ന് സിഗ്നിഫിക്കന്‍സ് മാഗസിനില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. 'കാലാവസ്ഥ പ്രതികൂലമാകുന്നത് സ്ത്രീകളെ സംബന്ധിച്ച് വളരെ ദുരന്തമാണ്, ഞങ്ങള്‍ക്ക് മാത്രമല്ല, മുഴുവന്‍ കുടുംബത്തിന്റെയും ഉത്തരവാദിത്തം സ്ത്രീകളുടെ ചുമലിലാണ്,' തെക്ക് കിഴക്കന്‍ ഡല്‍ഹിയിലെ നൂര്‍ നഗറില്‍ താമസിക്കുന്ന ഷരീബന്‍ (50) പറയുന്നു.
പല സംസ്ഥാനങ്ങളിലും കടുത്ത ചൂടിനെ നേരിടുന്നതിന്റെ പശ്ചാത്തലത്തില്‍ ലിംഗ അസമത്വവും ആശങ്കാജനകമായി വര്‍ദ്ധിക്കുന്നെന്ന് പഠനം പറയുന്നു. പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്ത്രീകള്‍ക്ക് തീവ്രമായ താപനില, പ്രത്യേകിച്ച് ചൂട് നേരിടാന്‍ വളരെ പ്രയാസമാണ്. ഛര്‍ദ്ദി, വയറിളക്കം എന്നിവയിലേക്ക് കാരണമാകുന്ന ദഹനക്കേട് ചൂടത്ത് അനുഭവിക്കുന്നു. ആരോഗ്യം മോശമാകുന്നു, കൂടാതെ പനിയും പതിവ് തലവേദനയും കൂടാതെ രക്തസമ്മര്‍ദ്ദത്തിലെ ഏറ്റക്കുറച്ചിലുകളും നേരിടുന്നു. എല്ലാദിവസവും അസ്വസ്ഥരാണ്. ഇതിനൊക്കെ പുറമേ വെള്ളം കുറവാണ്, ഷെരീബന്‍ പറയുന്നു.
ഈ ചൂട് കാരണം തലകറക്കം, തലവേദന, ശരീരവേദന എന്നിവ അനുഭവപ്പെടുന്നു. ഭക്ഷണം കഴിക്കാനും തോന്നുന്നില്ല- 28 കാരിയായ ഷഹീന്‍ പറയുന്നു. ബീഹാറിലെ ഗ്രാമത്തില്‍ നിന്ന് തൊഴില്‍ തേടി ഡല്‍ഹിയില്‍ എത്തിയതാണിവര്‍. വേനല്‍ക്കാലത്ത് കുട്ടികള്‍ക്ക് ചൂടുള്ള തിണര്‍പ്പ് ഉണ്ടാകാറുണ്ടെന്ന് മൂന്ന് കുട്ടികളുടെ മാതാവായ ഷഹീന്‍ പറയുന്നു. കുടുംബാംഗങ്ങള്‍ രോഗബാധിതരാകുമ്പോള്‍ അവരെ പരിപാലിക്കേണ്ടത് സ്ത്രീകളുടെ ഉത്തരവാദിത്തമായതിനാല്‍ അവരുടെ മാനസികവും ശാരീരികവുമായ ഭാരം വര്‍ദ്ധിക്കുന്നു.
കാലാവസ്ഥാ വ്യതിയാനം ഗുരുതരമായ ഒരു പ്രശ്‌നമാണ്, സ്ത്രീകളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. പ്രാഥമികമായി നമ്മുടെ നിലനില്‍പ്പിന് ഭീഷണിയാകുന്നു. ഭക്ഷണവും ജലസുരക്ഷയും പ്രധാന പ്രശ്‌നമാണ്. സ്ത്രീകള്‍ക്ക് പലവിധത്തിലുള്ള പ്രശ്‌നങ്ങളും ആരോഗ്യപരമായ സങ്കീര്‍ണതകളും ആയുര്‍ദൈര്‍ഘ്യത്തെ ബാധിക്കുന്ന കാര്യങ്ങളും സൃഷ്ടിക്കുന്നു- പരിസ്ഥിതി പ്രവര്‍ത്തകനും സംരക്ഷകനുമായ മൈക്ക് പാണ്ഡെ പറയുന്നു.
താപനില ഉയരുന്നതോടെ സ്ത്രീകള്‍ക്ക് ജീവിതം ദുഷ്‌കരമാകുന്നു. അവര്‍ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെക്കുറിച്ചും ശാരീരികക്ഷമത കുറയുന്നതിനെ കുറിച്ചുമാണ് അവര്‍ കൂടുതല്‍ പരാതിപ്പെടുന്നതെന്നും പാണ്ഡെ വിശദീകരിക്കുന്നു. ചൂട് കാലത്ത് ഭക്ഷണം പാകം ചെയ്യുക എന്നത് സ്ത്രീകളെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്.
2022 ലെ യുഎന്‍ വിമന്‍ റിപ്പോര്‍ട്ടില്‍ കാലാവസ്ഥാ വ്യതിയാനവും ലിംഗ അസമത്വവും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്നു. വര്‍ദ്ധിച്ചുവരുന്ന താപനില കാരണം ജനിക്കും മുമ്പ് മരിച്ച കുട്ടികളുടെയും മാസം തികയാതെ ജനിച്ചവരുടെയും കണക്കുകളും റിപ്പോര്‍ട്ടില്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനം ഗര്‍ഭിണികളില്‍ രക്താതിമര്‍ദ്ദത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
ഗര്‍ഭകാലത്തുണ്ടാകുന്ന അണുബാധകള്‍ വിളര്‍ച്ച, കുട്ടിയുടെ വളര്‍ച്ചയെ ബാധിക്കുന്ന കാര്യങ്ങള്‍ എന്നിവയ്ക്ക് കാരണമാകും പോഷകാഹാര കുറവ് , ശരീരത്തിലെ പഞ്ചസാരയുടെ അളവിൽ വ്യതിയാനം എന്നിവ സംഭവിക്കും. ഇവയെല്ലാം സങ്കീര്‍ണമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. സ്ത്രീകളുടെ ജീവന്‍ തന്നെ അപകടത്തിലായേക്കും- ഡല്‍ഹിയിലെ ഷാലിമാര്‍ ബാഗിലെ ഫോര്‍ട്ടിസ് ഹോസ്പിറ്റലിലെ ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി ഡയറക്ടര്‍ ഡോ. ഉമാ വൈദ്യനാഥന്‍ പറയുന്നു.
20 വര്‍ഷത്തിലേറെയായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നയാളാണ് ഡോക്ടര്‍. ചൂട് കാരണം വിളവെടുപ്പ് വളരെ മോശമായിരുന്നു. ഇത് ഗര്‍ഭിണികളിലെ പോഷകാഹാരക്കുറവ്, മാസംതികയാതെയുള്ള പ്രസവം ഉള്‍പ്പെടെയുള്ള പ്രത്യുല്‍പാദനപരമായ പ്രത്യാഘാതങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്ന. കുഞ്ഞുങ്ങളിലെ വൈകല്യങ്ങള്‍ക്കും മരണനിരക്കിനും കൂടുതല്‍ സാധ്യതയുള്ളതാക്കുമെന്നും ഡോക്ടര്‍ പറയുന്നു.
34 കാരിയായ പിങ്കിക്ക് നാല് കുട്ടികളുണ്ട്, അഞ്ചാമതും ഗര്‍ഭിണിയാണ്. ചൂട് അനുഭവപ്പെടുമ്പോള്‍ പിങ്കി കുളിക്കും. ചിലപ്പോള്‍ ശരീരം തണുപ്പിക്കാന്‍ വെള്ളം നനച്ച വസ്ത്രങ്ങള്‍ പുതച്ച് ഉറങ്ങും. ഇവര്‍ ദാരിദ്രമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീയാണ്. 'കൂളര്‍ പോലും വാങ്ങാനുള്ള ശേഷിയില്ല. ഫാനിനെ ആശ്രയിച്ചാണ് ചൂടിനെ അതിജീവിക്കുന്നത്'- 20 വര്‍ഷമായി ശ്രം വിഹാര്‍ ക്യാമ്പിലെ താമസക്കാരിയായ പിങ്കി പറയുന്നു.
'ഞങ്ങളുടെ വീടുകള്‍ ടിന്‍ ഷേഡുകള്‍ കൊണ്ട് നിര്‍മിച്ചതാണ്, വൈദ്യുതിയില്ല. ചൂട് നേരിട്ട് വീട്ടിലേക്ക് പ്രവേശിക്കുന്നു, വേനല്‍ക്കാലങ്ങളില്‍, ആര്‍ത്തവസമയത്ത് കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടുന്നു. യോനിയില്‍ അസ്വസ്ഥതയും ചൊറിച്ചിലും അനുഭവപ്പെടുന്നു- തെക്ക് കിഴക്കന്‍ ഡല്‍ഹിയിലെ നൂര്‍ നഗറില്‍ പതിറ്റാണ്ടുകളായി താമസിക്കുന്ന ഒരു കുട്ടിയുടെ അമ്മയായ മീരാ രാജ് (32) പറയുന്നു. തൊട്ടടുത്ത് താമസിക്കുന്ന ലളിതയും (21) ഇതേ കാര്യമാണ് പറഞ്ഞത്.
സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ജീവിതം പ്രതിബന്ധത്തിലാണ്. ചൂട് കാരണമുള്ള അസുഖങ്ങള്‍ കൊണ്ട് പലരും മരിക്കുന്നു. രാജ്യം കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ട സമയമാണിത്. ദുരന്തം എന്തെന്നാല്‍, ഭൂമിയിലെ ഏറ്റവും ബുദ്ധിമാനായ ജീവി മനുഷ്യനാണെങ്കിലും, നമ്മള്‍ സ്വന്തം കാലില്‍ വെടിവയ്ക്കുകയാണ്. ഉപഭോക്തൃത്വവും മനുഷ്യന്റെ അത്യാഗ്രഹവുമാണ് ഈ ദുരവസ്ഥയിലേക്ക് നയിച്ചത്. സുസ്ഥിരത എന്ന ആശയം നഷ്ടപ്പെട്ടെന്നും പരിസ്ഥിതി പ്രവര്‍ത്തകനായ മൈക്ക് പാണ്ഡെ ചൂണ്ടിക്കാട്ടുന്നു.
ഏത് പരിതസ്ഥിതിയോടും ഇണങ്ങി ജീവിക്കുന്നവര്‍ സ്ത്രീകളാണ്. എന്നാല്‍ അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ നല്‍കുന്നതില്‍ നമ്മുടെ സര്‍ക്കാരുകള്‍ പരാജയപ്പെട്ടു. അവര്‍ക്ക് ഒരു കൈ സഹായം നല്‍കാന്‍ ഭരണ നേതൃത്വം തയ്യാറല്ല. സ്ത്രീകളെ ശക്തിപ്പെടുത്തേണ്ടത്, കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് സമൂലമായമാറ്റം ഇത് സംബന്ധിച്ച് വേണമെന്നാണ് ആവശ്യം.