Immoral Case | മുന്‍കാമുകന്‍ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്ന കേസില്‍ യുവതിക്ക് 1.2 ബില്യന്‍ ഡോളര്‍ നഷ്ട പരിഹാരം

 


ടെക്‌സാസ്: (www.kvartha.com) തന്റെ അശ്ലീല ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചുവെന്നാരോപിച്ച്  മുന്‍ കാമുകനെതിരെ പരാതി നല്‍കിയ യുവതിക്ക് 1.2 ബില്യന്‍ നഷ്ടപരിഹാരം വിധിച്ച് ടെക്‌സാസ് കോടതി. തങ്ങള്‍ വേര്‍പിരിഞ്ഞതിന് ശേഷം തന്റെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. കോടതി രേഖകളില്‍ ഡിഎല്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന യുവതി 2022ലാണ് മുന്‍ കാമുകനെതിരെ പീഡന പരാതി നല്‍കിയത്.

വേര്‍പിരിഞ്ഞതിന് ശേഷം യുവതിയെ സമൂഹത്തില്‍ അപമാനിക്കുന്നതിന് വേണ്ടി അവരുടെ അശ്ലീല ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതായാണ് കേസില്‍ ആരോപിച്ചിരിക്കുന്നത്. ഇത്തരത്തില്‍ അപമാനിക്കപ്പെട്ടവരുടെ വിജയമാണിതെന്ന് യുവതിയുടെ അഭിഭാഷകന്‍ പറഞ്ഞു.

ഈ കേസില്‍ പ്രചരിച്ച ചിത്രങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയില്ലെങ്കിലും ഈ വിധി അവളുടെ സല്‍പ്പേര് തിരിച്ചു നല്‍കുന്നുവെന്ന് അഭിഭാഷകനായ ബ്രാഡ്ഫോര്‍ഡ് ഗില്‍ഡെ അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ പറഞ്ഞു. 100 മില്യന്‍ ഡോളര്‍ നല്‍കണമെന്നാണ് ആദ്യം അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നത്. 'ഈ വിധി ഇത്തരത്തില്‍ നിന്ദ്യമായ പ്രവര്‍ത്തികള്‍ ചെയ്യുന്നവരെ അതില്‍ നിന്നും പിന്തിരിപ്പിക്കുമെന്നും' ഗില്‍ഡെ കൂട്ടിച്ചേര്‍ത്തു.

കോടതി രേഖകള്‍ അനുസരിച്ച് 2016ലാണ് യുവതിയും കാമുകനും അടുപ്പത്തിലായത്. അടുപ്പത്തിലായിരുന്ന സമയത്ത് യുവതി ഇവരുടെ അടുപ്പം വെളിപ്പെടുത്തുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പങ്ക് വെച്ചിരുന്നു. എന്നാല്‍ 2021 ല്‍ ഇവര്‍ വേര്‍പിരിഞ്ഞതിന് ശേഷം യുവതിയുടെ സമ്മതമില്ലാതെ സമൂഹ മാധ്യമങ്ങളിലും മറ്റുള്ള വെബ് സൈറ്റുകളിലും ഫോടോകള്‍ പോസ്റ്റ് ചെയ്തതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

പൊതുവായി എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ഡ്രോപ് ബോക്‌സ് ഫോള്‍ഡറിലൂടെ ഇയാള്‍ യുവതിയുടെ സുഹൃത്തുക്കള്‍ക്കും കുടുംബങ്ങള്‍ക്കും യുവതിയുടെ ചിത്രങ്ങള്‍ അയച്ച് കൊടുക്കുകയായിരുന്നു. അത് പോലെ തന്നെ അവളുടെ ഫോണ്‍, സമൂഹ മാധ്യമ അകൗണ്ടുകള്‍, ഇമെയില്‍ എന്നിവയിലും അവളുടെ വീട്ടിലെ കാമറ സംവിധാനത്തിലും ഇയാള്‍ ചാരപ്പണി നടത്തിയിരുന്നതായും ആരോപണമുണ്ട്.

നിങ്ങളുടെ ജീവിത കാലം മുഴുവന്‍ നിങ്ങളുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുമെന്നും നിങ്ങളെ കണ്ടുമുട്ടുന്നവരെല്ലാം നിങ്ങളെ അപമാനിക്കുമെന്നുമുള്ള ഒരു സന്ദേശം ഇയാള്‍ യുവതിക്ക് അയച്ചതായും ആരോപണമുണ്ട്.

ഇയാള്‍ കോടതിയില്‍ ഹാജരായില്ലെന്നും ഇയാളെ പ്രതിനിധീകരിച്ച് ഒരു അഭിഭാഷകന്‍ ഉണ്ടായിരുന്നുവെന്നും യുഎസ് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

യുവതി ഇതുവരെ അനുഭവിച്ചതും ഇനി അനുഭവിക്കാന്‍ പോകുന്നതുമായ മാനസിക സംഘര്‍ഷത്തിന് 200 മില്യന്‍ ഡോളറും നാശനഷ്ടങ്ങള്‍ക്ക് ഒരു ബില്യന്‍ ഡോളറുമാണ് കോടതി വിധിച്ചത്.

മുന്പും ഇത്തരത്തിലുള്ള കേസുകള്‍ യുഎസില്‍ ഉണ്ടായിട്ടുണ്ട്. 2018ല്‍ കാലിഫോര്‍ണിയയിലെ ഒരു യുവതിക്കു പൂര്‍വ കാമുകന്‍ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് നഷ്ടപരിഹാരമായി 6.8 മില്യന്‍ ഡോളര്‍ ലഭിച്ചിരുന്നു.

2016ല്‍ ഏകദേശം 10 ദശലക്ഷം അമേരികക്കാര്‍ ഇത്തരത്തിലുള്ള ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് ഡാറ്റാ & സോസൈറ്റി ഗവേഷണ സ്ഥാപനം (data&society research institute) നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഇവരില്‍ കൂടുതലും 18 മുതല്‍ 29 വയസ് വരെയുള്ള സ്ത്രീകളാണ്.

മസാചുസെറ്റ്‌സ്, സൗത് കരോലിന്‍ എന്നിവ ഒഴികെയുള്ള യുഎസിലെ എല്ലാ സംസ്ഥാനത്തും പ്രതികാരത്തിന്റെ ഭാഗമായി അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെയുള്ള നിയമങ്ങള്‍ നിലവിലുണ്ട്.

Immoral Case | മുന്‍കാമുകന്‍ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്ന കേസില്‍ യുവതിക്ക് 1.2 ബില്യന്‍ ഡോളര്‍ നഷ്ട പരിഹാരം



Keywords: Texas, Woman, Revenge, Porn Case, Court, US, Texas, Woman, Case, Boyfriend, Dollar Settlement, Malayalam News, News, World, World-News, 1.2 billion dollar settlement for the woman in the case of ex-boyfriend spreading immoral pictures.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia