'ഒരു മിനിറ്റിനുള്ളില്‍ വേദനയില്ലാതെ മരിക്കാം'; ശരീരം തളര്ന്നവര്ക്കുപോലും കണ്ണിമ ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കാമെന്ന് വാദം; ആത്മഹത്യാ മെഷീന് നിയമസാധുത നല്കി സ്വിറ്റ്സര്‍ലന്‍ഡ്! വ്യാപക വിമര്‍ശനം
Dec 7, 2021, 16:56 IST
ബേണ്‍: (www.kvartha.com 07.12.2021) ദയാവധത്തിന് നിയമപ്രകാരം അനുമതിയുള്ള രാഷ്ട്രമാണ് സ്വിറ്റ്സര്‍ലന്‍ഡ്. കഴിഞ്ഞ വര്‍ഷം ഏകദേശം 1300 പേരാണ് രാജ്യത്ത് ഇത്തരത്തില്‍ മരണം സ്വീകരിച്ചിരുന്നത്. മരണത്തില്‍ സഹായിക്കുന്നതിനായി രാജ്യത്ത് സംഘടനകളും നിലവിലുണ്ട്. ദീര്‍ഘകാലമായി കോമയില്‍ കിടക്കുന്ന രോഗികളെ മരുന്നു കുത്തിവച്ചാണ് സംഘടനകള്‍ മരണത്തിലേക്ക് നയിക്കുന്നത്.
ഇപ്പോഴിതാ ആത്മഹത്യാ മെഷീന് അനുമതി നല്‍കിയിരിക്കുകയാണ് സ്വിറ്റ്സര്‍ലന്‍ഡ്. സാക്രോ എന്ന പേരിലുള്ള ഉപകരണത്തിന് അകത്തുവച്ച് ഒരു മിനിറ്റിനുള്ളില്‍ 'വേദനയില്ലാതെ മരണം' സംഭവിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. മെഷീന് ഉപഭോക്താവിന്റെ ഇഷ്ടത്തിന് അനുസരിച്ച് എവിടെയും വയ്ക്കാം. മരണം സംഭവിച്ച് കഴിഞ്ഞാല്‍ ശവപ്പെട്ടിയായും ഉപയോഗിക്കാനാകും.
ശരീരത്തില്‍ ഓക്സിജെന്റെയും കാര്‍ബണ്‍ ഡയോക്സൈഡിന്റെയും അളവ് കുറഞ്ഞാകും മരണം. കണ്ണിമ ഉപയോഗിച്ച് യന്ത്രം പ്രവര്‍ത്തിപ്പിക്കാം എന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. യന്ത്രത്തിന് അകത്ത് കയറിയാല്‍ ശരീരം തളര്ന്നവര്ക്കുപോലും ഇതു പ്രവര്‍ത്തിപ്പിക്കാനാകുമെന്ന് യുകെ മാധ്യമമായ ഇന്‍ഡിപെന്‍ഡന്റ് റിപോര്‍ട് ചെയ്യുന്നു.
ഡോ. ഡെത് എന്ന് അറിയപ്പെടുന്ന, സന്നദ്ധ സംഘടനയായ എക്സിറ്റ് ഇന്റര്‍നാഷനല്‍ ഡയറക്ടര്‍ ഡോ ഫിലിപ് നിഷ്കെയാണ് യന്ത്രം വികസിപ്പിച്ചത്. ശരീരത്തിലെ ഓക്സിജെന്റെ അളവു കുറയ്ക്കാനായി നൈട്രജെനാണ് ഉപയോഗിക്കുന്നത്. പരിഭ്രാന്തി വേണ്ടെന്നും ശ്വാസം മുട്ടിയല്ല രോഗി മരിക്കുന്നതെന്നും നിഷ്കെ പറയുന്നു.
അതേസമയം, ഉപകരണത്തിനെതിരെ വ്യാപക വിമര്‍ശനവുമുണ്ട്. ഇത് ഗ്യാസ് ചേംബറാണ് എന്നും ആത്മഹത്യയെ മഹത്വവല്‍ക്കരിക്കുകയാണ് എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ അനുമതി കിട്ടിയതോടെ അടുത്ത വര്‍ഷം മുതല്‍ സാക്രോ മെഷീന് ഉപയോഗിക്കാനിരിക്കുകയാണ് സംഘടന.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.