അഫ്ഗാനിസ്ഥാനില്‍ നിന്നും പുറത്തുകടക്കാന്‍ ജനം തിക്കും തിരക്കുമായി അവസാന യാത്രാവിമാനത്തില്‍ കയറാന്‍ ശ്രമിക്കവെ വിമാനത്താവളത്തില്‍ വെടിവയ്പ്; 7 മരണം

 


കാബൂള്‍: (www.kvartha.com 16.08.2021) താലിബാന്‍ സ്വാധീനമുളള അഫ്ഗാനിസ്ഥാനില്‍ നിന്നും പുറത്തുകടക്കാന്‍ ജനം തടിച്ചുകൂടിയ കാബൂള്‍ വിമാനത്താവളത്തില്‍ വെടിവയ്പ്. അതിശക്തമായ വെടിവയ്പില്‍ ചുരുങ്ങിയത് ഏഴുപേരെങ്കിലും കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന റിപോര്‍ട്. വിമാനത്താവളത്തില്‍ നിന്നുളള അവസാന യാത്രാവിമാനത്തില്‍ കയറാന്‍ ശ്രമിക്കവെയാണ് വെടിവയ്‌പെന്നും റിപോര്‍ടുണ്ട്. രാജ്യത്തുനിന്നും എങ്ങനെയെങ്കിലും പുറത്തുകടക്കണമെന്ന വെമ്പലില്‍ ആയിരക്കണക്കിന് ആളുകളാണ് ടാര്‍മാര്‍കില്‍ തടിച്ചുകൂടിയത്. ഇതിനിടെയാണ് വെടിവയ്പ് നടന്നത്.

അഫ്ഗാനിസ്ഥാനില്‍ നിന്നും പുറത്തുകടക്കാന്‍ ജനം തിക്കും തിരക്കുമായി അവസാന യാത്രാവിമാനത്തില്‍ കയറാന്‍ ശ്രമിക്കവെ വിമാനത്താവളത്തില്‍ വെടിവയ്പ്; 7 മരണം

എന്നാല്‍ വെടിവയ്പിലാണോ തിക്കിലും തിരക്കിലുമപെട്ടാണോ ഏഴുപേര്‍ മരിച്ചതെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് റോയിടേഴ്‌സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു. വിമാനത്താവളത്തില്‍ പൊതുജനങ്ങള്‍ക്കുളള ഭാഗം അടച്ച് അവിടെ സുരക്ഷാ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. കാബൂളില്‍ നിന്നുളള വിമാനങ്ങള്‍ റദ്ദാക്കിയതോടെ തിങ്കളാഴ്ച ഉച്ചയ്ക്ക് പുറപ്പെടാനിരുന്ന ഡെല്‍ഹി-കാബൂള്‍-ഡെല്‍ഹി വിമാനം റദ്ദാക്കി.

അതേസമയം അമേരിക്കന്‍ പൗരന്മാരെയും ഉദ്യോഗസ്ഥരെയും സുരക്ഷിതമായി ഒഴിപ്പിക്കേണ്ടതിനാല്‍ വിമാനത്താവളത്തില്‍ അമേരിക്കന്‍ സൈന്യം തങ്ങുന്നുണ്ട്. ഏതാണ്ട് 6000 സൈനികരാണ് ഇത്തരത്തില്‍ ഇവിടെയുളളതെന്നാണ് റിപോര്‍ട്. നിലവില്‍ പല രാജ്യങ്ങളുടെയും കോണ്‍സുലേറ്റ് പ്രവര്‍ത്തിക്കുന്നത് വിമാനത്താവളത്തിലാണ്.

താലിബാന്‍ നിയന്ത്രണത്തിലായ അഫ്ഗാനിസ്ഥാനില്‍ നിന്നും പുറത്തുവരുന്നത് ഞെട്ടിക്കുന്ന കാഴ്ചകളാണ്. താലിബാന്‍ അധികാരം പിടിച്ചെടുത്തതിനു പിന്നാലെ സ്വന്തം രാജ്യത്തേക്ക് കടക്കാന്‍ ആളുകള്‍ വെമ്പല്‍ കൂട്ടുന്ന കാഴ്ചയാണ് കാണുന്നത്. കിട്ടുന്ന വിമാനങ്ങളില്‍ എങ്ങനെയെങ്കിലും അള്ളിപ്പിടിച്ച് കടക്കാനാണ് മിക്ക ആളുകളും ശ്രമിക്കുന്നത്. അത്തരം ശ്രമത്തിന്റെ പരിണിതഫലമായി മൂന്ന് ജീവനുകള്‍ ഇല്ലാതായ വാര്‍ത്തകളും പുറത്തുവന്നിരുന്നു. തെഹ് റാന്‍ ടൈംസാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

യുഎസ് വിമാനത്തിന്റെ ചിറകില്‍ പിടിച്ചുകിടന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മൂന്നു പേരെങ്കിലും വിമാനം പറന്നുയര്‍ന്നതോടെ നിലത്തേക്കു വീണു മരിക്കുന്നതിന്റെ ദയനീയ വിഡിയോ ദൃശ്യങ്ങളാണ് കാബൂളില്‍ നിന്നും പുറത്തുവന്നത്.

'വിമാനത്തിന്റെ ടയറുകള്‍ക്കു സമീപം ഒളിച്ചിരുന്നോ ചിറകില്‍ പിടിച്ചു കിടന്നോ രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്നു പേര്‍ വിമാനം പറന്നുയരാന്‍ തുടങ്ങിയതോടെ പിടിവിട്ട് കാബൂളിലെ താമസക്കാരുടെ വീടിനു മുകളിലാണു വന്നു വീണത്. വിമാനത്തിന്റെ ചക്രത്തോട് ചേര്‍ത്ത് ശരീരം കയര്‍കൊണ്ട് കെട്ടിയാണ് ഇവര്‍ അഫ്ഗാന്‍ വിടാന്‍ ശ്രമിച്ചത്. എന്നാല്‍ ശ്രമം വിഫലമാവുകയായിരുന്നു. കാബൂളിലെ ദൗര്‍ഭാഗ്യ സംഭവങ്ങളുടെ തുടര്‍ച്ചയായാണ് അവര്‍ക്കു ജീവന്‍ നഷ്ടമായത്' എന്ന് അഫ്ഗാന്‍ ചാനലായ ടോളോ ന്യൂസിലെ ജിവനക്കാരന്‍ താരിഖ് മജീദി പറഞ്ഞു.

ട്വിറ്ററിലെ കുറിപ്പിനൊപ്പം സംഭവത്തിന്റെ വിഡിയോയും അദ്ദേഹം പങ്കുവച്ചു. റണ്‍വേയില്‍ നൂറുകണക്കിന് ആളുകള്‍ യുഎസ് വ്യോമസേനയുടെ വിമാനത്തിനു പിന്നാലെ ഓടുകയും വിമാനത്തിന്റെ ചിറകില്‍ പിടിച്ചുകയറാന്‍ ശ്രമിക്കുകയും ചെയ്യുന്ന വിഡിയോകളും പുറത്തുവന്നു.

Keywords: 7 killed in gunfire at Kabul airport amid chaos following Taliban takeover, Kabul, Afghanistan, Report, Protection, Trending, World, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Share this story

wellfitindia