ആപിള്‍ വാചിന്റെ ഗ്ലാസ് പൊട്ടിത്തെറിച്ച് കൈ ഞരമ്പ് പൊട്ടി; കമ്പനിക്കെതിരെ കേസുകൊടുത്ത് യുവാവ്

 


ന്യൂയോര്‍ക്: (www.kvartha.com 13.12.2021) ആപിള്‍ വാചിന്റെ ഗ്ലാസ് പൊട്ടിത്തെറിച്ച് കൈ ഞരമ്പ് പൊട്ടിയെന്നാരോപിച്ച് കമ്പനിക്കെതിരെ കേസുകൊടുത്ത് യുവാവ്. വടക്കന്‍ കലിഫോര്‍ണിയയിലെ അമേരികന്‍ ജില്ലാ കോടതിയിലാണ് ക്രിസ് സ്മിത് എന്ന ആപിള്‍ ഉപയോക്താവ് പരാതി നല്‍കിയിരിക്കുന്നത്.

ബാറ്റെറി വികസിച്ചതിനാല്‍ ഗ്ലാസ് പൊട്ടി തന്റെ കൈക്ക് ഗുരുതരമായി പരിക്കേറ്റു എന്നാണ് യുവാവിന്റെ പരാതി. ആപിള്‍ വാച് സീരീസ് 3യുടെ ഡിസൈനിനെതിരെ സ്മിതിനെ കൂടാതെ നാലു പേര്‍ കൂടി പരാതി നല്‍കിയിട്ടുണ്ട്. ആപിള്‍ വാച് സീരീസ് 3യുടെ രൂപകല്‍പനയുടെ പിഴവു മൂലം ഉപയോക്താക്കള്‍ക്ക് അപകടം സംഭവിക്കാനിടയുണ്ടെന്നാണ് പരാതിക്കാരുടെ ആരോപണം.

ആപിള്‍ വാചിന്റെ ഗ്ലാസ് പൊട്ടിത്തെറിച്ച് കൈ ഞരമ്പ് പൊട്ടി; കമ്പനിക്കെതിരെ കേസുകൊടുത്ത് യുവാവ്

ആപിള്‍ വാച് സീരീസ് 3യുടെ രൂപകല്‍പനയില്‍ അപാകതയുണ്ടെന്നും ബാറ്റെറിക്ക് വികസിക്കാന്‍ ഇടം നല്‍കിയിട്ടില്ലെന്നും ഇതിനാല്‍ ഡിസ്പ്ലേ പൊട്ടാമെന്നുമാണ് ആരോപണം.

പരാതിക്കാരുടെ ആരോപണങ്ങള്‍ ഇങ്ങനെ:


1. ബാറ്റെറിക്കു വികസിക്കാന്‍ ഇടമില്ല

ആപിള്‍ വാച് സീരീസ് 3യില്‍ വാചിന്റെ ബോഡിക്കും ഗ്ലാസിനുമിടയില്‍ ഇരിക്കുന്ന ബാറ്റെറിക്ക് വികസിക്കാന്‍ ആവശ്യത്തിന് ഇടം നല്‍കിയിട്ടില്ല. ബാറ്റെറികള്‍ ചാര്‍ജ് ചെയ്യുമ്പോഴും മറ്റു ചില സന്ദര്‍ഭങ്ങളിലും അല്‍പം വികസിക്കാം. ഇത് ഉള്‍കൊള്ളാനുള്ള ഇടം ഇല്ലാതെയാണ് വാച് രൂപകല്‍പന ചെയ്തിരിക്കുന്നത് . ബാറ്റെറി വികസിക്കുമ്പോള്‍ ഡിസ്പ്ലേയ്ക്കുമേല്‍ സമ്മര്‍ദമുണ്ടാകുകയും അത് പൊട്ടുകയും ചെയ്യാം.

പൊട്ടിയ ഡിസ്പ്ലേയുടെ കൂര്‍ത്ത ഭാഗങ്ങള്‍ വാച് ഉപയോഗിക്കുന്നവര്‍ക്ക് ഭീഷണിയാകാം . മിക്ക പരാതിക്കാരുടെയും ആപിള്‍ വാച് സീരീസ് 3യുടെ ഗ്ലാസുകള്‍ പൊട്ടിയിട്ടുണ്ട്. പക്ഷേ സ്മിതിന്റെ മാത്രമാണ് കൈ ഞരമ്പ് മുറിഞ്ഞിരിക്കുന്നത്.

2. പ്രശ്നം ആപിളിന് അറിയാമായിരുന്നു



വാചിന്റെ ബാറ്റെറി വികസിക്കുന്ന പ്രശ്നം ആപിളിന് വില്‍ക്കുന്നതിനു മുന്‍പ് തന്നെ അറിയാമായിരുന്നു എന്നും പരാതിക്കാര്‍ ആരോപിക്കുന്നു. തങ്ങളുടെ വാദം സമര്‍ഥിക്കാനായി ആപിള്‍ അമേരികന്‍ പേറ്റന്റ്സില്‍ നല്‍കിയ അപേക്ഷയാണ് കോടതിയില്‍ സമര്‍പിച്ചത്. ആപിള്‍ 2015 മുതല്‍ സമര്‍പിച്ചിരിക്കുന്ന പേറ്റന്റ് അപേക്ഷകളില്‍ ബാറ്റെറി വികസിക്കാനുള്ള സാധ്യതയുണ്ടെന്ന് പറയുന്ന ഭാഗം പരാതിക്കാര്‍ എടുത്തുകാണിക്കുന്നു.

അതേസമയം, ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ വാച് സീരീസ് 7 ഒഴികെയുള്ള എല്ലാ വാചുകളുടെ വേരിയന്റുകളെയും പരാതിയില്‍ ഉള്‍പെടുത്തിയിട്ടുണ്ടെന്നും റിപോര്‍ട് വ്യക്തമാക്കുന്നു. തങ്ങളുടെ വാച് എത്ര കട്ടികുറഞ്ഞവയാണ് എന്ന് കാണിച്ച് വീമ്പിളക്കിയിട്ടുമുണ്ട് ആപിള്‍. അത്തരത്തില്‍ വാച് ഇറക്കണമെങ്കില്‍ ബാറ്റെറിക്ക് വികസിക്കാന്‍ വേണ്ട ഇടം നല്‍കാതെ രൂപകല്‍പന ചെയ്താല്‍ മാത്രമാണ് സാധിക്കുക എന്നാണ് വാദം. ബാറ്റെറി വികസിച്ചാല്‍ ഡിസ്പ്ലേയും ഷാസിയും തകര്‍ന്നോളുമെന്ന ആശയമാണ് ആപിള്‍ നടപ്പിലാക്കിയതെന്നും ആരോപണമുണ്ട്.

3. മര്‍ദം മുകളിലേക്ക്

ബാറ്റെറി വികസിക്കുമ്പോള്‍ മര്‍ദം വാചിന്റെ ഗ്ലാസ് ഇരിക്കുന്നിടത്തേക്കാണ് വരിക. അപ്പോള്‍ ഗ്ലാസ് ഇളകിപ്പോകുകയോ, പൊട്ടിത്തെറിക്കുകയോ ചെയ്യാം. ഇതിനുത്തരവാദി ഉപയോഗിക്കുന്ന വ്യക്തിയല്ല. ഇത് ഉപയോഗിക്കുന്നവര്‍ക്ക് അപകടമുണ്ടാക്കുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകാമെന്നും പരാതിയില്‍ പറയുന്നു.

4. ഗോള്‍ഫ് കോര്‍ടില്‍ വച്ച് അപകടം


താന്‍ ഗോള്‍ഫ് കോര്‍ടില്‍ ഇരിക്കുമ്പോഴാണ് ഗ്ലാസ് തകര്‍ന്ന് കഷണങ്ങള്‍ സ്റ്റിയറിങ് വീലില്‍ വീണ് കൈ മുറിഞ്ഞതെന്നാണ് സ്മിത് പറയുന്നത്. ആഴത്തില്‍ മുറിവേറ്റ കൈയുടെ രണ്ടു ചിത്രങ്ങളും പരാതിക്കൊപ്പം സമര്‍പിച്ചിട്ടുണ്ട്. അതേസമയം, പരാതിക്കാരില്‍ സ്മിതിനു മാത്രമാണ് ഗ്ലാസ് തകര്‍ന്നതു മൂലം പരിക്കേറ്റിരിക്കുന്നത്.

മറ്റു പരാതിക്കാരുടെ ആപിള്‍ വാചുകളുടെ ഡിസ്പ്ലേ തള്ളി പുറത്തു പോയിരിക്കുകയാണ്. പരാതിക്കാരെല്ലാം ആപിള്‍ നഷ്ടപരിഹാരം നല്‍കണം എന്നാണ് അവശ്യപ്പെട്ടിരിക്കുന്നത്. ആപിള്‍ വാചിന് നല്‍കിയ പണം തിരിച്ചു നല്‍കണമെന്നും പരാതിക്കാര്‍ ആവശ്യപ്പെടുന്നു.

5. ആപിള്‍ വാചുകള്‍ ശ്രദ്ധയോടെ നിര്‍മിച്ചവയെന്ന് കമ്പനി

പരാതികള്‍ക്കും കേസുകള്‍ക്കും പിന്നാലെ പ്രതികരണവുമായി ആപിളുമെത്തി. തങ്ങളുടെ വാച് നിര്‍മാണത്തിനുള്ള വസ്തുക്കള്‍ തിരഞ്ഞെടുക്കുന്നതിലും മറ്റും വളരെയധികം ശ്രദ്ധപുലര്‍ത്താറുണ്ട് എന്നാണ് കമ്പനിയുടെ അവകാശവാദം. വളരെ ചെറിയൊരു ശതമാനം ഉപയോക്താക്കള്‍ക്കാണ് പ്രശ്നമുണ്ടാകുന്നത്.

വാച് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ വളരെ കുറച്ചുപേരില്‍ ഉണ്ടാക്കുന്ന പ്രതികരണങ്ങളാണ് പ്രശ്നകാരണമെന്നും ഇവര്‍ പറയുന്നു. ഉപയോക്താക്കള്‍ക്കുള്ള അലര്‍ജി, പരിസ്ഥിതി പ്രശ്നങ്ങള്‍, സോപ്, വിയര്‍പ്പ് മുതലായ വസ്തുക്കളുമായി കൂടുതല്‍ സമയം ഇടപെടേണ്ടി വരുന്നത് തുടങ്ങിയവയാണ് ഇതിനു പിന്നിലെന്ന് അവര്‍ പറയുന്നു.

ചില വാച് സ്ട്രാപുകളില്‍ നികല്‍ ഉണ്ട്. അത് ചിലരില്‍ പ്രതികരണങ്ങള്‍ ഉണ്ടാക്കുന്നു. പക്ഷേ, അത്തരം വസ്തുക്കളെല്ലാം അംഗീകരിക്കപ്പെട്ട അളവില്‍ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനാല്‍ നികല്‍ ഒന്നും പ്രശ്നം ഉണ്ടാക്കണമെന്നില്ലെന്നും കമ്പനി പറയുന്നു.

6. സെന്‍സര്‍ ആയിരിക്കാം പ്രശ്നമെന്ന് ഉപയോക്താവ്

വാചിനുള്ളിലിരിക്കുന്ന സെന്‍സര്‍ അമിതമായി ചൂടാകുന്നതായിരിക്കാം പ്രശ്നകാരണമെന്ന് മറ്റൊരു ഉപയോക്താവ് പറഞ്ഞു. ഇത് തന്റെ ത്വക്കില്‍ ചൂടുണ്ടാക്കുന്നു എന്നാണ് ഇയാള്‍ ആരോപിക്കുന്നത്. അതേസമയം, ചിലര്‍ക്ക് ഇത്തരം പ്രശ്നങ്ങള്‍ സാധാരണ വാച് കെട്ടിയാല്‍ പോലും ഉണ്ടാകുന്നുണ്ട്. വാചിന്റെ സപോര്‍ട് പേജില്‍ ആപിള്‍ നല്‍കുന്ന നിര്‍ദേശങ്ങളിലുള്ള ഒരു കാര്യവും പരിഗണിക്കേണ്ടതാണ്. വാച് അമിതമായി മുറുക്കിയോ, അയച്ചോ കെട്ടിയാല്‍ അത് അസുഖകരമായ അനുഭവം പ്രദാനം ചെയ്തേക്കാമെന്നാണ് കമ്പനി പറയുന്നത്.

Keywords:  A class-action lawsuit against Apple claims that an Apple Watch defect caused owners' screens to crack and expose 'razor-sharp' edges, New York, News, Business, Technology, Allegation, Complaint, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia