Rare | അപൂർവങ്ങളിൽ അപൂർവം: ഒന്നല്ല, രണ്ട് ഗർഭപാത്രങ്ങൾ! രണ്ടിൽ നിന്നുമായി ഇരട്ടകുട്ടികൾക്ക് ജന്മം നൽകി യുവതി

 
A Woman Gives Birth to Twins from Two Separate Uteruses
A Woman Gives Birth to Twins from Two Separate Uteruses

Representational Image Generated by Meta AI

● സിസേറിയൻ മുഖേനയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്.
● ആൺകുട്ടിക്ക് 3.3 കിലോയും പെൺകുട്ടിക്ക് 2.4 കിലോയും ഭാരമുണ്ടായിരുന്നു.
● സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി.

ബീജിംഗ്: (KVARTHA) ഇരട്ടകുട്ടികൾ ജനിക്കുന്നത് സർവസാധാരണമാണെങ്കിലും, ചൈനയിൽ അടുത്തകാലത്ത് സംഭവിച്ച ഒരു സംഭവം ശ്രദ്ധേയമായി. കാരണം ഇവർ രണ്ടുപേരും ഒരമ്മയിൽ നിന്ന് ജനിച്ചതാണെങ്കിലും ഇരുവരും രണ്ട് ഗർഭപാത്രങ്ങളിൽ നിന്നാണ് പുറത്തുവന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ കുഞ്ഞുങ്ങളുടെ അമ്മയായ യുവതിക്ക് രണ്ട് ഗർഭപാത്രങ്ങൾ ഉണ്ടായതാണ് ഇരട്ടകുട്ടികൾ ജനിക്കാൻ കാരണമായത്.

വളരെ അപൂർവമായ ഒരു അവസ്ഥയാണിത്, ഇതുവരെ ലോകമെമ്പാടുമുള്ള 0.3 ശതമാനം സ്ത്രീകളിൽ മാത്രമേ ഇത് കണ്ടെത്തിയിട്ടുള്ളൂ. ചൈനീസ് നാഷണൽ റേഡിയോ പറയുന്നതനുസരിച്ച്, ഈ അവസ്ഥയിൽ, ഒരു സ്ത്രീക്ക് രണ്ട് പൂർണമായി വികസിതമായ ഗർഭാശയങ്ങൾ ഉണ്ടായിരിക്കും. ഇതിൽ അണ്ഡനാളങ്ങളും അണ്ഡാശയങ്ങളും ഉൾപ്പെടുന്നു. രണ്ട് ഗർഭാശയങ്ങളുള്ള സ്ത്രീകൾക്ക് ഇരുവശത്തുനിന്നും ഗർഭധാരണത്തിനും പ്രസവിക്കാനും സാധിക്കും. ഇരട്ട അണ്ഡാശയ അവസ്ഥ വളരെ അപൂർവമാണെങ്കിലും, രണ്ടിൽ നിന്നും വിജയകരമായി പ്രസവിക്കുന്നത് ഒരു സ്ത്രീയെ സംബന്ധിച്ചു തീർത്തും അസാധാരണമാണ്.

സെപ്തംബർ ആദ്യമാണ് ഷാൻസി പ്രവിശ്യയിലുള്ള ഈ സ്ത്രീ ഒരു ആൺകുട്ടിക്കും പെൺകുട്ടിക്കും ജന്മം നൽകിയത്. എട്ടര മാസം ഗർഭിണിയായിരിക്കെയാണ് അവർ കുഞ്ഞുങ്ങളെ പ്രസവിച്ചതെന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തത്. 'സ്വാഭാവിക ഗർഭധാരണത്തിലൂടെ രണ്ട് ഗർഭപാത്രങ്ങളിൽ ഓരോന്നിലും ഗർഭിണിയാകുന്നത് വളരെ അപൂർവമാണ്. ചൈനയിൽ നിന്നും വിദേശത്തുനിന്നും അത്തരം രണ്ട് കേസുകളെ കുറിച്ച് മാത്രമേ ഞങ്ങൾ കേട്ടിട്ടുള്ളൂ', ആശുപത്രിയിലെ മുതിർന്ന പ്രസവചികിത്സകയായ കായ് യിംഗ് പറഞ്ഞു.

'ഈ അവസ്ഥയുള്ള ഒരു സ്ത്രീ 37 ആഴ്‌ചയ്‌ക്ക് ശേഷം വിജയകരമായി പ്രസവിക്കുന്നത് അതിലും അപൂർവമാണ്, ഇത് ദശലക്ഷത്തിൽ ഒന്ന് പ്രതിഭാസമാണെന്നും അവർ കൂട്ടിച്ചേർത്തു. സാധാരണയായി, രണ്ട് ഗർഭപാത്രങ്ങളുള്ള സ്ത്രീകളിൽ ഗർഭിണിയാകുന്നതുവരെ രോഗലക്ഷണങ്ങൾ കാണാറില്ല. എന്നാൽ ഗർഭാവസ്ഥയിൽ ആയിരിക്കുമ്പോൾ പലപ്പോഴും ആവർത്തിച്ചുള്ള ഗർഭം അലസൽ, ഗർഭപിണ്ഡത്തിന്റെ അവികസിതാവസ്ഥ, മാസം തികയാതെയുള്ള പ്രസവം തുടങ്ങിയ സങ്കീർണതകൾക്കുള്ള സാധ്യത കൂടുതലായി അനുഭവിക്കാറുണ്ട്. 

ഈ സ്ത്രീ നേരത്തെയും ഗർഭിണിയായിരുന്നു, എന്നാൽ 27 ആഴ്ചയിൽ അജ്ഞാതമായ ചില കാരണങ്ങളാൽ ആ ഗർഭം അലസിപ്പോയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതിനാൽ ജനുവരിയിൽ, യുവതി ഗർഭിണിയായതിനെത്തുടർന്ന്, അവളുടെ സുരക്ഷ ഉറപ്പാക്കാൻ ഡോക്ടർമാർ ഒരു കൃത്യമായ പദ്ധതി തയ്യാറാക്കിയിരുന്നു.അങ്ങനെ ആരോഗ്യമുള്ള ഒരു ആൺകുട്ടിക്കും പെൺകുട്ടിക്കും യുവതി ജന്മം നൽകി. ആൺകുട്ടിക്ക് 3.3 കിലോയും പെൺകുട്ടിക്ക് 2.4 കിലോയും ഭാരമുണ്ടായിരുന്നു. സിസേറിയനിലൂടെയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്. 

സാമൂഹ്യ മാധ്യമങ്ങളിലും സംഭവം വൈറലായി. ഒരു ഓൺലൈൻ ഉപയോക്താവ് സംഭവത്തെക്കുറിച്ചുള്ള വാർത്തയിൽ പ്രതികരിച്ചുകൊണ്ട്, 'കുട്ടികൾ അമ്മയുടെ വയറ്റിൽത്തന്നെ ആഡംബര ജീവിതം നയിച്ചിരുന്നു. മറ്റ് ഇരട്ടകളെപ്പോലെ ഒരേ വീട് പങ്കിടുന്നതിന് പകരം, അവർ വെവ്വേറെ വില്ലകളിൽ താമസിച്ചിരുന്നു', എന്ന് കുറിച്ചു. മറ്റൊരു ഉപയോക്താവ് തന്റെ അനുഭവം പങ്കുവെച്ചുകൊണ്ട്, 'എന്റെ സഹപ്രവർത്തകയ്ക്ക് രണ്ട് ഗർഭപാത്രങ്ങളുണ്ട്. പക്ഷേ, ഒരു മകനെ പ്രസവിക്കുന്നതിന് മുമ്പ് അവളുടെ ഗർഭം മൂന്ന് തവണ അലസിയപ്പോയി. അവൾക്ക് അത് എളുപ്പമായിരുന്നില്ല!', എന്ന് എഴുതി.

#twinbirth #raremedicalcondition #twouteruses #pregnancy #china #medicalmarvel

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia