അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗനി രാജിവെക്കും; അധികാരകൈമാറ്റം ഉടന്‍ ഉണ്ടായേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍
Aug 15, 2021, 19:14 IST
കാബൂള്‍: (www.kvartha.com 15.08.2021) താലിബാന്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ പ്രവേശിച്ച സാഹചര്യത്തില്‍ അധികാരകൈമാറ്റം ഉടനുണ്ടായേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു. നഗരത്തിലേക്കു താലിബാന്‍ പ്രവേശിച്ചതോടെ യുഎസ് എംബസിയില്‍ നിന്നു നയതന്ത്ര പ്രതിനിധികളെ ഹെലികോപ്ടര്‍ മാര്‍ഗം രക്ഷപ്പെടുത്തിയതായി അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. നഗരത്തിന്റെ നാലുപാടും താലിബാന്‍ വളഞ്ഞിരിക്കുകയാണെന്നു മന്ത്രിസഭയിലെ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ റോയിടേഴ്‌സിനോടു പ്രതികരിച്ചു.
കാബൂളിന്റെ പല സ്ഥലങ്ങളില്‍നിന്നും വെടിയൊച്ചകള്‍ കേട്ടെന്നും രാജ്യാന്തര പങ്കാളികള്‍ക്കൊപ്പം നിലയുറപ്പിക്കുന്ന സുരക്ഷാ സേനയ്ക്കുതന്നെയാണു നഗരത്തിന്റെ നിയന്ത്രണമെന്നും അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ ഓഫിസ് ട്വീറ്റ് ചെയ്തു.
അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗനി രാജിവെക്കും. അഫ്ഗാന്‍ മുന്‍ ആഭ്യന്തരമന്ത്രി അലി അഹമദ് ജലാലി ഇടക്കാല സര്‍കാര്‍ പ്രസിഡന്റ് ആവുമെന്നാണ് സൂചനകള്‍. അഫ്ഗാനില്‍ അധികാര കൈമാറ്റം സമാധാനപരമായിരിക്കുമെന്ന് അഫ്ഗാന്‍ ആഭ്യന്തരമന്ത്രി അബ്ദുല്‍ സതാര്‍ മിര്‍സാക് വല്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ പരിഭ്രാന്തരാവരുതെന്നും കാബൂള്‍ നഗരത്തില്‍ ആക്രമണങ്ങള്‍ നടക്കില്ലെന്നും സമാധാനപരമായി ഇടക്കാല സര്‍കാരിന് അധികാരം കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. വിഡിയോ രൂപത്തിലാണ് ആഭ്യന്തരമന്ത്രിയുടെ സന്ദേശം പുറത്തുവന്നിരിക്കുന്നത്.
എന്നാല്‍ കാബൂളിലേക്കു കടന്ന താലിബാന്‍, പ്രസിഡന്റിന്റെ കൊട്ടാരം ലക്ഷ്യമാക്കി നീങ്ങുന്നെന്ന റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്. കാബൂളിനു മൂന്നു മാസം പോലും പിടിച്ചു നില്‍ക്കാനാകില്ലെന്നു യുഎസ് ഇന്റലിജന്‍സ് കഴിഞ്ഞയാഴ്ച മുന്നറിയിപ്പു നല്‍കിയിരുന്നു. കാബൂളിലെ പല ഉദ്യോഗസ്ഥരും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറിയതായി നാറ്റോ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. അപകടങ്ങള്‍ ഒഴിവാക്കുകയാണു ലക്ഷ്യമെന്നും വെടിവയ്പിന് ഉത്തരവിട്ടിട്ടില്ലെന്നും താലിബാന്‍ റോയിടേഴ്‌സിനോടു വ്യക്തമാക്കി. സായുധ പോരാട്ടത്തിലൂടെ രാജ്യം പിടിച്ചടക്കാന്‍ താല്‍പര്യമില്ലെന്നു പറഞ്ഞ താലിബാന്‍, അഫ്ഗാന്‍ സേനയോടു പിന്മാറാന്‍ മുന്നറിയിപ്പു നല്‍കി.
അതിനിടെ താലിബാന്‍ അധികാരം പിടിച്ചെടുക്കുന്നതിന് മുന്നോടിയായി അഫ്ഗാന്‍ പ്രസിഡന്റ് കാബൂളില്‍ നിന്ന് പുറത്തുകടന്നുവെന്ന വാര്‍ത്തകളെ തള്ളുന്ന റിപോര്‍ടുകളും പുറത്തുവന്നിട്ടുണ്ട്. പ്രസിഡന്റ് കൊട്ടാരത്തില്‍ തന്നെയാണ് ഇപ്പോഴുള്ളതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട് ചെയ്തു.
വിഷയത്തില്‍ പ്രസിഡന്റ് ഗനി പ്രതികരിച്ചിട്ടില്ല. ഞായറാഴ്ച പുലര്‍ച്ചെ പോരാട്ടം ഇല്ലാതെ തന്നെ കിഴക്കന്‍ പട്ടണമായ ജലാലാബാദ് താലിബാന്‍ പിടിച്ചെടുത്തിരുന്നു. ഇതോടെ അഫ്ഗാനിലെ പ്രധാന ഹൈവേകളില്‍ ഒന്നിന്റെ സമ്പൂര്‍ണ നിയന്ത്രണവും താലിബാനായി. സമീപപ്രദേശവും പാകിസ്ഥാന്‍ അതിര്‍ത്തിയുമായ തൊര്‍ഖാമും താലിബാന്റെ നിയന്ത്രണത്തിലായതോടെ കാബൂള്‍ വിമാനത്താവളം മാത്രമായിരുന്നു അഫ്ഗാനില്‍നിന്നു പുറത്തുകടക്കാനുള്ള ഏക മാര്‍ഗം.
വിമാനത്താവളം വളഞ്ഞെന്നും സര്‍വീസുകള്‍ക്ക് അനുമതിയുണ്ടെന്നുമാണു താലിബാന്റെ ഏറ്റവും ഒടുവിലത്തെ പ്രതികരണം. 'നഗരവാസികളുടെ ജീവന്‍ രക്ഷിക്കാന്‍ താലിബാന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കുക എന്ന വഴിയാണു മുന്നിലുണ്ടായിരുന്നത്' ജലാലാബാദിലെ അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥരിലൊരാള്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.
അതിനിടെ അഫ്ഗാന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ യുഎന്‍ രക്ഷാസമിതി ഉടന്‍ യോഗം ചേരുമെന്ന് റഷ്യ വ്യക്തമാക്കി. റഷ്യന്‍ വിദേശകാര്യമന്ത്രി സമീര്‍ കാബുലോവിനെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം റിപോര്‍ട് ചെയ്തത്.
Keywords: Afghanistan will have 'peaceful transfer of power', says interior minister, Kabul, Afghanistan, Attack, Media, Report, Trending, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.