Baby girl | സിറിയയില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ജനിച്ചു വീണ ആ 'അത്ഭുത കുഞ്ഞിന്' പേരായി, വീടും; കുടുംബാംഗങ്ങളെല്ലാം ഭൂകമ്പത്തില്‍ നഷ്ടപ്പെട്ടതോടെ ദത്തെടുക്കാന്‍ മുന്നോട്ട് വരുന്നത് നിരവധി പേര്‍
Feb 10, 2023, 14:17 IST
സിറിയ: (www.kvartha.com) സിറിയയില്‍ ഭൂകമ്പത്തെ തുടര്‍ന്ന് നിലംപൊത്തിയ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ജനിച്ചു വീണ കുഞ്ഞിന് പേരായി, വീടും. അത്ഭുത കുട്ടി എന്ന വിളിപ്പേര് വീണ കുഞ്ഞിന് അറബിയില്‍ അത്ഭുതം എന്ന് തന്നെ അര്‍ഥം വരുന്ന 'അയ' എന്നാണ് പേരിട്ടിരിക്കുന്നത്.
ദിവസങ്ങള്‍ക്ക് മുമ്പാണ് ഭൂകമ്പത്തില്‍ ഇടിഞ്ഞു വീണ വീടിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ പെട്ട ഗര്‍ഭിണി അവിടെ തന്നെ പ്രസവിച്ചത്. രക്ഷാ പ്രവര്‍ത്തകര്‍ കുടുംബത്തെ കണ്ടെത്തുമ്പോഴേക്കും അമ്മ മരിച്ചിരുന്നു. ഒപ്പം ഇവരുടെ ഭര്‍ത്താവും മറ്റ് മക്കളുമെല്ലാം മരണത്തിന് കീഴടങ്ങിയിരുന്നു.
കുഞ്ഞിന്റെ പൊക്കിള്‍ക്കൊടിപോലും അമ്മയില്‍ നിന്ന് അറ്റുവീണിരുന്നില്ല. എന്നാല്‍ കുഞ്ഞിന് ജീവനുണ്ടായിരുന്നു. ഈ കുഞ്ഞിനെയും കൈയിലെടുത്ത് രക്ഷാ പ്രവര്‍ത്തകര്‍ ഓടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഒരാള്‍ കുഞ്ഞുമായി ഓടുകയും മറ്റൊരാള്‍ ടര്‍കിയുമായി കുഞ്ഞിനെ പൊതിയാനെത്തുകയും വേറൊരാള്‍ വാഹനം ലഭ്യമാക്കാനായി ആവശ്യപ്പെടുന്നതുമായ വീഡിയോയാണ് പ്രചരിച്ചിരുന്നത്.
കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും ചികിത്സ നല്‍കുകയും ചെയ്തു. കുടുംബാംഗങ്ങളെല്ലാം മരിച്ചതിനാല്‍ താന്‍ അവളെ വളര്‍ത്തുമെന്ന് കുഞ്ഞിന്റെ പിതാവിന്റെ അമ്മാവന്‍ സലാഹ് അല്‍ ബന്ദ്രാന്‍ അറിയിച്ചു. അദ്ദേഹത്തിന്റെ വീടും ഭൂകമ്പത്തില്‍ തകര്‍ന്നുപോയിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹവും കുടുംബവും നിലവില്‍ ടെന്റിലാണ് താമസിക്കുന്നത്.
ആയിരക്കണക്കിന് പേരാണ് കുഞ്ഞിനെ ദത്തെടുക്കാന്‍ തയാറാണെന്ന് അറിയിച്ച് മുന്നോട്ടു വന്നത്. കുട്ടി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും കണ്ടെത്തിയതിനാല്‍ നിരവധി പരുക്കുകള്‍ കുട്ടിക്കുണ്ട്. ശ്വസന പ്രശ്‌നവും നേരിടുന്നുണ്ട്.
അതിശക്തമായ തണുപ്പത്ത് കിടക്കേണ്ടി വന്നതിനാലുള്ള ബുദ്ധിമുട്ടുകളും കുട്ടിക്കുണ്ട്. കുട്ടിയുടെ ശരീരം ചൂടാക്കികൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍. ചികിത്സിക്കുന്ന ഡോക്ടറുടെ ഭാര്യ അവരുടെ കുഞ്ഞിനൊപ്പം ഈ കുഞ്ഞിനെയും പാലൂട്ടുന്നു.
Keywords: Baby Born In Syria Earthquake Rubble Gets A Name And A New Home, Syria, News, Child, Earth Quake, Hospital, Treatment, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.