Detention | ഹമാസ് ബന്ധം ആരോപിച്ച് അറസ്റ്റ്; ഗവേഷക വിദ്യാര്‍ത്ഥിയായ ഇന്ത്യന്‍ പൗരനെ പുറത്താക്കാനുള്ള തീരുമാനം തടഞ്ഞ് യുഎസ് കോടതി


● സൂരിയുടെ വിസ റദ്ദാക്കിയ നടപടി കോടതി സ്റ്റേ ചെയ്തു.
● പലസ്തീൻ അവകാശങ്ങൾക്കായുള്ള പിന്തുണയാണ് അറസ്റ്റിന് കാരണമെന്ന് അഭിഭാഷകൻ വാദിച്ചു.
● വിദ്യാര്‍ഥി നേതാവ് മഹ്‌മൂദ് ഖലീലിനെ അറസ്റ്റ് ചെയ്യാനുപയോഗിച്ച അതേ നിയമവകുപ്പുകളാണ് ചുമത്തിയത്.
● എതിര്‍ സ്വരങ്ങളെ നിശബ്ദമാക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളുടെ ഭാഗമാണെന്ന് സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍.
വാഷിങ്ടണ്‍: (KVARTHA) അമേരിക്കയിലെ ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാര്‍ത്ഥിയായ ഇന്ത്യന്‍ പൗരനെ രാജ്യത്തുനിന്നും പുറത്താക്കാനുള്ള തീരുമാനം തടഞ്ഞ് യുഎസ് കോടതി. യുഎസിന്റെ ഇസ്രയേല്‍ അനുകൂല വിദേശനയത്തെ എതിര്‍ക്കുന്നുവെന്നും ഹമാസുമായി ബന്ധമുണ്ടെന്നും ആരോപിച്ചാണ് ഗവേഷക വിദ്യാര്‍ത്ഥിയായ ഡോ. ബദര്‍ ഖാന്‍ സൂരിയെ വീടിന് സമീപത്തുനിന്ന് തിങ്കളാഴ്ച രാത്രി പൊലീസ് അറസ്റ്റ് ചെയ്തത്.
പലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ബദര്‍ ഖാന്റെ അറസ്റ്റ് അദ്ദേഹത്തെ നിശബദമാക്കാനും അടിച്ചമര്‍ത്താനും വേണ്ടിയുള്ളതാണെന്നും അതുകൊണ്ടുതന്നെ ബദര്‍ ഖാന്‍ സൂരിയെ മോചിപ്പിക്കണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. കോടതിയില്‍ നിന്ന് ഇനിയൊരു ഉത്തവ് ഉണ്ടാകുന്നത് വരെ ബദര്‍ ഖാനെ രാജ്യത്ത് നിന്ന് പുറത്താക്കരുതെന്ന് വെര്‍ജീനിയയിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി പട്രീഷ്യ ടോളിവര്‍ ഗില്‍സ് ഉത്തരവിട്ടു. ഇദ്ദേഹത്തെ നാടുകടത്താനുള്ള നടപടികള്‍ ആരംഭിച്ചതിന് പിന്നാലെയാണ് കോടതിയുടെ ഇടപെടല്‍.
അതേസമയം, പോസ്റ്റ് ഡോക്ടറല്‍ ഫെലോ ആയ ബദര്‍ ഖാന്‍ സൂരിയുടെ വിദ്യാര്‍ഥി വിസ റദ്ദാക്കി. ഇദ്ദേഹത്തിന്റെ ഭാര്യ മെഫീസ് സാലഹ് യുഎസ് പൗരത്വമുള്ള പലസ്തീന്‍ വംശജയാണ്. സൂരിക്ക് ഹമാസ് ബന്ധമുണ്ടെന്നും സമൂഹമാധ്യമങ്ങളില്‍ ഹമാസ് അനുകൂല പ്രചാരണം നടത്തിയെന്നുമാണ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി അധികൃതര്‍ ആരോപിക്കുന്നത്. വെര്‍ജീനിയയില്‍നിന്ന് സൂരിയെ ടെക്‌സസിലെ ജയിലിലേക്ക് മാറ്റുമെന്നാണ് വിവരമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.
കൊളംബിയ സര്‍വകലാശാല ക്യാംപസില്‍ പലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം നല്‍കിയ വിദ്യാര്‍ഥി നേതാവ് മഹ്‌മൂദ് ഖലീലിനെ അറസ്റ്റ് ചെയ്യാനുപയോഗിച്ച അതേ നിയമവകുപ്പുകളാണ് സൂരിയുടെ പേരിലും ചുമത്തിയത്. ഹമാസ് അനുകൂലിയെന്നാരോപിച്ച് വിസ റദ്ദാക്കപ്പെട്ട കൊളംബിയ സര്‍വകലാശാല പിഎച്ച്ഡി വിദ്യാര്‍ഥിനിയായ ഇന്ത്യക്കാരി രഞ്ജിനി ശ്രീനിവാസന്‍ കഴിഞ്ഞയാഴ്ച സ്വയം യുഎസ് വിട്ടിരുന്നു.
ബദര്‍ ഖാന്‍ സൂരിയുടെ അറസ്റ്റിനെ തുടര്‍ന്ന് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയനും (എസിഎല്‍യു) നാടുകടത്തല്‍ നീക്കത്തിനെതിരെ ഹര്‍ജി നല്‍കിയിരുന്നു. ഭരണഘടനാവിരുദ്ധ നടപടിയാണ് സ്വീകരിച്ചതെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. ഒരാളെ അയാളുടെ രാഷ്ട്രീയ വീക്ഷണത്തിന്റെയും നിലപാടുകളുടെയും പേരില്‍ വീട്ടില്‍ നിന്നും വലിച്ചിറക്കി തടങ്കലില്‍ പാര്‍പ്പിക്കുന്നത് എതിര്‍ സ്വരങ്ങളെ നിശബ്ദമാക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളുടെ ഭാഗമാണെന്ന് സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ പ്രതികരിച്ചു.
'ഡോ. ബദര്‍ ഖാന്‍ സൂരി ഏതെങ്കിലും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി അറിയില്ല. അദ്ദേഹത്തെ തടങ്കലിലാക്കിയതിന് കാരണം ആരും വിശദീകരിച്ചിട്ടില്ല. ഇറാഖിലേയും അഫ്ഗാനിസ്ഥാനിലെയും സമാധാനം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗവേഷണം നടത്താനാണ് ബദര്‍ ഖാന്‍ എന്ന ഇന്ത്യന്‍ പൗരന്‍ അമേരിക്കയിലെത്തിയത്'- എന്ന് ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റി പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക, കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യൂ.
US court blocks the deportation of an Indian researcher, Badar Khan Suri, accused of Hamas ties. His arrest, linked to his support for Palestinian rights, sparked controversy. The court intervened after his visa was revoked, halting his removal.
#USCourt #Hamas #IndianResearcher #Deportation #PalestineRights #GeorgetownUniversity