Attack | 'ഈ യുദ്ധത്തിന്റെ കാരണക്കാരന്‍ ബെഞ്ചമിന്‍ നെതന്യാഹു'; സ്വന്തം പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തി ഇസ്രാഈലിലെ പ്രമുഖ പത്രം; ഹമാസ് ആക്രമണത്തിന് ശേഷം മൊസാദും ചോദ്യങ്ങളില്‍; രഹസ്യാന്വേഷണ വിഭാഗം എങ്ങനെ പരാജയപ്പെട്ടുവെന്ന് ലോകജനത; ഗസ്സയില്‍ പ്രത്യാക്രമണം ശക്തമാക്കി ഇസ്രാഈല്‍; അഭയാര്‍ഥി ക്യാംപിന് നേരെയും ബോംബാക്രമണം; തങ്ങള്‍ 'മനുഷ്യ മൃഗങ്ങളോടാണ്' പോരാടുന്നതെന്ന് പ്രതിരോധ മന്ത്രി

 


ടെല്‍ അവീവ്: (KVARTHA) ഇസ്രാഈല്‍ സമീപ കാലത്തൊന്നും നേരിട്ടില്ലാത്ത ശക്തമായ തിരിച്ചടിയാണ് ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിലൂടെ നേരിട്ടത്. പതിറ്റാണ്ടുകള്‍ക്കിടെ ഇസ്രാഈലിനെതിരെ ഫലസ്തീന്‍ സായുധ സംഘം നടത്തിയ ഏറ്റവും വലിയ ആക്രമണത്തില്‍ 800-ലധികം ഇസ്രാഈലികളാണ് കൊല്ലപ്പെട്ടത്. 2,200 ലധികം പേര്‍ക്ക് പരിക്കേറ്റു. പകരമായി ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 510 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 2,751 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയവും അറിയിച്ചു.
          
Attack | 'ഈ യുദ്ധത്തിന്റെ കാരണക്കാരന്‍ ബെഞ്ചമിന്‍ നെതന്യാഹു'; സ്വന്തം പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തി ഇസ്രാഈലിലെ പ്രമുഖ പത്രം; ഹമാസ് ആക്രമണത്തിന് ശേഷം മൊസാദും ചോദ്യങ്ങളില്‍; രഹസ്യാന്വേഷണ വിഭാഗം എങ്ങനെ പരാജയപ്പെട്ടുവെന്ന് ലോകജനത; ഗസ്സയില്‍ പ്രത്യാക്രമണം ശക്തമാക്കി ഇസ്രാഈല്‍; അഭയാര്‍ഥി ക്യാംപിന് നേരെയും ബോംബാക്രമണം; തങ്ങള്‍ 'മനുഷ്യ മൃഗങ്ങളോടാണ്' പോരാടുന്നതെന്ന് പ്രതിരോധ മന്ത്രി

പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം

അതേസമയം ഹമാസിന്റെ ആക്രമണത്തെ തുടര്‍ന്ന് ഇസ്രാഈല്‍ ഭരണ നേതൃത്വത്തിനും സുരക്ഷാ സംവിധാനങ്ങള്‍ക്കുമെതിരെ സ്വന്തം പൗരന്മാരില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. 50 വര്‍ഷത്തിനിടെ ഇസ്രാഈല്‍ പ്രദേശത്ത് നടന്ന ഏറ്റവും മാരകമായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ബെഞ്ചമിന്‍ നെതന്യാഹുവിനാണെന്ന് ഇസ്രാഈലിലെ പ്രമുഖ മാധ്യമമായ ഹാരെറ്റ്‌സ് കുറ്റപ്പെടുത്തി. ഇതുവരെ നൂറുകണക്കിന് ഇസ്രാഈലികളെ കൊലപ്പെടുത്തിയ ആക്രമണത്തിന് കാരണം ഇന്റലിജന്‍സ് പരാജയവും ഫലസ്തീനികളോടുള്ള ഇസ്രാഈല്‍ പ്രധാനമന്ത്രിയുടെ നയവുമാണെന്നും പ്രസിദ്ധീകരണം വിമര്‍ശിച്ചു.

'ഈ ഇസ്രാഈല്‍ - ഗാസ യുദ്ധത്തിന്റെ കാരണക്കാരന്‍ നെതന്യാഹുവാണ്' എന്ന തലക്കെട്ടില്‍ ഇസ്രാഈലിലെ മൂന്നാമത്തെ വലിയ പത്രമായ ഹാരെറ്റ്‌സ് പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് രൂക്ഷ വിമര്‍ശനമുള്ളത്. മൂന്ന് അഴിമതി കേസുകളില്‍ കുറ്റാരോപിതനായ നെതന്യാഹു ദേശീയ താത്പര്യങ്ങള്‍ക്ക് ഉപരിയായി തനിക്കെങ്ങനെ ജയില്‍ മോചിതനാകാമെന്ന കാര്യത്തിനാണ് മുന്‍ഗണന നല്‍കിയത്. അതിന്റെ ഭാഗമായാണ് തീവ്ര വലതുപക്ഷ സര്‍ക്കാര്‍ രൂപീകരിച്ചതും ജുഡീഷ്യല്‍ സംവിധാനത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചതും. സൈനിക, രഹസ്യാന്വേഷണ മേധാവികളെ ശത്രുക്കളായി കണ്ട് അവരെ ദുര്‍ബലപ്പെടുത്തുകയും ചെയ്തു. സമീപവര്‍ഷങ്ങളില്‍ ഇസ്രാഈലിന് മേല്‍ ഉയര്‍ന്നുവന്ന ഏറ്റവും വലിയ അപകടം ഇതായിരുന്നുവെന്ന തിരിച്ചറിവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും എഡിറ്റോറിയല്‍ പറയുന്നു.

പിടിച്ചടക്കലുകളും പുറത്താക്കലുകളും നയമാക്കുന്ന സര്‍ക്കാര്‍ രൂപീകരിക്കുകയും ബെസലേല്‍ സ്‌മോട്രിച്ച്, ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ എന്നിവരെ പ്രധാന സ്ഥാനങ്ങളില്‍ നിയമിക്കുകയും ചെയ്തപ്പോള്‍ പ്രധാനമന്ത്രി ഇസ്രാഈലിനെ ബോധപൂര്‍വം തള്ളിവിട്ട അപകടങ്ങള്‍ തിരിച്ചറിയുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടി. 2022-ല്‍ ധനകാര്യ മന്ത്രിയായി നിയമിതനായ വലതുപക്ഷ രാഷ്ട്രീയക്കാരനായ സ്‌മോട്രിച്ച്, ഫലസ്തീന്‍ രാഷ്ട്രത്വത്തെ എതിര്‍ത്തുകൊണ്ട് വിവാദം സൃഷ്ടിച്ചയാളാണ്. ഫലസ്തീന്‍ ചരിത്രമോ സംസ്‌കാരമോ ഇല്ലെന്നും ഫലസ്തീനിയന്‍ ജനത എന്നൊന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. അറബികള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയെന്ന ആരോപണം നേരിടുന്ന സുരക്ഷാ മന്ത്രിയാണ് ബെന്‍-ഗ്വിര്‍.

നെതന്യാഹുവിന്റെ വിദേശനയം ഫലസ്തീനികളുടെ അസ്തിത്വത്തെയും അവകാശങ്ങളെയും പരസ്യമായി അവഗണിച്ചുവെന്നും ഇസ്രാഈല്‍ പ്രധാനമന്ത്രി തന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുമെന്നും സൈന്യത്തിന്റെയും സൈനിക ഇന്റലിജന്‍സിന്റെയും ഷിന്‍ ബെറ്റ് സുരക്ഷാ സേവനത്തിന്റെയും തലയില്‍ കുറ്റം ചുമത്തുമെന്നും പത്രം പറഞ്ഞു.

മൊസാദും ചോദ്യങ്ങളില്‍

ശനിയാഴ്ച പുലര്‍ച്ചെ, ഗാസ മുനമ്പില്‍ നിന്ന് ആയിരക്കണക്കിന് റോക്കറ്റുകള്‍ ഇസ്രാഈലിന് നേരെ തൊടുത്തുവിടുകയും സായുധരായ ഡസന്‍ കണക്കിന് ഫലസ്തീന്‍ പോരാളികള്‍ ഗാസ മുനമ്പിനും ഇസ്രാഈലിനും ഇടയിലുള്ള കനത്ത സുരക്ഷയുള്ള അതിര്‍ത്തി കടക്കുന്നതില്‍ വിജയിക്കുകയും ചെയ്തപ്പോള്‍ ഇസ്രാഈലിന്റെ സുരക്ഷാ സംവിധാനങ്ങളെ കുറിച്ചുള്ള മേനിപറച്ചിലുകള്‍ക്കാണ് കോട്ടം സംഭവിച്ചത്.
ആഭ്യന്തര അന്വേഷണ ഏജന്‍സിയായ ഷിന്‍ ബെറ്റും വിദേശ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദും ശക്തരായ സൈന്യവും ഉണ്ടായിരുന്നിട്ടും ഈ ആക്രമണത്തെക്കുറിച്ച് ആര്‍ക്കും ഒരു സൂചന പോലും ഉണ്ടായിരുന്നില്ലെന്നത് ഇസ്രാഈലിനകത്തും, ലോകകമെമ്പാടും ചര്‍ച്ചയായി.

പശ്ചിമേഷ്യയിലെ ഏറ്റവും വിപുലവും വിഭവസമൃദ്ധവുമായ രഹസ്യാന്വേഷണ ഏജന്‍സി ഇസ്രാഈലിന്റേതാണെന്നാണ് പറയുന്നത്. ഫലസ്തീനിയന്‍ സംഘങ്ങള്‍ കൂടാതെ, ലെബനനിലും സിറിയയിലും മറ്റെല്ലായിടത്തും ഇസ്രാഈലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയുടെ ഏജന്റുമാരും വിവരദാതാക്കളും ഉണ്ട്.
മുന്‍കാലങ്ങളില്‍, ശത്രു സംഘങ്ങളിലെ നേതാക്കളെ വളരെ കൃത്യമായി കൊലപ്പെടുത്തിയിട്ടുമുണ്ട്, കൂടാതെ എല്ലാ ചലനങ്ങളെക്കുറിച്ചും ഉള്ളില്‍ വിവരമുണ്ട്. ഗസ്സയ്ക്കും ഇസ്രാഈലിനും ഇടയിലുള്ള അതിര്‍ത്തിയില്‍ ക്യാമറകള്‍, ഗ്രൗണ്ട് മോഷന്‍ സെന്‍സറുകള്‍, നിരന്തരമായ സൈനിക പട്രോളിംഗ് എന്നിവയാല്‍ ശക്തമായ വേലി കെട്ടിയിരിക്കുന്നു.

നുഴഞ്ഞുകയറ്റത്തിനുള്ള സാധ്യത കുറക്കുന്ന തരത്തില്‍ ചുമരുകളില്‍ മുള്ളുവേലികള്‍ ഉണ്ട്. എന്നാല്‍ ഹമാസ് പോരാളികള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഈ മതിലുകള്‍ തകര്‍ത്തു, കമ്പികള്‍ മുറിച്ചും കടല്‍ വഴിയും പാരാഗ്ലൈഡറുകളുടെ സഹായത്തോടെയും ഇസ്രാഈലിലേക്ക് പ്രവേശിച്ചു. അധികൃതരുടെ മൂക്കിന് താഴെയാണ് ഇത്രയും വലിയ തോതിലുള്ള ആക്രമണം നടന്നത്. അസാധാരണമായ സൈനിക നടപടിയാണ് ഹമാസ് സ്വീകരിച്ചിരിക്കുന്നതെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

1973 ഒക്ടോബറിലെ യോം കിപ്പൂര്‍ യുദ്ധത്തിന്റെ 50-ാം വാര്‍ഷികത്തില്‍ എങ്ങനെയാണ് സമാനമായ
ഈ ആക്രമണം ഉണ്ടായതെന്ന് ഇസ്രാഈലി മാധ്യമങ്ങളും പൗരന്മാരും തങ്ങളുടെ രാജ്യത്തിന്റെ സൈനിക-രാഷ്ട്രീയ നേതൃത്വത്തോട് ചോദിക്കുന്നു. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും 'ഈ ചോദ്യം വര്‍ഷങ്ങളോളം നിലനില്‍ക്കുമെന്നും' ആയിരുന്നു ഇസ്രാഈലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തത്.
കൂടാതെ സൈനിക രക്ഷാദൗത്യത്തിലൂടെയോ ചര്‍ച്ചകളിലൂടെയോ ബന്ദികളാക്കിയ സാധാരണക്കാരെ മോചിപ്പിക്കാനുള്ള വഴികളും ഇസ്രാഈലിന് കണ്ടെത്തേണ്ടതുണ്ട്.

തിരിച്ചടി ശക്തമാക്കി ഇസ്രാഈല്‍

അതിനിടെ പ്രത്യാക്രമണം ഇസ്രാഈല്‍ ശക്തമാക്കിയിട്ടുണ്ട്. ഗസ്സയിലെ ജബാലിയ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ നടത്തിയ വ്യോമാക്രമണത്തില്‍ ഡസന്‍ കണക്കിന് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭക്ഷണവും ഇന്ധനവും വിതരണം ചെയ്യുന്നത് അടക്കം തടഞ്ഞ് ഇസ്രാഈല്‍ ഗസ്സ മുനമ്പില്‍ സമ്പൂര്‍ണ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. പൂര്‍ണ ഉപരോധം പ്രഖ്യാപിച്ചപ്പോള്‍ ഇസ്രാഈല്‍ പ്രതിരോധ മന്ത്രി ഗസ്സയിലെ ഫലസ്തീനികളെ 'മനുഷ്യ മൃഗങ്ങള്‍' എന്നാണ് വിശേഷിപ്പിച്ചത്.

Keywords:  Benjamin Netanyahu,  Israel, Hamas, Palestine, World News, Malayalam News, Israel-Hamas War, Israel-Palestine War, Benjamin Netanyahu Blamed by Top Israel Newspaper in Scathing Attack.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia