Accidental Death | കുവൈതിലെ അപാര്‍ട് മെന്റിലുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ച നാലംഗ മലയാളി കുടുംബത്തിന്റെ മൃതദേഹങ്ങള്‍ തിങ്കളാഴ്ച രാവിലെ നാട്ടിലെത്തിക്കും
പോസ്റ്റുമോര്‍ടം നടപടിക്രമങ്ങള്‍ ശനിയാഴ്ച തന്നെ പൂര്‍ത്തിയാക്കിയിരുന്നു
അപകടം നടന്നത് നാട്ടില്‍ നിന്നും എത്തിയ ഉടന്‍
കുവൈത് സിറ്റി: (KVARTHA) അബാസിയയില്‍ വെള്ളിയാഴ്ച രാത്രിയുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ച നാലംഗ മലയാളി കുടുംബത്തിന്റെ മൃതദേഹങ്ങള്‍ തിങ്കളാഴ്ച രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കും. ഞായറാഴ്ച രാത്രി പത്തുമണിക്കുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ കേരളത്തിലേക്ക് കൊണ്ടുപോകും. ഉച്ചക്ക് ഒരുമണിക്ക് സബാഹ് ആശുപത്രിയില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. പോസ്റ്റുമോര്‍ടം നടപടിക്രമങ്ങള്‍ ശനിയാഴ്ച തന്നെ പൂര്‍ത്തിയാക്കിയിരുന്നു.
തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് മാത്യൂസിന്റെ അടുത്തബന്ധു അലക്‌സ് തോമസ് മുളയ്ക്കലും ബന്ധുക്കളും ചേര്‍ന്ന് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് തിരുവല്ല മെഡികല്‍ മിഷന്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റും. കുവൈതിലുള്ള സഹോദരി ഷീജയുടെ ഭര്‍ത്താവ് മോന്‍സി വിമാനത്തില്‍ ഒപ്പമുണ്ടാകും.
നീരേറ്റുപുറം മുളയ്ക്കല്‍ മാത്യൂസ് വി മുളയ്ക്കല്‍ (ജിജോ -42), ഭാര്യ ലിനി എബ്രഹാം (38), മക്കളായ ഐറിന്‍ (14), ഐസക് (9) എന്നിവരാണ് താമസസ്ഥലത്തുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചത്. ഷോര്‍ട് സര്‍ക്യൂട് മൂലം ഉണ്ടായ തീയില്‍ നിന്നുള്ള പുക ശ്വസിച്ചതാണ് മരണകാരണം. നാട്ടില്‍ നിന്നും അവധി കഴിഞ്ഞ് തിരികെയെത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് നാലംഗ കുടുംബത്തിന്റെ മരണം സംഭവിച്ചത്.
അബ്ബാസിയയില്‍ ഇവര്‍ താമസിച്ചിരുന്ന ഫ് ളാറ്റില്‍ ഷോര്‍ട് സര്‍ക്യൂട് മൂലം തീപിടിക്കുകയായിരുന്നു. സുഹൃത്തിന്റെ ഫ്ളാറ്റില്‍ നിന്നും ഭക്ഷണം കഴിച്ച് തിരികെ സ്വന്തം ഫ് ളാറ്റിലെത്തി ഉറങ്ങാന്‍ കിടന്നതായിരുന്നു നാലംഗ കുടുംബം. പിന്നീട് കാണുന്നത് മരിച്ചനിലയിലായിരുന്നു.
രണ്ടാം നിലയിലെ ഫ് ളാറ്റില്‍ തീ പടരുന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ എല്ലാ ഫ്ളാറ്റുകളിലും ചെന്ന് ആളുകളെ വിളിച്ച് പുറത്തിറങ്ങാന്‍ നിര്‍ദേശിച്ചിരുന്നതായി തുടക്കത്തില്‍ രക്ഷാ പ്രവര്‍ത്തനത്തിനുണ്ടായിരുന്ന സാമൂഹ്യപ്രവര്‍ത്തകര്‍ പറഞ്ഞു. മാത്യുവിന്റെ മുറിയിലും തട്ടി വിളിച്ചിരുന്നു. ഉറക്കത്തില്‍ നിന്നെഴുന്നേറ്റ മാത്യു മുറി തുറന്നതായും പെട്ടെന്ന് തന്നെ കുട്ടികളെ വിളിക്കാനോ മറ്റോ വീണ്ടും അകത്തേക്ക് പോവുകയാണുണ്ടായത് എന്നും ദൃക്സാക്ഷികളില്‍ ഒരാള്‍ പറഞ്ഞു.
വൈദ്യുതി നിലച്ചതിനാല്‍ അപാര്‍ട്‌മെന്റിലെ ലിഫ്റ്റ് പ്രവര്‍ത്തിച്ചിരുന്നില്ല. രാത്രി ആളുകള്‍ ഉറങ്ങുന്നതിനു മുന്‍പായതിനാലാണ് അപകടത്തിന്റെ വ്യാപ്തി കുറഞ്ഞതെന്നും അല്ലെങ്കില്‍ ഇതിലും വലിയ ദുരന്തത്തിന് കാരണമാകുമായിരുന്നു എന്നുമാണ് കെട്ടിടത്തിലെ താമസക്കാര്‍ പറയുന്നത്.
മക്കളുടെ സ്‌കൂള്‍ അവധിക്ക് നാട്ടിലേക്ക് വിമാനം കയറിയ മാത്യുവും കുടുംബവും നാല്പതു ദിവസത്തോളം നാട്ടില്‍ ചെലവഴിച്ച് വെള്ളിയാഴ്ചയാണ് കുവൈതില്‍ തിരിച്ചെത്തിയത്. ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ അദാന്‍ ആശുപത്രിയിലെ നഴ്സിങ് ജീവനക്കാരിയായ ലിനി എബ്രഹാം ഞായറാഴ്ച ജോലിക്ക് പോകാനിരിക്കുകയായിരുന്നു, റോയിറ്റേസില്‍ ഐടി വിഭാഗം ഉദ്യോഗസ്ഥനാണ് മാത്യു. ഐറിന്‍ അബ്ബാസിയ ഭവന്‍സ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയും ഐസക് നാലാം ക്ലാസ് വിദ്യാര്‍ഥിയുമാണ്.
മാത്യുവിന്റെയും കുടുംബത്തിന്റെയും വേര്‍പാടില്‍ കുവൈറ്റ് ഓഐസിസി നാഷനല്‍ കമിറ്റി ആദരാഞ്ജലി അര്‍പ്പിച്ചു, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി എന്നിവര്‍ കുവൈത്ത് ഓഐസിസി ഭാരവാഹികളുമായി ബന്ധപ്പെട്ടിരുന്നു. ഓഐസിസി കെയര്‍ യൂനിറ്റിന്റെ നേതൃത്വത്തിലാണ് മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നത്.