വര്‍ഷങ്ങള്‍ നീണ്ട കയ്‌പേറിയ നിയമപോരാട്ടത്തിന് അന്ത്യം; 'പോപ് രാജകുമാരി'ക്ക് പിതാവില്‍നിന്ന് സ്വാതന്ത്ര്യം, ജയിലില്‍ കഴിയുന്ന ഒരാളുടെ ഓര്‍മയാണ് ബ്രിട്‌നി എന്നിലുണര്‍ത്തിയതെന്ന് ഗായികയുടെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍
Sep 30, 2021, 12:36 IST
ലോസ് ആഞ്ചലസ്: (www.kvartha.com 30.09.2021) വര്‍ഷങ്ങള്‍ നീണ്ട കയ്‌പേറിയ നിയമപോരാട്ടത്തിന് അന്ത്യം കുറിച്ചുകൊണ്ട് പോപ് രാജകുമാരി എന്നറിയപ്പെടുന്ന ബ്രിട്‌നി സ്പിയേഴ്‌സിന് പിതാവില്‍നിന്ന് സ്വാതന്ത്ര്യം. നീണ്ട നിയമയുദ്ധത്തിനൊടുവില്‍ ഗായികയുടെ രക്ഷാകര്‍തൃ ചുമതലയില്‍ നിന്ന് പിതാവ് ജെയ്മി സ്പിയേഴ്‌സിനെ നീക്കിയതായി കോടതി ഉത്തരവ്. ഗായികയുടെ 'നല്ലതിനുവേണ്ടി' പിതാവിനെ ഉടന്‍തന്നെ രക്ഷാകര്‍തൃസ്ഥാനത്തുനിന്നും നീക്കി മറ്റൊരാള്‍ക്ക് ചുമതല നല്‍കാന്‍ ലോസ് ആഞ്ചലസ് ജഡ്ജി ബ്രെന്ദ പെന്നിയാണ് ഉത്തരവിട്ടത്.
പിതാവ് വളരെയധികം നിയന്ത്രിക്കുകയും മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുകയും ഇതൊക്കെ കരിയറിനെ തന്നെ ദോഷമായി ബാധിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് 39കാരിയായ അമേരികന്‍ പോപ് ഗായിക കോടതിയെ സമീപിച്ചത്. ബ്രിട്‌നി സ്പിയേഴ്‌സിന്റെ സമ്പത്തിന്റെ മേല്‍ യാതൊരു അവകാശവും പിതാവിന് ഉണ്ടായിരിക്കുന്നതല്ലെന്ന് കോടതി ഉത്തരവില്‍ പറയുന്നു. 13 വര്‍ഷങ്ങളായി ബ്രിട്‌നി സ്പിയേഴ്‌സിന്റ ജീവിതവും സംഗീത പരിപാടികളും ക്രമീകരിച്ചിരുന്നത് ജെയ്മി സ്പിയേഴ്‌സ് ആയിരുന്നു.
എല്ലായ്‌പോഴും ബ്രിട്‌നിയുടെ ഉടമസ്ഥന്‍ എന്ന നിലക്കാണ് ജെയ്മി പെരുമാറിക്കൊണ്ടിരുന്നതെന്നും ഇത് ബ്രിട്‌നിക്ക് ഏറെ മനപ്രയാസവും വേദനയും ഉണ്ടാക്കിയിരുന്നതായും ബ്രിട്‌നിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ഫയല്‍ ചെയ്ത പരാതിയില്‍ പറയുന്നു. തന്റെ സാമ്പത്തിക ലാഭത്തിനുവേണ്ടി മാത്രമാണ് ജെയ്മി സ്പിയേഴസ് പ്രവര്‍ത്തിച്ചിരുന്നത്. ബ്രിട്‌നി സ്പിയേഴ്‌സിന് സ്വന്തമായി അഭിഭാഷകനെ വെക്കാന്‍ പോലും അനുവദിച്ചിരുന്നില്ല.
മകളുടെ ഫോണ്‍കോളുകള്‍ വരെ ജെയ്മി ചോര്‍ത്തിയിരുന്നതായി വിശദീകരിക്കുന്ന ഡോക്യുമെന്ററികളും കഴിഞ്ഞാഴ്ച പുറത്തിറങ്ങിയിരുന്നു. കിടപ്പറയില്‍ ബ്രിട്‌നിയുടെ സംഭാഷണങ്ങളെല്ലാം റെകോര്‍ഡ് ചെയ്യുന്ന ഉപകരണവും ജെയ്മി രഹസ്യമായി സ്ഥാപിച്ചിരുന്നുവെന്നാണ് റിപോര്‍ട്. 'ജയിലില്‍ കഴിയുന്ന ഒരാളുടെ ഓര്‍മയാണ് ബ്രിട്‌നി എന്നിലുണര്‍ത്തിയത്' എന്ന് ഗായികയുടെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ' കണ്‍ട്രോളിങ് ബ്രിട്‌നി സ്പിയേഴ്‌സ്' എന്ന ഡോക്യുമെന്ററിയിലെ നിര്‍മാതാക്കളോടായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
അന്തിമവിധി പുറപ്പെടുവിച്ച കോടതിക്ക് പുറത്ത് 'ജെയ്മിയെ ജയിലിലടക്കൂ', 'ബ്രിട്‌നിയെ സ്വതന്ത്രയാക്കൂ' തുടങ്ങിയ പ്ലകാര്‍ഡുകളുമായി ബ്രിട്‌നിയുടെ നിരവധി ആരാധകരാണ് തടിച്ചുക്കൂടിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.