മോഷ്ടാവിനെ ബി എം ഡബ്യൂ കാര്‍ 'അകത്തിരുത്തി പൂട്ടി'; മോഷണവും അറസ്റ്റും എല്ലാം എളുപ്പമായിരുന്നു!

 


വാഷിംഗ് ടണ്‍: (www.kvartha.com 11.12.2016) സാങ്കേതിക വിദ്യയുടെ വികാസം പലരംഗങ്ങളിലും വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിനും ഇല്ലാതാക്കുന്നതിനും നൂതന സംവിധാനങ്ങളാണ് ഇപ്പോള്‍ എല്ലാ രംഗത്തും ഉപയോഗിച്ചുവരുന്നത്. പലകാര്യങ്ങളും സ്മാര്‍ട്ടായതോടെ സാധാരണ കള്ളന്മാരുടെ കാര്യങ്ങളും കഷ്ടത്തിലായി എന്നു തന്നെ പറയാം. ലോക്ക് ചെയ്യാതെ പാര്‍ക്ക് ചെയ്തിട്ടിരുന്ന ബി എം ഡബ്ല്യു (BMW 550i) കടത്തിക്കൊണ്ടുപോയ കള്ളനെ കാറിനകത്ത് നിന്ന് പുറത്തിറങ്ങാനാവാത്ത വിധം കുടുക്കിയ സംഭവമാണ് ഇനി പറയുന്നത്.
മോഷ്ടാവിനെ ബി എം ഡബ്യൂ കാര്‍ 'അകത്തിരുത്തി പൂട്ടി'; മോഷണവും അറസ്റ്റും എല്ലാം എളുപ്പമായിരുന്നു!

വാഷിംഗ് ടണിലെ സീറ്റില്‍ പോലീസ് വെബ് സൈറ്റാണ് ഇക്കാര്യം പോസ്റ്റ് ചെയ്തിരിക്കുന്നത്. കാര്‍ മോഷ്ടിക്കാനുറച്ച് സുഹൃത്തുക്കളുമൊത്ത് നട്ടപ്പാതിരനേരത്ത് കാറില്‍ കറങ്ങുകയാണ് 38കാരന്‍. കണ്ണില്‍കണ്ട പല കാറുകളും പലകാരണങ്ങളാല്‍ തൊട്ടില്ല. ഒടുവില്‍ ഒത്തുവന്നത് ഷെഡില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ബി എം ഡബ്യൂ തന്നെ. ലോക്ക് ചെയ്തിട്ടില്ല, താക്കോല്‍ കാറില്‍ തന്നെയുണ്ട്, ഓടിച്ചു പോയാല്‍ മതിയല്ലോ! തക്കം നോക്കി കള്ളന്‍ കാറോടിച്ചുപോയി.


തലേനാള്‍ കാര്‍ ഉടമയുടെ വിവാഹമായിരുന്നു. കാറോടിക്കാന്‍ നല്‍കിയ സുഹൃത്ത് താക്കോല്‍ കാറില്‍ വച്ച് മറന്നു. അതുകൊണ്ട് തന്നെ കള്ളന് കാര്യങ്ങള്‍ എളുപ്പമായി. പുലര്‍ച്ചെ 5 മണിയോടെ വാതില്‍ തുറന്നുനോക്കിയപ്പോള്‍ ഷെഡില്‍ രാത്രി വൈകി നിര്‍ത്തിയിട്ടിരുന്ന കാര്‍ കാണാനില്ല. ഉടന്‍ പോലീസിനെ വിവരമറിയിച്ചു. പോലീസ് ബി എം ഡബ്യു കമ്പനി അധികൃതരെ ബന്ധപ്പെട്ടു. അവര്‍ ട്രാക്കിംഗ് സിസ്റ്റത്തിലൂടെ കാര്‍ കണ്ടെത്തി പോലീസിന് വിവരം കൈമാറി. മറ്റാര്‍ക്കും തുറക്കാനാകാത്ത വിധം റിമോട്ട് സിസ്റ്റത്തില്‍ ഡോര്‍ ലോക്ക് ചെയ്തു. 5,45 ഓടെ പോലീസ് സംഘം കാര്‍ വളഞ്ഞു.

സ്റ്റാര്‍ട്ടില്‍ നിര്‍ത്തി ഡ്രൈവര്‍ സീറ്റില്‍ ഉറങ്ങുകയായിരുന്നു കള്ളന്‍. പോലീസ് ഉദ്യോഗസ്ഥര്‍ കള്ളനെ വിളിച്ചുണര്‍ത്തിയപ്പോള്‍ പുറത്തിറങ്ങി ഓടിരക്ഷപ്പെടാനും സാധിച്ചില്ല. കാര്‍ ഓടിച്ചു പോകാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. മെത്താംഫിറ്റമിന്‍ എന്ന മയക്കുമരുന്നും ഇയാളുടെ കൈവശമുണ്ടായിരുന്നു. കാര്‍ മോഷണത്തിനും മയക്കുമരുന്ന് കൈവശം വെച്ചതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

സെക്യൂരിറ്റി അലാമിനെയും മറ്റും നിശബ്ദമാക്കി കാര്‍ കടത്തിക്കൊണ്ടു പോകുന്ന സ്മാര്‍ട്ട് കള്ളന്മാര്‍ക്ക് ഇത്തരം സ്മാര്‍ട്ട് കാറുകള്‍ ഭീഷണി സൃഷ്ടിച്ചാല്‍ കാര്‍ മോഷണം ഇനി നടക്കാത്ത കാര്യമായി മാറും.



Summary: Car Thief Foiled By Police, Nap, Power Door Locks. A car thief awoke from a sound slumber Sunday morning to find he had been remotely locked inside a stolen BMW, just as Seattle police officers were bearing down on him
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia