വ്യോമാക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ഗസ്സയ്ക്ക് 'ജീവശ്വാസം'; ഭക്ഷണവും മരുന്നുകളുമായി യുഎന്‍ ട്രകുകള്‍

 



ഗസ്സ: (www.kvartha.com 22.05.2021) ഇസ്രാഈലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിനു പിന്നാലെ, വ്യോമാക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ഗസ്സയിലേക്ക് സഹായങ്ങള്‍ എത്തിത്തുടങ്ങി. ഗസ്സയിലേക്കുള്ള കരേം ഷാലോം പാത ഇസ്രാഈല്‍ വീണ്ടും തുറന്നതിനെ തുടര്‍ന്നാണ് മരുന്നുകള്‍, ഭക്ഷണം, ഇന്ധനം എന്നിവ അടങ്ങിയ യുഎന്‍ ട്രകുകള്‍ ഗാസയിലെത്തിയത്. 

ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെട്ട സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് സഹായം എത്തിച്ചത്. 
അതിനിടെ, പരിക്കേറ്റവരെ നീക്കം ചെയ്യുന്നതിന് ആരോഗ്യ ഇടനാഴി തുറക്കണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. 

ഗസ്സയിലെ ആശുപത്രികളടക്കം ഇസ്രാഈല്‍ തകര്‍ത്തിരുന്നു. ബാക്കിയുള്ള 13 ആരോഗ്യകേന്ദ്രങ്ങളാവട്ടെ പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇവിടേക്ക് അടിയന്തിരമായി മരുന്നുകളും ആരോഗ്യപ്രവര്‍ത്തകരും എത്തേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടനാ വക്താവ് മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു. 

വ്യോമാക്രമണത്തെ തുടര്‍ന്ന് വീടുവിട്ടുപോയ ആയിരക്കണക്കിന് ഫലസ്തീനികള്‍ സ്വന്തം വീടുകളില്‍ എത്തിത്തുടങ്ങിയതായി ബിബിസി റിപോര്‍ട് ചെയ്തു. വീടുകളിലേക്ക് തിരിച്ചു വന്നവരുടെ അവസ്ഥ ദയനീയമാണെന്ന് അല്‍ ജസീറ റിപോര്‍ട് ചെയ്തു. വെള്ളമോ വൈദ്യുതിയോ പാചകവാതകമോ ഇല്ലാതെ അങ്ങേയറ്റം ബുദ്ധിമുട്ടിലാണ് ഇവര്‍. അതിനിടെ, ഒരു ലക്ഷത്തോളം പേര്‍ വീടു വിട്ട് പോവേണ്ടിവന്നുവെന്നും ഇവരില്‍ എണ്‍പതിനായിരം പേര്‍ക്ക് പൈപ്പ് വെള്ളം കിട്ടാക്കനിയാണെന്നും യുനിസെഫ് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. 

വ്യോമാക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ഗസ്സയ്ക്ക് 'ജീവശ്വാസം'; ഭക്ഷണവും മരുന്നുകളുമായി യുഎന്‍ ട്രകുകള്‍


തകര്‍ന്ന ഗാസയുടെ പുനരുദ്ധാരണത്തിന് ഇനിയും ഏറെ കാലമെടുക്കുമെന്ന് ഗസ്സ അധികൃതര്‍ പറഞ്ഞു. കോവിഡ് കൂടി വ്യാപിച്ചിരിക്കെ, ഇതിനകം തകര്‍ന്നടിഞ്ഞ ഗസ്സയിലെ ജീവിതം പഴയപടിയാക്കാന്‍ കോടിക്കണക്കിന് ഡോളറുകള്‍ ആവശ്യമായി വരുമെന്നും ഹമാസ് അറിയിച്ചു. ഇസ്രായേല്‍ ആക്രമണത്തില്‍ ആയിരത്തിലേറെ വീടുകള്‍ തകര്‍ന്നതായും 1800 വീടുകള്‍ വാസയോഗ്യമല്ലാതായാതായും കഴിഞ്ഞ ദിവസം ഹമാസ് അറിയിച്ചിരുന്നു. 

രണ്ടാഴ്ച കൊണ്ടുണ്ടായ തകര്‍ച്ചയില്‍നിന്നും ഗസ്സ കരകയറണമെങ്കില്‍, വര്‍ഷങ്ങള്‍ എടുക്കുമെന്ന് റെഡ്ക്രോസ് മിഡില്‍ ഈസ്റ്റ് ഡയരക്ടര്‍ ഫബ്രിസിയോ കര്‍ബനി അറിയിച്ചു. 

ഇസ്രാഈല്‍ ആക്രമണങ്ങളില്‍ വീടില്ലാതായ ആയിരക്കണക്കിനാളുകള്‍ക്ക് അഭയസ്ഥാനം ഉണ്ടാക്കണമെന്ന് യു എന്‍ അഭയാര്‍ത്ഥി ഏജന്‍സി ആവശ്യപ്പെട്ടു. അടിയന്തിരമായി ഇതിന് 38 മില്യണ്‍ ഡോളര്‍ ആവശ്യമാണെന്നും സംഘടന വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 

Keywords:  News, World, International, Israel, Food, Drugs, UN, Help, Ceasefire holding as aid begins to arrive in Gaza
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia