Controversy | മേലുദ്യോഗസ്ഥയ്ക്ക് പ്രഭാതഭക്ഷണം വാങ്ങാന്‍ വിസമ്മതിച്ചതിന് ജീവനക്കാരിയെ പിരിച്ചുവിട്ടു! വിവാദമായതോടെ തിരിച്ചെടുത്ത് കമ്പനി
● ചൈനയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലാണ് സംഭവം.
● സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൻ ജീവനക്കാരി അനുഭവം പങ്കുവച്ചത്.
● സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതിഷേധം ഉണ്ടായി.
ബീജിംഗ്: (KVARTHA) മേലുദ്യോഗസ്ഥയ്ക്ക് പ്രഭാത ഭക്ഷണവും കാപ്പിയും വാങ്ങി നല്‍കാന്‍ വിസമ്മതിച്ച ജീവനക്കാരിയെ പിരിച്ചുവിട്ട് ചൈനീസ് കമ്പനി. ചൈനയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലാണ് സംഭവം. കമ്പനിയിലെ പുതിയ ജീവനക്കാരിയായ ലൂ എന്ന് പേരുള്ള യുവതിയെയാണ് എല്ലാ ദിവസവും രാവിലെ തന്റെ സൂപ്പര്‍വൈസര്‍ക്ക് ഒരു 'ഹോട്ട് അമേരിക്കനോയും ഒരു മുട്ടയും' കൊണ്ടുവരാന്‍ ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ ഭക്ഷണം കൊണ്ടുവരാന്‍ തയാറാകാഞ്ഞ ലൂവിനെ കമ്പനി പിരിച്ചുവിടുകയായിരുന്നു. ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഷിയഹോങ്ഷുവില്‍ ലൂ തന്റെ അനുഭവം പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
ലൂവിന്റെ സൂപ്പർവൈസർ ആയ ‘ലിയു’ ദിവസേനയുള്ള പ്രഭാതഭക്ഷണം പുതിയ ജീവനക്കാരിയായ ലൂവിനോട് ഓരോ ദിവസവും രാവിലെ ഒരു അമേരിക്കനോ, ഒരു മുട്ട, ചിലപ്പോള്‍ ഒരു കുപ്പി വെള്ളം എന്നിവ കൊണ്ടുവരണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാൽ ജീവനക്കാരി ഇത് വിസമ്മതിച്ചതോടെ ഇരുവർക്കുമിടയിൽ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. ഇത് തന്റെ ജോലിയുടെ ഭാഗമല്ലെന്ന് ലൂ വാദിച്ചു. തന്റെ ബോസിന്റെ വ്യക്തിഗത ആവശ്യങ്ങൾ നിറവേറ്റാൻ താൻ ബാധ്യസ്ഥനല്ലെന്ന് ലൂ വ്യക്തമാക്കി.
'എന്നെ പേഴ്സണല്‍ അസിസ്റ്റന്റായി നിയമിച്ചിട്ടില്ല, എന്നിട്ടും എല്ലാ ദിവസവും രാവിലെ ബോസ്സിന്റെ പ്രാതല്‍ ആവശ്യങ്ങള്‍ ഞാന്‍ കൈകാര്യം ചെയ്യുമെന്ന് എന്റെ ബോസ് പ്രതീക്ഷിച്ചു', ലൂ വിശദീകരിച്ചു. പ്രശ്നം എച്ച് ആർ വിഭാഗത്തിൽ ഉന്നയിച്ചപ്പോള്‍ ന്യായമായ പരിഹാരമുണ്ടാകുമെന്ന് ജീവനക്കാരി പ്രതീക്ഷിച്ചു. എന്നാൽ നഷ്ടപരിഹാരം ഒന്നും നൽകാതെ കമ്പനി പിരിച്ചുവിട്ടു.
എന്നാൽ ഈ തീരുമാനം സോഷ്യല്‍ മീഡിയയില്‍ കോളിളക്കം സൃഷ്ടിച്ചു, നെറ്റിസണ്‍സ് സ്ഥാപനത്തെ വിമര്‍ശിക്കുകയും സംഭവത്തെക്കുറിച്ച് ആഭ്യന്തര അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. ജീവനക്കാരിയോട് ഇത്തരത്തില്‍ പെരുമാറുന്നത് അംഗീകരിക്കാനാകില്ലെന്നും കമ്പനി നടപടിയെടുക്കണമെന്നും പലരും വാദിച്ചു. സംഭവം വിവാദമായതോടെ പൊതുജനങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെത്തുടര്‍ന്ന്, പിരിച്ചുവിട്ട ജീവനക്കാരിയെ തിരിച്ചെടുക്കാനും സൂപ്പര്‍വൈസറെ പിരിച്ചുവിടാനും സ്ഥാപനം തീരുമാനിച്ചു.
അനുചിതമായ പെരുമാറ്റത്തിന്റെ പേരില്‍ ലിയുവിനെ പുറത്താക്കിയതായി സ്ഥിരീകരിച്ച് കമ്പനി പ്രസ്താവന ഇറക്കി. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നടപടിയെടുക്കുമെന്ന് സ്ഥാപനം പൊതുജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി.
#China #employeeRights #workplaceharassment #socialmedia #viral #controversy