ഈജിപ്റ്റില്‍ പട്ടാളനിയമം വരുന്നു

 



ഈജിപ്റ്റില്‍ പട്ടാളനിയമം വരുന്നു
കെയ്‌റോ: ഏകാധിപത്യ ഭരണകൂടത്തിനെതിരെ ജനാധിപത്യ നടന്ന വിപ്ലവത്തിന്റെ അലയൊലികള്‍ അടങ്ങുന്നതിന് മുന്‍പ് ഈജിപ്റ്റില്‍ പട്ടാള ഭരണം വരുന്നു. പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്കെതിരെ പ്രക്ഷോഭം ശക്തമായതോടെയാണ് സര്‍ക്കാര്‍ പട്ടാളനിയമം നടപ്പാക്കാന്‍ തീരുമാനിച്ചത്. വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് ആണ്
 ഈജിപ്റ്റില്‍ പട്ടാളഭരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന് റിപ്പോര്‍ട്ട് ചെയ്തത്. പൗരന്‍മാരെ എപ്പോള്‍വേണമെങ്കിലും അറസ്റ്റ് ചെയ്യാന്‍ സൈന്യത്തിന് അധികാരം നല്‍കുന്നതാണ് പട്ടാളനിയമം.

ഇതേസമയം, പ്രതിസന്ധി പരിഹരിക്കാന്‍ ഇരുപക്ഷവും ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്നും രാജ്യം ഇരുട്ടിലേക്ക് പോകാന്‍ അനുവദിക്കില്ലെന്നും സൈനിക വക്താവ് ദേശീയ ടെലിവിഷനിലൂടെ അറിയിച്ചു. രാജ്യത്തിന്റെയും നിരപരാധികളായ ജനങ്ങളുടെയും താല്‍പര്യങ്ങളും പൊതു സ്ഥാപനങ്ങളും സുപ്രധാന കേന്ദ്രങ്ങളും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സായുധ സേന തിരിച്ചറിയുന്നു. സമവായത്തിനുള്ള ഏക മാര്‍ഗ്ഗം കൂടിയാലോചനയാണ്. അതിന് വിരുദ്ധമായതെന്തും അത്യാഹിതത്തില്‍ കലാശിക്കും. സൈന്യം അത് അനുവദിക്കില്ല-പ്രസ്താവന വ്യക്തമായ മുന്നറിയിപ്പ് നല്‍കി.

മുന്‍ പ്രസിഡന്റ് ഹോസ്‌നി മുബാറക്കിനെ ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കിയതിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങള്‍. വീണ്ടുമൊരു പ്രക്ഷോഭത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. എന്നാല്‍ അത് സംഭവിക്കില്ലെന്ന് ഭരണകക്ഷിയായ മുസ്ലിം ബ്രദര്‍ഹുഡും സൈന്യവും വ്യക്തമാക്കി. ക്രമസമാധാനം പാലിക്കാന്‍ സൈന്യത്തിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കാന്‍ മുര്‍സി ആലോചിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സൈന്യത്തിന്റെ ഈ രംഗപ്രവേശം.

പ്രതിപക്ഷം ചര്‍ച്ചയ്ക്കുള്ള മുര്‍സിയുടെ ക്ഷണം നിരാകരിച്ചിരിക്കുകയാണ്. മുര്‍സി അമിതാധികാരങ്ങള്‍ ഉപേക്ഷിക്കുകയും ഭരണഘടനാ ഹിതപരിശോധന നിറുത്തി വയ്ക്കുകയും ചെയ്യുന്നത് വരെ ചര്‍ച്ചയില്ല എന്നാണ് അവരുടെ നിലപാട്. ഇസഌമികവാദികള്‍ക്ക് മുന്‍തൂക്കമുള്ള നൂറംഗ ഭരണഘടനാ അസംബ്‌ളി തട്ടിക്കൂട്ടിയ ഭരണഘടന രാഷ്ട്രീയ സമവായത്തില്‍ നിന്ന് ഉരുത്തിരിഞ്ഞതല്ലെന്നും അത് സ്ത്രീകളുടെയും കുട്ടികളുടെയും ന്യൂനപക്ഷ ക്രിസ്ത്യാനികളുടെയുമൊന്നും അവകാശങ്ങളും മത, രാഷ്ട്രീയ സ്വാതന്ത്ര്യവും സംരക്ഷിക്കുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. അതിനിടെ ശരിയത്ത് നിയമപ്രകാരമുളള ഇസ്ലാമിക ഭരണഘടന രൂപീകരിക്കുമെന്ന് മുര്‍സി വ്യക്തമാക്കിയിരുന്നു.

Key Words:
Egypt , Military, Islamist president, Political fray, Secular forces, Government , Constitution ,President Mohammed Morsi , Muslim Brotherhood
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia