സാധാരണ മത്സ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി 8 ചിറകുകള്‍ ഉള്ള ദിനോസറുകളുടെ കാലഘട്ടത്തിലെ 'ജീവിക്കുന്ന ഫോസിലുകള്‍'; കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ ജീവിച്ചിരുന്നുവെന്നും പിന്നീട് വംശനാശം സംഭവിച്ചുവെന്നും ശാസ്ത്രലോകം കരുതിയ സീലകാന്ത് മത്സ്യത്തെ മഡഗാസ്‌കര്‍ തീരത്തിന് സമീപം കണ്ടെത്തി
May 19, 2021, 14:50 IST
മഡഗാസ്‌കര്‍: (www.kvartha.com 19.05.2021) കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ ജീവിച്ചിരുന്നുവെന്നും പിന്നീട് വംശനാശം സംഭവിച്ചുവെന്നും ശാസ്ത്രലോകം കരുതിയ സീലകാന്ത് മത്സ്യത്തെ മഡഗാസ്‌കര്‍ തീരത്തിന് സമീപം കണ്ടെത്തി. ജീവിക്കുന്ന ഫോസിലുകള്‍ എന്ന് ശാസ്ത്ര ലോകം വിശേഷിപ്പിക്കുന്ന ജീവിവര്‍ഗങ്ങളില്‍ ഉള്‍പെട്ട ഇവയെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മഡഗാസ്‌കര്‍ തീരത്തിനു സമീപത്ത് വെച്ചാണ് വീണ്ടും കണ്ടെത്തിയിരിക്കുന്നത്.
മഡഗാസ്‌കര്‍ തീരത്തുനിന്ന് വീണ്ടും സീലാകാന്ത് മത്സ്യങ്ങളെ കണ്ടെത്തിയത് ശാസ്ത്ര പ്രസിദ്ധീകരണമായ മൊംഗാബേ ന്യൂസ് ആണ് സ്ഥിരീകരിച്ചത്. സ്രാവുകളെ വേട്ടയാടുന്നതിനിടെയാണ് മത്സ്യത്തൊഴിലാളികള്‍ക്ക് സീലകാന്തിനെ ലഭിച്ചത്. കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ ജീവിച്ചിരുന്ന മത്സ്യവര്‍ഗം ഇന്നും തുടരുന്നു എന്നത് പരിണാമ പഠനത്തില്‍ വളരെ നിര്‍ണായകമായ കണ്ടെത്തലാണ്.
സാധാരണ മത്സ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി സീലകാന്തുകള്‍ക്ക് എട്ട് ചിറകുകള്‍ ആണുള്ളത്. കാലുകള്‍ക്ക് സമാനമായ നാല് ചിറകുകളുണ്ട്. ഇവയുടെ നീന്തലും നാല്‍ക്കാലികളുടെ ചലനവും തമ്മില്‍ ഏറെ സാമ്യമുണ്ടെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. സീലകാന്തുകളുടെ ബന്ധുക്കളില്‍ നിന്നാണ് ഉഭയജീവികള്‍ പരിണമിച്ചുണ്ടായതെന്ന് ശാസ്ത്രം അനുമാനിക്കുന്നു. ശരീരഭാരം 80 കിലോഗ്രാം വരുന്ന ഇവയ്ക്ക് രണ്ടു മീറ്ററോളം നീളം ഉണ്ടാകാറുണ്ട്. അത്യന്തം അപകടകരമായ വിധത്തില്‍ വംശനാശഭീഷണി നേരിടുകയാണ് സീലകാന്തുകളെന്നും ഇവയെ സംരക്ഷിക്കാന്‍ നടപടി വേണമെന്നും പരിസ്ഥിതി ശാസ്ത്രജ്ഞര്‍ വാദിക്കുന്നു.
ദിനോസറുകളുടെ കാലഘട്ടത്തില്‍ ജീവിച്ചതിനാല്‍ ഇവയെ ഡൈനോ ഫിഷ് എന്നും വിളിക്കാറുണ്ട്. ആറര കോടി വര്‍ഷം മുമ്പ് സീലകാന്ത് മത്സ്യങ്ങള്‍ ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമായി എന്നാണ് ശാസ്ത്രലോകം കരുതിയിരുന്നത്.
ദിനോസറുകളുടെ വംശത്തെ നശിപ്പിച്ച കാലാവസ്ഥാമാറ്റങ്ങള്‍ ഈ മത്സ്യങ്ങളെയും നശിപ്പിക്കാം എന്നായിരുന്നു നിഗമനം. 1938ലാണ് മഡഗാസ്‌കറിന് സമീപത്തുവച്ച് സീലകാന്ത് മത്സ്യങ്ങളെ വീണ്ടും കണ്ടെത്തുന്നത്. പിന്നീട് 1952ല്‍ മറ്റൊരു മത്സ്യത്തെ കൂടി കണ്ടെത്തി. അതിനുശേഷം എട്ടോളം തവണ പലയിടങ്ങളിലായി മത്സ്യങ്ങളെ കണ്ടെത്തിയതായി റിപോര്‍ട് ചെയ്തിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.