ഗൂഗിളിനൊപ്പം വാക്‌സിനെടുക്കാത്ത ജീവനക്കാര്‍ക്ക് 'പണികൊടുക്കാനൊരുങ്ങി' ഫേസ്ബുക്; ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവര്‍ക്ക് നിര്‍ബന്ധിത വര്‍ക് ഫ്രം ഹോം; അടുത്തത് പിരിച്ചുവിടല്‍ നടപടി
Jan 11, 2022, 17:01 IST
കാലിഫോര്‍ണിയ: (www.kvartha.com 11.01.2022) കോവിഡ് വ്യാപനവും ഒമിക്രോണ്‍ വ്യാപനവും നാള്‍ക്കുനാള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജീവനക്കാരെ ഓഫിസിലേക്ക് തിരികെ വിളിക്കുന്നത് വൈകിപ്പിച്ച് ഫേസ്ബുകിന്റെ മാതൃസ്ഥാപനമായ മെറ്റ. നേരത്തെ ജനുവരി 31 ന് ഓഫിസ് വീണ്ടും തുറക്കാന്‍ മെറ്റ പദ്ധതിയിട്ടിരുന്നുവെങ്കിലും ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇപ്പോഴത് മാര്‍ച് 28 ലേക്ക് നീട്ടിയിരിക്കയാണ്.
ഇതിന് മുന്നോടിയായി ഓഫിസിലെത്തുന്ന ജീവനക്കാരെല്ലാം ബൂസ്റ്റര്‍ വാക്‌സിന്‍ എടുത്തിരിക്കണമെന്നും കമ്പനി നിര്‍ബന്ധമാക്കി. നേരത്തെ ജീവനക്കാരെ ഓഫിസിലേക്ക് തിരികെ വരുത്താന്‍ തീരുമാനിച്ചിരുന്നുവെങ്കിലും വീട്ടില്‍ തന്നെ ജോലി തുടരാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനുള്ള അനുവാദം കമ്പനി നല്‍കിയിരുന്നു. നിലവില്‍ വര്‍ക് ഫ്രം ഹോം ചെയ്യുന്നവര്‍ക്ക് ഓഫിസില്‍ തിരികെയെത്താന്‍ മാര്‍ച്ച് 28 വരെ സമയം അനുവദിച്ചിട്ടുണ്ട്.
ഓഫിസില്‍ വരണോ, വീട്ടില്‍ തന്നെ തുടരണോ എന്ന് തീരുമാനിക്കാന്‍ കമ്പനി ജീവനക്കാര്‍ക്ക് മാര്‍ച്ച് 14 വരെ സമയവും നല്‍കിയിട്ടുണ്ട്. വീട്ടില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് സ്ഥിരമായി അത് തിരഞ്ഞെടുക്കാനും, താല്‍കാലികമായി വര്‍ക് ഫ്രം ഹോം തിരഞ്ഞെടുക്കാനും സാധിക്കും. ഒപ്പം ഓഫിസിലേക്ക് തിരിച്ചെത്തുന്നവരെല്ലാം കോവിഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടി വരും എന്നുമാത്രം.
ആരോഗ്യപരമായും മതപരമായുമുള്ള കാരണങ്ങളാല്‍ വാക്സിനെടുക്കാത്തവര്‍ സ്ഥിരമായി വര്‍ക് ഫ്രം ഹോം ചെയ്യുന്നതിനോ താല്‍കാലിക വര്‍ക് ഫ്രം ഹോമിനോ അപേക്ഷിക്കണം. ഈ നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരെ പിരിച്ചുവിടല്‍ ഉള്‍പെടെയുള്ള അച്ചടക്കനടപടികള്‍ സ്വീകരിക്കുമെന്നും കമ്പനി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
നേരത്തെ ഗൂഗിളും വാക്സിനെടുക്കാത്ത ജീവനക്കാര്‍ക്കെതിരെ ഇത്തരം കര്‍ശനമായ നടപടികളുമായി മുന്നോട്ടുപോയിരുന്നു. ജനുവരി 18 ഓടെ വാക്സിന്‍ സ്വീകരിച്ചില്ലെങ്കില്‍ 30 ദിവസത്തെ പെയ്ഡ് ലീവില്‍ പ്രവേശിക്കാനാണ് ഗൂഗിളിന്റെ നിര്‍ദേശം. അത് കഴിഞ്ഞാല്‍ ആറ് മാസത്തെ ശമ്പളമില്ലാത്ത അവധിയെടുക്കേണ്ടി വരും. തുടര്‍ന്നും വാക്സിനെടുത്തില്ലെങ്കില്‍ കമ്പനിയില്‍ നിന്ന് പുറത്താക്കുകയും ചെയ്യും.
Keywords: Facebook will require COVID-19 vaccine boosters for all in-person employees, New York, News, Business, Facebook, COVID-19, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.