16കാരി ഫലസ്തീനി പെണ്‍കുട്ടിക്ക് ഒന്നര ലക്ഷത്തോളം ഫോളോവേഴ്‌സ്; ഇപ്പോഴും ലൈവ്

 


ഫറയുടെ അപ്‌ഡേറ്റുകള്‍ക്ക് കാത്തിരിക്കുന്നത് ലോകമെമ്പാടുമുള്ള ജനലക്ഷങ്ങള്‍

ജറുസലേം: (www.kvartha.com 03.08.2014) ഫലസ്തീനിലെ ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന മനുഷ്യക്കുരുതിയുടെ ഭീകരത വിവരിച്ചുകൊണ്ടുള്ള 16 കാരിയുടെ ട്വിറ്റര്‍ പോസ്റ്റുകള്‍ ലോകശ്രദ്ധ നേടുന്നു. ഫറാ ബക്കര്‍ എന്ന ഗസയിലെ പെണ്‍കുട്ടിയാണ് ട്വിറ്ററിലൂടെ ഭീകരദൃശ്യങ്ങളും വിവരണങ്ങളും തത്സമയം ലോകത്തെ അറിയിക്കുന്നത്.

ഫറ ജൂലൈ 28ന് പോസ്റ്റു ചെയ്ത 'ഈ രാത്രി ഞാനും കൊല്ലപ്പെട്ടേക്കാം' എന്ന വികാരപരമായ ട്വീറ്റ് മാധ്യമങ്ങളില്‍ വന്‍ വാര്‍ത്ത ആയിരുന്നു. പിന്നീട് ഏതാനും  മണിക്കൂറുകള്‍ ഫറയുടെ ട്വീറ്റുകള്‍ വരാതിരുന്നത് ആശങ്കയ്ക്കിടയാക്കിയിരുന്നു.  എന്നാല്‍ 29ന് പുലര്‍ച്ചെ 05.06ന് ഫറ വീണ്ടും ട്വീറ്റുമായി രംഗത്തെത്തുകയായിരുന്നു.

'ആ രാത്രി ഞാന്‍ അതിജീവിച്ചു, ഞാനിപ്പോഴും ജീവിച്ചിരിക്കുന്നു. അല്‍ഹംദുലില്ലാഹ്' എന്ന സന്ദേശത്തോടുകൂടിയാണ് ഫറ വീണ്ടും ട്വിറ്ററില്‍ സജീവമായത്. അതിന് ശേഷം പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ തന്നെ അനുകൂലിച്ച എല്ലാവര്‍ക്കും അവള്‍ നന്ദി പറയുകയും സന്ദേശം അയക്കുന്നത് തടസപ്പെട്ടതില്‍ ക്ഷമ ചോദിക്കുകയും ചെയ്യുന്നു. തുടര്‍ന്നിങ്ങോട്ട് സന്ദേശങ്ങള്‍ മുടക്കമില്ലാതെ അയച്ചുകൊണ്ടിരിക്കുകയാണ് ഫറ. 28ന് ഫറ അയച്ച 'ഞാനും കൊല്ലപ്പെട്ടേക്കാമെന്ന' സന്ദേശത്തിന് ശേഷം പിറ്റേന്ന് തന്നെ സന്ദേശം അയച്ചുതുടങ്ങിയിരുന്നെങ്കിലും അത് മാധ്യമങ്ങള്‍ ശ്രദ്ധിച്ചില്ലെന്ന് വേണം കരുതാന്‍.

ലോകം ഫലസ്തീനിലെ കൂട്ടക്കുരുതിയുടെ നേര്‍ക്കാഴ്ചകള്‍ പലതും കണ്ടത് ഫറായുടെ ട്വീറ്റുകളിലും കൂടിയായിരുന്നു. അവളുടെ ട്വീറ്റുകളുടേയും ഫോട്ടോകളിലൂടെയും യുദ്ധത്തിന്റെ ഭീകരത നാടറിഞ്ഞു. അന്താരാഷട്ര മാധ്യമങ്ങള്‍ പോലും ഫറായുടെ ട്വീറ്റുകള്‍ ശ്രദ്ധിച്ചു.

'ഞാന്‍ സുരക്ഷിതയല്ല. ബോംബിംഗ് കാരണം എനിക്ക് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയുന്നില്ല. ഇപ്പോള്‍ ഇവിടെ ഇരുട്ടിലാണ് ഞങ്ങള്‍ കഴിയുന്നത്. നട്ടുച്ച വെളിച്ചം പോലെ ഞങ്ങളുടെ സമീപപ്രദേശത്ത് തീ ആളിക്കത്തുന്നു. ബോംബ് സ്‌ഫോടനങ്ങളും ഡ്രോണുകളുടെ ഭീകരശബ്ദവും മാത്രമാണ് ഞങ്ങളിപ്പോള്‍ കേള്‍ക്കുന്നത്. റോക്കറ്റുകള്‍ പതിക്കുമ്പോള്‍ ആറ് വയസുകാരിയായ എന്റെ അനുജത്തി കാതുകള്‍ പൊത്തുന്നു. അവള്‍ ഉച്ചത്തില്‍ നിലവിളിക്കുന്നു. എനിക്ക് 16 വയസായി. അതിനിടക്ക് മൂന്ന് യുദ്ധങ്ങള്‍ ഞാന്‍ കണ്ടു. ഏറ്റവും ഭീകരമായ യുദ്ധമാണ് ഇപ്പോഴത്തേത്'. മുമ്പൊരു ദിവസം ഫറാ ഇങ്ങനെ കുറിച്ചു.

ഫറായ്ക്ക് ആപത്തൊന്നും സംഭവിച്ചില്ലെന്ന വാര്‍ത്ത ലോക ജനതയ്ക്ക് ആശ്വാസം പകര്‍ന്നതിനൊപ്പം അവളുടെ ട്വിറ്ററിലെ ഫോളോവേഴ്‌സിന്റെ എണ്ണം 1,36,000 ആയി ഉയരുകയും ചെയ്തു. അവളുടെ ലൈവ് അപ്‌ഡേറ്റുകള്‍ പോലെത്തന്നെ ഫോളോവേഴ്‌സിന്റെ എണ്ണവും കൂടി വരികയാണ്.
16കാരി ഫലസ്തീനി പെണ്‍കുട്ടിക്ക് ഒന്നര ലക്ഷത്തോളം ഫോളോവേഴ്‌സ്; ഇപ്പോഴും ലൈവ്

ഫറയുടെ ചില ട്വീറ്റുകള്‍:







ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഫോട്ടോ വിവാദത്തില്‍

Keywords:  World, Murder, Twitter, Israel, attack, Army, Friends, Pray, Gaza, See, Bomb, House, Farah Baker, Sister, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia