മുഹമ്മദ് നഷീദ് അറസ്റ്റില്‍

 


മാലി: മാലദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിനെ അറസ്റ്റ് ചെയ്തു. മാലിയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നായിരുന്നു അറസ്റ്റ്. 2012 ജനുവരിയില്‍ പ്രസിഡന്റായിരിക്കെ ക്രിമിനല്‍ ചീഫ് ജഡ്ജി അബ്ദുള്ള മൊഹമ്മദിനെ കസ്‌റഡിയിലെടുക്കാന്‍ ഉത്തരവിട്ടുവെന്നതാണ് നഷീദിനെതിരായ കുറ്റം. അദ്ദേഹത്തെ നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് മാലി പോലീസ് അറിയിച്ചു.

അറസ്റ്റ് മുന്‍നിര്‍ത്തി കനത്ത പോലീസ് ബന്തവസിലായിരുന്നു അദ്ദേഹത്തിന്റെ വീടും പരിസരവും. നഷീദിന്റെ അനുയായികളും പോലീസും തമ്മില്‍ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടാകുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് നഷീദിനെ അറസ്റ്റ് ചെയ്യാന്‍ മാലി പോലീസ് നേരത്തെ ശ്രമിച്ചെങ്കിലും ഫെബ്രുവരി 13 ന് അദ്ദേഹം ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസില്‍ അഭയം തേടി രക്ഷപെടുകയായിരുന്നു. ഇന്ത്യ ഇടപെട്ട് നടത്തിയ അനുരഞ്ജന നീക്കങ്ങളെ തുടര്‍ന്നാണ് 11 ദിവസങ്ങള്‍ക്കു ശേഷം അദ്ദേഹം പുറത്തിറങ്ങിയത്.

മുഹമ്മദ് നഷീദ് അറസ്റ്റില്‍ കോടതിയുടെ വാറണ്ട് മടങ്ങിയതായും കോടതി തീരുമാനം വരും വരെ നഷീദിന് സ്വതന്ത്രമായി നടക്കാമെന്നുമായിരുന്നു മാലദ്വീപ് സര്‍ക്കാരിന്റെ അന്നത്തെ നിലപാട്. ഇതിനുശേഷമാണ് ബുധനാഴ്ച ഹാജരാകാന്‍ കോടതി അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. കോടതിയില്‍ ഹാജരാകാന്‍ തയാറെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

ധൂണിധൂ തടങ്കല്‍ കേന്ദ്രത്തിലേക്കാണ് നഷീദിനെ മാറ്റിയിരിക്കുന്നത്. പ്രാദേശിക സമയം നാളെ വൈകിട്ട് നാലു മണിക്കാണ് നഷീദിനെതിരായ കേസ് വാദം കേള്‍ക്കുക. നഷീദിനെതിരായ കേസ് പരിഗണിക്കുന്ന കോടതി അദ്ദേഹത്തിനെതിരേ മൂന്നാമതും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് മാലി പോലീസിന്റെ വിശദീകരണം.

മുഹമ്മദ് നഷീദ് അറസ്റ്റില്‍
കേസില്‍ ശിക്ഷിക്കപ്പെടുകയാണെങ്കില്‍ സെപ്റ്റംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് നഷീദിന് വിലക്ക് നേരിടും. കേസ് രഷ്ട്രീയ പ്രേരിതമാണെന്നാണ് നഷീദിന്റെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും ആരോപണം. മാലദ്വീപില്‍ ജനാധിപത്യ വ്യവസ്ഥയില്‍ അധികാരത്തിലെത്തിയ ആദ്യ പ്രസിഡന്റാണ് നഷീദ്. പിന്നീട് സൈന്യത്തിന്റെ സഹായത്തോടെ നടത്തിയ അട്ടിമറിയില്‍ അദ്ദേഹം പുറത്താകുകയായിരുന്നു.

SUMMARY: Male': Former Maldives President Mohamed Nasheed has been arrested from his residence in Male'. The arrest comes after a lower court issued a third arrest warrant against him.

Keywords: World news, Mohammed Nasheed, Faces, Charges, Illegally, Ordering, Military, Detain, Chief Criminal Judge, Abdulla Mohamed, Power, January 2012.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia