Imran Khan's Staff | മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ കിടപ്പുമുറിയില്‍ 'സ്‌പൈ ഡിവൈസ്' സ്ഥാപിക്കാന്‍ ശ്രമിച്ചതായി പരാതി; ജീവനക്കാര്‍ പിടിയില്‍
Jun 26, 2022, 16:39 IST
ഇസ്ലാമാബാദ്: (www.kvartha.com) മുന്‍ പാക് പ്രധാനമന്ത്രിയും പാകിസ്താന്‍ തെഹ്രികെ ഇന്‍സാഫ് (പിടിഐ) ചെയര്‍മാനുമായ ഇമ്രാന്‍ ഖാന്റെ കിടപ്പുമുറിയില്‍ 'സ്‌പൈ ഡിവൈസ്' സ്ഥാപിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഒരു ജീവനക്കാര്‍ പിടിയില്‍. സംഭവം മറ്റൊരു ജീവനക്കാരന്റെ ശ്രദ്ധയില്‍പെട്ടതോടെ ഇമ്രാന്റെ സുരക്ഷാ ചുമതലയുള്ള ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നുവെന്നാണ് വിവരം.
ഇമ്രാനെതിരെ വധഗൂഢാലോചന നടക്കുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെയാണ് ഇങ്ങനെയൊരു സംഭവവും അരങ്ങേറിയിരിക്കുന്നത്. ഇംറാന്‍ ഖാന്റെ ജീവന് ഭീഷണിയുള്ളതായി നേരത്തെ പിടിഐ അംഗങ്ങള്‍ ആരോപിച്ചിരുന്നു.
ബനി ഗാല നഗരത്തില്‍ നിന്നുള്ള ജീവനക്കാരനെ എതിരാളികള്‍ ഭീഷണിപ്പെടുത്തിയും പണം നല്‍കിയും വരുതിയിലാക്കുകയായിരുന്നുവെന്നും ഇമ്രാന്‍ ഖാനെതിരെ വധഗൂഢാലോചന നടക്കുന്നതായി പാകിസ്താന്‍ പ്രധാനമന്ത്രി ശഹബാസ് ശരീഫ് അടക്കമുള്ളവരെ അറിയിച്ചിട്ടും ഫലപ്രദമായ ഇടപെടല്‍ ഉണ്ടായില്ലെന്നും പിടിഐ നേതാവ് ശഹബാസ് ഗില്‍ ആരോപിച്ചു. ഇത്തരം ശ്രമങ്ങള്‍ക്ക് പിന്നില്‍ ശഹബാസ് ശരീഫ് ഭരണകൂടമാണെന്നതില്‍ തര്‍ക്കമില്ലെന്നും ശഹബാസ് ഗില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇമ്രാനെതിരെ ആക്രമണമോ അരുതാത്തത് എന്തെങ്കിലുമോ ഉണ്ടായാല്‍ പാകിസ്താനെതിരായ ആക്രമണമായി കണക്കാക്കുമെന്നും പ്രത്യാഘാതം ഭീകരമായിരിക്കുമെന്നും അനന്തരവന്‍ ഹസന്‍ നിയാസിയടക്കമുള്ളവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇമ്രാന്‍ ഖാന് വധഭീഷണിയുണ്ടെന്ന് സുരക്ഷാ ഏജന്‍സികള്‍ വ്യക്തമാക്കിയതായി മുന്‍ പാക് മന്ത്രി ഫവാദ് ചൗധരി കഴിഞ്ഞ എപ്രിലില്‍ പറഞ്ഞിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.