Gaza | ഭക്ഷണവും വെള്ളവുമില്ല; കഴിയുന്നത് ഇരുട്ടില്‍; ഗസ്സയില്‍ സ്ഥിതി ദയനീയം; ആശുപത്രികള്‍ നിറഞ്ഞു; മരുന്നുകള്‍ക്കും ക്ഷാമം; 'ആംബുലന്‍സുകള്‍ ആക്രമിച്ചു, ആരോഗ്യ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു'; മരണസംഖ്യ 770 കടന്നു; മരിച്ചവരില്‍ 140 കുട്ടികള്‍; ഉപരോധം നിയമവിരുദ്ധമെന്ന് യുഎന്‍

 


ഗസ്സ: (KVARTHA) ഇസ്രാഈല്‍ ഗസ്സയില്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തുകയും വൈദ്യുതി, വെള്ളം, ഭക്ഷണം, ഇന്ധനം എന്നിവയുടെ വിതരണം നിര്‍ത്തുകയും ചെയ്തതോടെ പ്രദേശത്തെ ജനങ്ങള്‍ ദുരിതത്തിലായി. ഭക്ഷണമോ വെള്ളമോ ഇല്ലാതെ പ്രയാസപ്പെടുകയാണ് ഫലസ്തീനികള്‍. വൈദ്യുതി ബന്ധവും വിച്ഛേദിച്ചതോടെ ഇരുട്ടിലാണ് രാത്രി കഴിച്ചുകൂട്ടുന്നത്. ശനിയാഴ്ച രാവിലെ ഹമാസ് ആക്രമണം ആരംഭിച്ചത് മുതല്‍, ഗസ്സയിലേക്കുള്ള ഭക്ഷണവും മരുന്നും ഉള്‍പ്പെടെ എല്ലാ അടിയന്തര വസ്തുക്കളും വിതരണം ചെയ്യുന്നത് നിര്‍ത്താന്‍ ഇസ്രാഈല്‍ തീരുമാനിക്കുകയായിരുന്നു.
       
Gaza | ഭക്ഷണവും വെള്ളവുമില്ല; കഴിയുന്നത് ഇരുട്ടില്‍; ഗസ്സയില്‍ സ്ഥിതി ദയനീയം; ആശുപത്രികള്‍ നിറഞ്ഞു; മരുന്നുകള്‍ക്കും ക്ഷാമം; 'ആംബുലന്‍സുകള്‍ ആക്രമിച്ചു, ആരോഗ്യ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു'; മരണസംഖ്യ 770 കടന്നു; മരിച്ചവരില്‍ 140 കുട്ടികള്‍; ഉപരോധം നിയമവിരുദ്ധമെന്ന് യുഎന്‍

ഭൂമിയിലെ ഏറ്റവും ജനസാന്ദ്രതയുള്ള സ്ഥലങ്ങളിലൊന്നായ ഗാസയില്‍ 362 ചതുരശ്ര കിലോമീറ്റര്‍ (140 ചതുരശ്ര മൈല്‍) വിസ്തൃതിയുള്ള കരയില്‍ രണ്ട് ദശലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്നുണ്ട്. കിഴക്കും വടക്കും ഇസ്രാഈല്‍, തെക്ക് ഈജിപ്ത്, പടിഞ്ഞാറ് മെഡിറ്ററേനിയന്‍ കടല്‍ എന്നിവയാണ് അതിര്‍ത്തി. ഗസ്സ ഹമാസിന്റെ കൈവശമാണെങ്കിലും വ്യോമമേഖലയും തീരപ്രദേശവും ഇസ്രാഈലിന്റെ നിയന്ത്രണത്തിലാണ്. എന്താണ് ഇവിടെ വരേണ്ടതെന്നും ഇവിടെ നിന്ന് എന്ത് പോകണമെന്നും തീരുമാനിക്കുന്നത് ഇസ്രാഈലാണ്. ഇസ്രാഈലിനെ കൂടാതെ ഈജിപ്ത്തിന്റേയും ഉപരോധം ഗസ്സ നേരത്തെ തന്നെ നേരിടുന്നുണ്ട്. അതിനിടെയാണ് സമ്പൂര്‍ണ ഉപരോധം കൂടി പ്രഖ്യാപിച്ചിരിക്കുന്നത്.

സൈനിക വര്‍ധനവും ഉപരോധവും 141 ചതുരശ്ര മൈല്‍ വിസ്തൃതിയുള്ള പ്രദേശത്ത് സ്ഥിതിഗതികള്‍ വഷളാക്കുകയാണ്. പരുക്കേറ്റവരെ ഉള്‍ക്കൊള്ളാനാവാത്ത സ്ഥിതിയിലാണ് ആശുപത്രികള്‍. ഗസ്സയിലെ ആരോഗ്യ സൗകര്യങ്ങള്‍ തകര്‍ച്ചയുടെ വക്കിലാണെന്ന് ഗാസയിലെ മുതിര്‍ന്ന ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ലാബുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ മരുന്നുകള്‍, മെഡിക്കല്‍ സപ്ലൈസ് തുടങ്ങിയവയുടെ കുറവുണ്ടെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ മേധത് അബ്ബാസിയെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

'ഞങ്ങളുടെ ശേഷി 2,000 കിടക്കകള്‍ മാത്രമാണ്. മരുന്നിന്റെ കുറവ് നേരിടുന്നു. ഒരു മാസത്തേക്കുള്ള ഗുളികള്‍ ഒരു ദിവസം കൊണ്ട് തീരുന്നു. സ്ഥിതി വളരെ മോശമാണ്. ഇസ്രാഈല്‍ അഞ്ച് ആംബുലന്‍സുകള്‍ ആക്രമിക്കുകയും അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും ചെയ്തു. ആരോഗ്യ വിദഗ്ധര്‍ക്ക് മാറാന്‍ സുരക്ഷിതമായ മാര്‍ഗമില്ല', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ശനിയാഴ്ച മുതല്‍ ഗാസ മുനമ്പില്‍ ഇസ്രാഈല്‍ നടത്തുന്ന ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 770 ആയി. 4,000 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ 140 കുട്ടികളും 120 സ്ത്രീകളുമുണ്ടെന്ന് മന്ത്രാലയ വക്താവ് പറഞ്ഞു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ശനിയാഴ്ച മുതല്‍ കുറഞ്ഞത് 18 പേര്‍ കൊല്ലപ്പെടുകയും 100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും ദരിദ്രമായ സ്ഥലങ്ങളില്‍ ഒന്നാണ് ഗസ്സ മുനമ്പ്. 2007-ല്‍ ഹമാസ് പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതിനുശേഷം ഇസ്രാഈലും ഈജിപ്തും നടത്തിയ ഉപരോധം ഗസ്സയില്‍ പ്രതിഫലനമുണ്ടാക്കി. ഈ മേഖല ഏകദേശം 46% തൊഴിലില്ലായ്മയും യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 60% ഉം അനുഭവിക്കുന്നുണ്ടെന്ന് കഴിഞ്ഞ മാസം ലോക ബാങ്ക് റിപ്പോര്‍ട്ട് കണ്ടെത്തി. നേരെമറിച്ച്, ഇസ്രാഈലിലെയും യുഎസിലെയും തൊഴിലില്ലായ്മ നിരക്ക് നാല് ശതമാനത്തില്‍ താഴെയാണ്.

മന്ദഗതിയിലുള്ള സമ്പദ്വ്യവസ്ഥ ഭക്ഷണവും മരുന്നും പോലുള്ള അവശ്യ സാധനങ്ങളുടെ രൂക്ഷമായ ക്ഷാമത്തിന് വഴിവെച്ചു. ഗസ്സ മുനമ്പിലെ ഓരോ അഞ്ച് ആളുകളില്‍ മൂന്നിലധികവും ഭക്ഷ്യസുരക്ഷയില്ലാത്തവരാണ്, അതായത് ആരോഗ്യകരമായ ജീവിതത്തിന് ആവശ്യമായ ഭക്ഷണത്തിന്റെ സ്ഥിരമായ ലഭ്യത അവര്‍ക്ക് ഇല്ലെന്ന് ഐക്യരാഷ്ട്രസഭയുടെ റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സി ഓഗസ്റ്റില്‍ പറഞ്ഞിരുന്നു. ഇസ്രാഈലും ഹമാസും തമ്മിലുള്ള സംഘര്‍ഷം പുതിയ തലത്തിലേക്ക് എത്തിയത് ഗസ്സ മുനമ്പില്‍ താമസിക്കുന്ന ഫലസ്തീനികള്‍ നേരിടുന്ന ദാരുണമായ അവസ്ഥയെ കൂടുതല്‍ വഷളാക്കുമെന്ന് മനുഷ്യാവകാശ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു.

അതിനിടെ ദുരന്തബാധിത പ്രദേശത്ത് ഒരു മാനുഷിക ഇടനാഴി സൃഷ്ടിക്കണമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. സമ്പൂര്‍ണ ഉപരോധം വളരെ മോശമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് യുനിസെഫ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്രാഈലിന്റെ ഹമാസിന്റെ ആക്രമണത്തെ അപലപിച്ച ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കാര്യങ്ങളുടെ തലവന്‍ അന്താരാഷ്ട്ര നിയമമനുസരിച്ച് ഇസ്രാഈല്‍ ഏര്‍പ്പെടുത്തിയ ഉപരോധം 'നിയമവിരുദ്ധമാണ്' എന്ന് പറഞ്ഞു.

Keywords: Israel, Hamas, Palestine, Gaza, World News, Malayalam News, Israel-Palestine War, Israel-Hamas-War, Gaza hospitals overwhelmed.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia